ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പേസര്‍മാരിലൊരാളാണ് ന്യൂസീലന്‍ഡുകാരനായ ക്രിസ് മാര്‍ട്ടിന്‍. 2000ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുകയും 2013ഓടെ കളമൊഴിയുകയും ചെയ്ത പേസര്‍ തന്റെ അതിവേഗംകൊണ്ടാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തിയതോടെ പ്രതീക്ഷിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയര്‍ നീണ്ടില്ല. വാലറ്റത്തെ ഫ്രീ വിക്കറ്റായിരുന്നു ക്രിസ് മാര്‍ട്ടിന്‍.
ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനത്തോടെ തിളങ്ങാന്‍ ക്രിസ് മാര്‍ട്ടിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനായി 71 വിക്കറ്റും അദ്ദേഹം വീഴ്ത്തി. എംഎസ് ധോണിയുടെ വിക്കറ്റ് നേടിയിട്ടുള്ള ബൗളറാണ് മാര്‍ട്ടിന്‍. ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞ ശേഷം ബൗളിങ് പരിശീലകനായി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും താരം ശ്രദ്ധ നല്‍കിയത് ബിസിനസിലാണ്. പൊതുവേ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം വലിയ സാമ്പത്തിക അടിത്തറയുണ്ടാവും.
ക്രിക്കറ്റ് കരിയര്‍ അവസാനിക്കുമ്പോഴും കോടികളുടെ ആസ്തിയുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കും. ക്രിസിനും മോശമല്ലാത്ത സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളായിരുന്നവര്‍ ക്രിക്കറ്റിനോട് ചേര്‍ന്ന് മാത്രം മുന്നോട്ട് പോകാതെ വേറിട്ട് വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ക്രിസിന്റെ തിയറി. അതുകൊണ്ടുതന്നെ വിരമിച്ച ശേഷം പലചരക്ക് കച്ചവടത്തിലാണ് അദ്ദേഹം ശ്രദ്ധ നല്‍കിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം പദ്ധതിയിട്ടിരുന്നു.
ബേക്കറിയും പലചരക്ക് സാധനങ്ങളും ഉള്‍പ്പെടുന്ന ചെറിയ കടയായാണ് തുടക്കം. പിന്നീടത് വലിയ ബിസിനസ് സംരഭമായി മാറി. 2019ന് ശേഷം 10ഓളം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിനായി. ബിസിനസ് നടത്തുന്നത് സന്തോഷമാണെന്നും എല്ലാത്തരം ആളുകളോടും സന്തോഷത്തോടെ പെരുമാറാനാണ് ആഗ്രഹിക്കുന്നതെന്നും വലിയ സൗഹൃദ ബന്ധം ഇപ്പോഴുണ്ടെന്നുമാണ് ക്രിസ് പറയുന്നത്. ക്രിക്കറ്റ് താരമായിരുന്നപ്പോഴെ ബിസിനസ് മനസിലുണ്ടായിരുന്നു.

വിരമിച്ച ശേഷവും ക്രിക്കറ്റിനോട് ചേര്‍ന്നുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. കമന്റേറ്ററായോ പരിശീലകനായോ ഒട്ടുമിക്ക താരങ്ങളും ക്രിക്കറ്റിനൊപ്പം നില്‍ക്കും. എന്നാല്‍ ക്രിക്കറ്റിനൊപ്പം തുടര്‍ന്നു പോവുക എന്നതിലുപരിയായി ബിസിനസില്‍ വളരുകയെന്നതാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായി മാറാന്‍ സാധിക്കുവെന്നും ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് പറഞ്ഞു.
കണ്ടര്‍ബുറെ വിസാര്‍ഡ്‌സ് ടീമിനൊപ്പമായിരുന്നു ക്രിസിന്റെ കരിയര്‍ ആരംഭിച്ചത്. കൗണ്ടി ക്രിക്കറ്റിലും മികവുകാട്ടിയതോടെയാണ് ക്രിസ് കിവീസ് ടീമിലേക്കെത്തിപ്പെട്ടത്. യോര്‍ക്കറുകള്‍ എറിയാന്‍ മിടുക്കുകാട്ടിയാണ് അദ്ദേഹം ഉയര്‍ന്നുവരുന്നത്. ക്രിസ് വിരമിക്കുമ്പോള്‍ ന്യൂസീലന്‍ഡിനായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ മൂന്നാമത്തെ താരമായിരുന്നു അദ്ദേഹം. കരിയറില്‍ നേടിയ റണ്‍സിനെക്കാള്‍ കൂടുതല്‍ വിക്കറ്റ് നേടിയ അപൂര്‍വ്വം താരങ്ങളിലൊരാളാണ് ക്രിസ്.
30 ടെസ്റ്റ് കളിച്ചരില്‍ ക്രിസിനും ഭഗവത് ചന്ദ്രശേഖറിനും മാത്രമാണ് ഇത്തരമൊരു റെക്കോഡുള്ളത്. ടെസ്റ്റില്‍ 36 തവണയാണ് അദ്ദേഹം ഡെക്കായത്. കിവീസിന്റെ മാര്‍ട്ടിന്‍ ക്രൗവിനോട് അടുത്ത സൗഹൃദം ക്രിസിനുണ്ടായിരുന്നു. 71 ടെസ്റ്റില്‍ നിന്ന് 233 വിക്കറ്റും 21 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റും 6 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് ക്രിസിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റ് താരമായാല്‍ എല്ലാക്കാലവും ക്രിക്കറ്റിനൊപ്പം മാത്രം നടക്കരുതെന്നും വ്യത്യസ്തമായ സന്തോഷങ്ങള്‍ കണ്ടെത്തണമെന്നുമാണ് ക്രിസ് പറയുന്നത്.