മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് പതിയെ കടക്കുകയാണ്. ഇന്ത്യയുടെ നിലവിലെ പല സീനിയര്‍ താരങ്ങളും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്കെല്ലാം ഉത്തമ പകരക്കാരനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ആതിഥേയരായതിനാല്‍ ഇന്ത്യ വലിയ കിരീട പ്രതീക്ഷയിലാണ്.
ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യന്‍ ടീമില്‍ ഉടച്ചുവാര്‍ക്കലുണ്ടാവുമെന്ന് നിസംശയം പറയാം. ലോകകപ്പിന് ശേഷം രോഹിത് ശര്‍മയെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള സാധ്യതകളുണ്ട്. നിലവില്‍ ഇന്ത്യയുടെ നായകനാണ് രോഹിത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികവുകാട്ടുന്നുണ്ടെങ്കിലും സമീപകാലത്തെ പരിമിത ഓവര്‍ പരമ്പരകളിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഓപ്പണറായി അധികനാള്‍ മുന്നോട്ട് പോവുക പ്രയാസം.

രോഹിത് പടിയിറങ്ങിയാല്‍ അദ്ദേഹത്തെപ്പോലെ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നവരും ഓപ്പണിങ്ങിലേക്ക് പരിഗണിക്കാവുന്നതുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ ഓപ്പണറായി തുടര്‍ന്നേക്കും. പെട്ടെന്നൊന്നും താരത്തിന്റെ ഓപ്പണിങ് സീറ്റ് തെറിക്കില്ല. എന്നാല്‍ രോഹിത്തിനെപ്പോലെ തുടക്കം മുതല്‍ കത്തിക്കയറുന്നവനല്ല ഗില്‍. ക്ലാസിക് ശൈലിയില്‍ നിലയുറപ്പിച്ച് കളിക്കുന്നവനാണ് ഗില്‍. അതുകൊണ്ടുതന്നെ കത്തിക്കയറുന്ന ഓപ്പണറെയാണ് രോഹിത്തിന്റെ പകരക്കാരനായി ഇന്ത്യക്കാവശ്യം.
യശ്വസി ജയ്‌സ്വാളാണ് ഇതിലെ മുന്‍നിരക്കാരന്‍. ഭയമില്ലാതെ തല്ലിത്തകര്‍ക്കുന്ന താരത്തിന് ഇന്ത്യ ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനം നല്‍കിക്കഴിഞ്ഞു. അധികം വൈകാതെ പരിമിത ഓവര്‍ ടീമിലും ജയ്‌സ്വാളിന് ഓപ്പണര്‍ സ്ഥാനം ലഭിച്ചേക്കും. രോഹിത്തിന്റെ അതേ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് ജയ്‌സ്വാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാളിന്റെ വെടിക്കെട്ട് മികവ് ഐപിഎല്ലിലൂടെ എല്ലാവരും കണ്ടിട്ടുള്ളതാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായി സ്ഥിരതയോടെ മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ഈ മികവ് ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് ഉപയോഗിക്കാവുന്ന ഓപ്പണറാണ് ജയ്‌സ്വാള്‍. നിലയുറപ്പിച്ച് കളിക്കാനും ആക്രമിച്ച് കളിക്കാനും ശേഷിയുള്ള താരം ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. താരത്തിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള തുടക്കം മികച്ചതാണ്.
രണ്ടാമത്തെ താരം പൃഥ്വി ഷായാണ്. അടുത്ത സെവാഗ് എന്ന വിശേഷണത്തോടെ വളര്‍ന്ന പൃഥ്വിയുടെ കരിയര്‍ അപ്രതീക്ഷിതമായാണ് താഴോട്ട് പോയത്. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയെ ചാമ്പ്യനാക്കിയ നായകനാണ് പൃഥ്വി. ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്തിയ പൃഥ്വി ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുകയും ചെയ്തു. എന്നാല്‍ പരിമിത ഓവറില്‍ അവസരം ലഭിച്ചപ്പോള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടു.
കൂടാതെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നതും ഫിറ്റ്‌നസില്‍ ശ്രദ്ധ നല്‍കാതിരുന്നതുമെല്ലാം അദ്ദേഹത്തെ പിന്നോട്ടടിച്ചു. എന്നാല്‍ പൃഥ്വിയെ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. 23കാരനായ താരത്തിന് കൂടുതല്‍ പിന്തുണ നല്‍കിയാല്‍ ഓപ്പണിങ്ങില്‍ സൂപ്പര്‍ ഹീറോയായി മാറാന്‍ കഴിവുണ്ട്. ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് പൃഥ്വിയുടേത്. രോഹിത് ശര്‍മയെപ്പോലെ ചെറിയ പന്തുകളില്‍ മത്സരഫലത്തെ മാറ്റാന്‍ പൃഥ്വി ഷാക്ക് കഴിവുണ്ട്.
റുതുരാജ് ഗെയ്ക്‌വാദിനെ രോഹിത്തിന്റ പകരക്കാരനായി കാണാനാവില്ല. ഐപിഎല്ലില്‍ കസറുന്നുണ്ടെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി മത്സരത്തെ മാറ്റിമറിക്കാന്‍ റുതുരാജിന് കഴിവില്ല. ഇന്ത്യ റിഷഭ് പന്തിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നതും മികച്ച നീക്കമായിരിക്കും. നേരത്തെ ഇന്ത്യ റിഷഭിനെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് വിജയം കണ്ടില്ല. പക്ഷെ ക്ലിക്കായാല്‍ രോഹിത്തിനെക്കാളും മികച്ച ഓപ്പണറായി മാറാന്‍ പ്രതിഭയുള്ളവനാണ് റിഷഭെന്ന് പറയാം.