ഓരോ നായകന്മാരും ഓരോ ശൈലിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. എംഎസ് ധോണിയുടെ തന്ത്രപരമായ ക്യാപ്റ്റന്‍സി ശൈലിയല്ല വിരാട് കോലിയുടേത്. കോലിയില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു രോഹിത് ശര്‍മ. ഓരോ നായകന്മാരും അവരുടെ കാഴ്ചപ്പാടിനനുസരിച്ച് ടീമിനെ മാറ്റുമ്പോള്‍ ഒരു നായകന് കീഴില്‍ തിളങ്ങിയ താരത്തിന് മറ്റൊരു നായകന് കീഴില്‍ അധികം അവസരം ലഭിച്ചേക്കില്ല. ഇത് നായകന്റെ തീരുമാനമനുസരിച്ചിരിക്കും.
വിരാട് കോലി നായകനായിരിക്കെ ഗംഭീര പ്രകടനത്തോടെ വിശ്വസ്തരായിരുന്ന ചില താരങ്ങള്‍ക്ക് രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ചപ്പോള്‍ കരിയറില്‍ പിന്നോട്ട് പോകേണ്ടി വന്നു. ഇത്തരത്തില്‍ കോലിക്ക് കീഴില്‍ കളിച്ച് മിന്നിക്കുകയും രോഹിത്തിന് കീഴില്‍ ഫ്‌ളോപ്പാവുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?. ഒന്നാമത്തെ താരം മായങ്ക് അഗര്‍വാളാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായിരുന്നു മായങ്ക്. വിദേശ പര്യടനങ്ങളിലടക്കം കളിച്ചിട്ടുള്ള മായങ്ക് ഇന്ത്യന്‍ പിച്ചിലാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.
44.12 ശറാശരിയില്‍ ടെസ്റ്റില്‍ തിളങ്ങിയ മായങ്ക് വിരാട് കോലിക്ക് കീഴില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തിയതോടെ മായങ്കിന് പഴയ മികവ് ആവര്‍ത്തിക്കാനായില്ല. രോഹിത്തിന് കീഴില്‍ 7 ടെസ്റ്റില്‍ നിന്ന് 18.57 ശരാശരിയില്‍ 130 റണ്‍സാണ് മായങ്ക് നേടിയത്.സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാതെ വന്നതോടെ താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമായി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിസരത്ത് പോലും മായങ്കിന് സ്ഥാനമില്ല.
റിഷഭ് പന്താണ് മറ്റൊരു താരം. റിഷഭ് പന്തിനെ സൂപ്പര്‍ താരമാക്കി മാറ്റിയത് വിരാട് കോലിയാണ്. എംഎസ് ധോണി കളമൊഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേക്ക് റിഷഭിനെ കൂടുതല്‍ പിന്തുണച്ചത് കോലിയാണ്. ടെസ്റ്റിലടക്കം ഗംഭീര പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും റിഷഭ് മിന്നിച്ചു. കോലിയുടെ പിന്തുണ റിഷഭിന്റെ കരിയറിന്റെ ഉയര്‍ച്ചക്ക് വളരെ നിര്‍ണ്ണായകമായിട്ടുണ്ട്.

ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതും വിരാട് കോലിയുടെ ടെസ്റ്റ് നിരയുടെ മികവിലാണ്. കോലിയുടെ അഭാവത്തില്‍ ഒരു തവണ രഹാനെയാണ് ഇന്ത്യയെ നയിച്ച് പരമ്പര നേട്ടത്തിലേക്കെത്തിയതെങ്കിലും കോലി വളര്‍ത്തിയ ടീമായിരുന്നു അത്.
എന്നാല്‍ രോഹിത്തിന് കീഴില്‍ റിഷഭിന് പഴയമികവില്ല. കാര്‍ അപകടത്തിന്റെ വലിയ ഇടവേളക്ക് ശേഷം തിരിച്ചെത്താന്‍ റിഷഭിന് സാധിച്ചിട്ടുണ്ടെങ്കിലും പഴയ മികവിലേക്കെത്താനായിട്ടില്ല. കെ എല്‍ രാഹുലാണ് മറ്റൊരു താരം. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം സ്ഥാനം കല്‍പ്പിച്ചിരുന്ന താരമാണ് രാഹുല്‍.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന രാഹുല്‍ മികച്ച പ്രകടനമാണ് കോലിക്ക് കീഴില്‍ കാഴ്ചവെച്ചത്. കോലിക്ക് കീഴില്‍ 44ന് മുകളില്‍ ശരാശരിയിലാണ് രാഹുല്‍ ടെസ്റ്റ് കളിച്ചിരുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തും വലിയ പരിഗണന രാഹുലിന് കോലി നല്‍കി. എന്നാല്‍ രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായപ്പോള്‍ രാഹുലിന് പഴയ മികവ് കാട്ടാനായില്ല. ഇടക്കിടെ പരിക്ക് വേട്ടയാടിയതും മോശം ഫോമും രാഹുലിനെ പിന്നോട്ടടിച്ചു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ അഭിവാജ്യ ഘടകമാണ് രാഹുലെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയായി. രോഹിത്തിന് കീഴില്‍ രാഹുലിന്റെ കരിയര്‍ താഴോട്ടാണ് പോയിരിക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയ സ്പിന്‍ ഓള്‍റൗണ്ടറാണ്. വിരാട് കോലി നായകനായി ഇരിക്കവെയാണ് സുന്ദറിന് കൂടുതല്‍ അവസരം നല്‍കുന്നത്. വിദേശ ടെസ്റ്റിലടക്കം സുന്ദര്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നു. എന്നാല്‍ രോഹിത് ശര്‍മക്ക് കീഴില്‍ അധികം അവസരം സുന്ദറിന് ലഭിച്ചില്ല.
ഇപ്പോള്‍ പതിയെ തിരിച്ചുവരാന്‍ സുന്ദര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോലിക്ക് കീഴിലെ മികവ് രോഹിത്തിന് കീഴില്‍ ആവര്‍ത്തിക്കാന്‍ സുന്ദറിന് സാധിച്ചില്ലെന്നതാണ് വസ്തുത. യുസ് വേന്ദ്ര ചഹാലാണ് മറ്റൊരു താരം. കോലിക്ക് കീഴില്‍ ഗംഭീര പ്രകടനം നടത്തിയിരുന്ന ചഹാല്‍ രോഹിത്തിന് കീഴില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോലും ചഹാലിന് ഇടമില്ല.