മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ മാത്രം പരിഗണിച്ചുള്ള ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതുകൊണ്ടുതന്നെ സമീപകാലത്ത് മികവുകാട്ടിയ യുവതാരങ്ങളെയെല്ലാം ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റുതുരാജ് ഗെയ്ക്‌വാദാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞു.
ഏഷ്യന്‍ ഗെയിംസ് സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 8വരെയാണ് നടക്കുന്നത്. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള ഒരാളെ പോലും ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഇന്ത്യ പരിഗണിച്ചിട്ടില്ല. ഇന്ത്യ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് തഴഞ്ഞതോടെ ചില താരങ്ങളുടെ ലോകകപ്പ് ടീമിലിടം നേടാനുള്ള സാധ്യത ഉയര്‍ന്നു. ഇത്തരത്തില്‍ ലോകകപ്പ് സീറ്റു പ്രതീക്ഷ ഉയര്‍ന്ന ഇന്ത്യന്‍ താരങ്ങളെ പരിശോധിക്കാം.
ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ഏകദിന, ടി20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരകളില്‍ സഞ്ജുവിനും സീറ്റുണ്ട്. പ്ലേയിങ് 11 ഉള്‍പ്പെടാനും സാധ്യതകളേറെയാണ്. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ തഴഞ്ഞിരിക്കുകയാണ്.
ഏഷ്യന്‍ ഗെയിംസില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഏകദിന ലോകകപ്പില്‍ റിഷഭ് പന്തുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭിന് ഏകദിന ലോകകപ്പിന് മുമ്പായി ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കുക പ്രയാസമായിരിക്കും. അങ്ങനെ വന്നാല്‍ ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും വിളിയെത്തിയേക്കും. കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ കീപ്പറായാല്‍ ഇഷാന്‍ കിഷന്‍, സഞ്ജു എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക.

എന്തായാലും ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവും ഉള്‍പ്പെടുമെന്ന വ്യക്തമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. അജിത് അഗാര്‍ക്കര്‍ തലവനായുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നു. രണ്ടാമത്തെ താരം ഉമ്രാന്‍ മാലിക്കാണ്. ഇന്ത്യയുടെ അതിവേഗ പേസറായ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. ടീമിന്റെ ലോകകപ്പ് പദ്ധതികളില്‍ ഉമ്രാന് സ്ഥാനമുണ്ടാവുമെന്ന വലിയ സൂചനയാണ് ഇത് നല്‍കുന്നത്.
ബാക്കപ്പ് താരമായെങ്കിലും ഉമ്രാന്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമാവാനാണ് സാധ്യത. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പിന്തുണച്ചേക്കും. അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് പരിഗണിച്ചതോടെ താരം ലോകകപ്പ് കളിക്കാനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഉമ്രാന്‍ മാലിക്ക് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണെന്ന് പറയാം.
മൂന്നാമത്തെ താരം ആര്‍ അശ്വിനാണ്. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന് നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇടമുള്ളത്. മികച്ച ഫോമില്‍ കളിക്കുന്ന അശ്വിനെ ഏഷ്യന്‍ ഗെയിംസ് ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം പല മുന്‍ താരങ്ങളും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഇന്ത്യ സീനിയര്‍ താരങ്ങളെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല.
നിലവില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ഉള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായുണ്ട്. സമീപകാലത്തെ പ്രകടനം വിലയിരുത്തി അശ്വിനെ ഇന്ത്യ ലോകകപ്പില്‍ പിന്തുണക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്.