മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഓസ്ട്രേലിയയോടും തോറ്റിരുന്നു. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദമാണ് പരിശീലകനായ ഗൗതം ഗംഭീറിനും നായകനായ രോഹിത് ശര്‍മക്കും മുന്നിലുള്ളത്. അതുകൊണ്ടുതന്നെ വരുന്ന പരമ്പരകള്‍ സ്വന്തമാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്.
എവേ മത്സരമാണിത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ പുതിയ നായകനെയടക്കം ഇന്ത്യ കൊണ്ടുവരുമെന്നുറപ്പാണ്. മോശം ഫോമിലുള്ള രോഹിത് ശര്‍മയെ മാറ്റി ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കിയാവും ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് പോവുകയെന്നാണ് വിവരം. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നഷ്ടമായ ഇന്ത്യക്ക് വരുന്ന സീസണില്‍ എന്ത് വിലകൊടുത്തും കപ്പടിക്കേണ്ടതായുണ്ട്.
അതിന് ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് നേടിയെടുക്കണം. നിലവിലെ ഇന്ത്യയുടെ പല താരങ്ങളും വിദേശ പര്യടനങ്ങളില്‍ ശോഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ ചില താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഇത്തരത്തില്‍ ഇന്ത്യക്കായി ഈ വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം നടത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സായ് സുദര്‍ശന്‍
ഇന്ത്യ തീര്‍ച്ചയായും ടെസ്റ്റിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സായ് സുദര്‍ശന്‍. ഇടം കൈയന്‍ ടോപ് ഓഡര്‍ താരമായ സായ് സുദര്‍ശന്‍ തകര്‍ത്തടിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ശേഷിയുള്ളവനാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യ എ ടീമിനൊപ്പം സെഞ്ച്വറി പ്രകടനം നടത്താന്‍ സായിക്കായിരുന്നു. ഓപ്പണറായി രോഹിത് ശര്‍മ ഇല്ലാത്ത പക്ഷം യശ്വസി ജയ്സ്വാളിനൊപ്പം സായ് സുദര്‍ശനെ ഇന്ത്യക്ക് കളിപ്പിക്കാം.
രോഹിത് ശര്‍മ കളിച്ചാല്‍ മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശനെ കളിപ്പിക്കാം. എന്തായാലും ഇന്ത്യക്ക് ടോപ് ഓഡറിലേക്ക് സായിയെ കൊണ്ടുവരാവുന്നതാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള സായിക്ക് ഇന്ത്യന്‍ പിച്ചുകളിലും മികച്ച കരിയര്‍ സൃഷ്ടിക്കാനാവും. അടുത്ത സൂപ്പര്‍ താരമായി വളരാന്‍ ശേഷിയുള്ള സായിക്ക് ഇന്ത്യ അടുത്ത ഇംഗ്ലണ്ട് പര്യടനത്തിലൂടെ അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നുറപ്പാണ്.

അര്‍ഷ്ദീപ് സിങ്
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഏറെ നാളായുള്ള പ്രശ്നമാണ് മികച്ച ഇടം കൈയന്‍ പേസറുടെ അഭാവം. ടി നടരാജന്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പരിക്കേറ്റതോടെ ഈ പ്രതീക്ഷ അസ്തമിച്ചു. ഇതിന് ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിരുന്നില്ല. ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യയുടെ പേസ് കരുത്തിന്റെ ശക്തി കുറക്കുകയാണ്. ഇത് മനസിലാക്കാന്‍ ഇന്ത്യയുടെ പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ഇപ്പോള്‍ സാധിക്കുന്നുണ്ട്.
ഇക്കാരണത്താല്‍ത്തന്നെ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വളര്‍ത്തിയേക്കും. പരിമിത ഓവറില്‍ ഇന്ത്യയുടെ നിര്‍ണ്ണായക ബൗളറാണ് അര്‍ഷ്ദീപ്. ടി20യില്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കനായ അര്‍ഷ്ദീപ് അധികം വൈകാതെ ടെസ്റ്റ് ടീമിലേക്കെത്തുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം അര്‍ഷ്ദീപ് സിങ്ങുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ ഭാവി ഉള്ളവനാണ് അര്‍ഷ്ദീപെന്ന് തന്നെ വിലയിരുത്താം.
റിയാന്‍ പരാഗ്
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്താന്‍ സാധ്യതയുള്ള മറ്റൊരു താരമാണ് റിയാന്‍ പരാഗ്. മധ്യനിരയില്‍ തിളങ്ങാന്‍ ശേഷിയുള്ള പരാഗ് സ്പിന്നറെന്ന നിലയിലും ടീമിന് ഗുണം ചെയ്യും. സര്‍ഫറാസ് ഖാനെക്കാളും ഇന്ത്യക്ക് ഉപകാരിയായി മാറുന്ന താരമാണ് പരാഗ്. അതുകൊണ്ടുതന്നെ ഇന്ത്യ റിയാന്‍ പരാഗിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. സമ്മര്‍ദ്ദ സാഹചര്യത്തിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പരാഗിന് സാധിക്കും. ആഭ്യന്തര ക്രിക്കറ്റിലൂടെ ഇതിനോടകം ടെസ്റ്റിലെ മികവ് തെളിയിക്കാന്‍ പരാഗിന് സാധിച്ചിട്ടുണ്ട്.