ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട സമയത്തിലൂടെയാണ് ടീം കടന്നുപോകുന്നത്. ഈ വര്‍ഷത്തോടെ വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ സ്ഥിരം നായകനായ രോഹിത് ശര്‍മ അധികം വൈകാതെ പടിയിറങ്ങിയേക്കും. പകരം ആ സ്ഥാനത്ത് ആരെന്ന ചോദ്യത്തിന് മുന്നില്‍ ഇന്ത്യക്ക് പല ഉത്തരങ്ങളുമുണ്ട്. പരിമിത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെന്നാണ് ആ ചോദ്യത്തിന്റെ നിലവിലെ ഉത്തരം.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. തൊട്ടടുത്ത സീസണില്‍ ഫൈനലും കളിപ്പിച്ചു. ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ മികവ് എല്ലാവരും തിരിച്ചറിയുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക്കിനാണ് ലഭിക്കുന്നത്. എന്നാല്‍ വിദേശ പര്യടനത്തില്‍ ഹാര്‍ദിക്കിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഹാര്‍ദിക്കിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ ടി20 പരമ്പര തോറ്റു. കൂടാതെ ഹാര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. എന്നാല്‍ ഹാര്‍ദിക്കിനെത്തന്നെ സ്ഥിരം നായകനാക്കി മുന്നോട്ട് പോകാനാണ് നിലവിലെ ഇന്ത്യയുടെ പദ്ധതി. പക്ഷെ നായകനാവുമ്പോള്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനെക്കാള്‍ ഇന്ത്യക്ക് ആവശ്യം ഹാര്‍ദിക് എന്ന ഓള്‍റൗണ്ടറുടെ മികവാണ്.
ഹാര്‍ദിക്കിനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് ടി20യിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ജസ്പ്രീത് ബുംറയാണ് ഒന്നാമത്തെയാള്‍. പരിക്കിനെത്തുടര്‍ന്ന് ഉണ്ടായ നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയാണ് ബുംറ. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ബുംറയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ബുംറ.

ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും ബുംറയുടെ പ്രകടനത്തെ അത് പ്രതികൂലമായി ബാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ മാറ്റി ബുംറയെ ഇന്ത്യക്ക് നായകനാക്കാവുന്നതാണ്. സീനിയര്‍ താരമായ ബുംറ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും നിര്‍ണ്ണായക താരമാണ്. മുംബൈയുടെ അടുത്ത നായകനായി വരാന്‍ സാധ്യതയുള്ള താരമാണ് ബുംറ. അതുകൊണ്ടുതന്നെ ബുംറയെ ഇന്ത്യക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.
രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിന് ടി20യില്‍ തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കും. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. ഇതിനോടകം ടി20യില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സി സൂര്യക്ക് ലഭിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യകുമാര്‍ യാദവ് രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ചിട്ടുണ്ട്. നായകസ്ഥാനം സൂര്യകുമാറിനെയും പ്രതികൂലമായി ബാധിക്കുന്നില്ല.
ഇന്ത്യയുടെ ടി20 ടീമില്‍ ഒഴിച്ചുകൂടാനാവാത്ത താരമാണ് സൂര്യ. നല്ല അനുഭവസമ്പത്തും സൂര്യക്ക് അവകാശപ്പെടാം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നതും മികച്ച തീരുമാനമായിരിക്കും. റിഷഭ് പന്താണ് മൂന്നാമന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് നിലവില്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ടീമിന് പുറത്താണ്. ഇപ്പോള്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തി വരുന്ന താരം അടുത്ത വര്‍ഷം ആദ്യം ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.
ഇന്ത്യ ഇതിനോടകം നായകസ്ഥാനം നല്‍കിയിട്ടുള്ള താരമാണ് റിഷഭ്. എന്നാല്‍ വലിയൊരു മികവ് കാട്ടാന്‍ സാധിച്ചിരുന്നു. പക്ഷെ നായകസ്ഥാനം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നില്ല. ഭയമില്ലാതെ ബാറ്റുചെയ്യാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും റിഷഭിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ റിഷഭ് മടങ്ങി വരുമ്പോള്‍ ഇന്ത്യക്ക് അദ്ദേഹത്തെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. ടി20യില്‍ സീറ്റുറപ്പുള്ള താരമാണ് റിഷഭ് പന്ത്. അതുകൊണ്ടുതന്നെ നായകസ്ഥാനം ധൈര്യത്തോടെ നല്‍കാം.