Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ കരിയര്‍ സ്വപ്‌നം കണ്ടു, തന്റെ കരിയര്‍ വേണ്ടെന്നുവെച്ചു! അജിത്തിന്റെ ത്യാഗത്തിന്റെ കഥയിതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേരിന് ക്രിക്കറ്റിനോളം വലുപ്പമുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളും കടന്ന് സച്ചിനെന്ന ബാറ്റ്‌സ്മാന്റെ പെരുമ ക്രിക്കറ്റ് ലോകം ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എക്കാലവും ക്രിക്കറ്റിലെ ഏറ്റവും വലിയ പാഠ പുസ്തകമായിരിക്കും സച്ചിനെന്ന് പറയാം. പ്രകടന മികവുകൊണ്ടുമാത്രമല്ല സ്വഭാവംകൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറിയ താരമാണ് സച്ചിന്‍. ക്രിക്കറ്റിനുവേണ്ടി മാത്രം ജനിച്ചവനെന്ന് സച്ചിനെ വിശേഷിച്ചാലും അത് തെറ്റാകില്ല.

രമാകാന്ത് അച്ഛരേക്കര്‍ എന്ന പരിശീലകന്‍ സച്ചിനെന്ന പ്രതിഭയെ വളര്‍ത്തിയെടുത്ത കഥ ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികള്‍ക്കും സുപരിചിതമാണ്. സച്ചിന്‍ തന്നെ രമാകാന്ത് എന്ന പരിശീലകന്‍ തന്റെ കരിയറില്‍ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ സച്ചിന്റെ വളര്‍ച്ചക്കായി സ്വന്തം മോഹങ്ങളും കരിയറും ഉപേക്ഷിച്ച ഒരാളുണ്ട്. അത് മറ്റാരുമല്ല അദ്ദേഹത്തിന്റെ ചേട്ടനായ അജിത് ടെണ്ടുല്‍ക്കറാണ്.

സച്ചിനെക്കാളും മുന്നെ ക്രിക്കറ്റ് താരമാകാന്‍ മോഹിച്ചത് അജിത്തായിരുന്നു. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അജിത് മടികാട്ടിയില്ല. വലിയ ലക്ഷ്യങ്ങളോടെ മുന്നോട്ട് പോയ അജിത്താണ് സച്ചിന്റെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞവരിലൊരാള്‍. സവിശേഷമായ എന്തോ ഒന്ന് സച്ചിന്റെ ബാറ്റിങ്ങിലുണ്ടെന്ന് തിരിച്ചറിഞ്ഞ അജിത് തന്റെ കരിയറും സ്വപ്‌നങ്ങളും പാതി വഴിയില്‍ ഉപേക്ഷിച്ച് സച്ചിനായി പിന്നീട് ജീവിക്കുകയായിരുന്നു. സച്ചിന് തന്റെ ക്രിക്കറ്റ് കിറ്റ് കൈമാറിയപ്പോള്‍ അജിത് മനസില്‍ കരുതിയിരുന്നത് തെറ്റിയില്ല.

കളിച്ച മൈതാനങ്ങളിലെല്ലാം പേരെടുത്ത് അനുജന്‍ പകരം വെക്കാനില്ലാത്ത ഇതിഹാസമായി വളരുമ്പോള്‍ ആരവങ്ങള്‍ക്കിടയില്‍ കൈയടിക്കാന്‍ അജിത്തുമുണ്ടായിരുന്നു. സച്ചിന്റെ ചേട്ടനെന്ന നിലയില്‍ പൊതുവേദികളില്‍ നിറഞ്ഞുനില്‍ക്കാന്‍ അജിത്തിന് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇതിനൊന്നും താല്‍പര്യം കാട്ടാതെ സച്ചിന്റെ വളര്‍ച്ചയില്‍ സന്തോഷത്തോടെ കൈയടിച്ച് മാറിനില്‍ക്കാനാണ് അജിത് ആഗ്രഹിച്ചത്. സച്ചിനെപ്പോലെ തന്നെ സൗമ്യനായ ആളാണ് അജിത്.

sachin tendulkar, ajit

സച്ചിന്റെ ഏറ്റവും വലിയ ധൈര്യവും അജിത്താണ്. വിദേശ പര്യടനങ്ങളില്‍ പോകുമ്പോഴെല്ലാം അജിത്തിനോട് സച്ചിന്‍ ഇടക്കിടെ സംസാരിക്കും. സച്ചിന്‍ ഫോം ഔട്ടാവുമ്പോള്‍ അജിത് വിളിച്ച് പിഴവുകളെക്കുറിച്ച് സംസാരിക്കുന്ന രീതിയും ഇവര്‍ക്കിടയിലുണ്ടായിരുന്നു. വാംഖഡെയില്‍ അവസാന ടെസ്റ്റ് കളിച്ച് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ സാക്ഷിയായി അജിത്തുമുണ്ടായിരുന്നു. അന്ന് സച്ചിന്‍ അജിത്തിനോട് പറഞ്ഞ നന്ദി വാക്കുകളില്‍ നിന്ന് തന്നെ ഇരുവരുടെയും സ്‌നേഹത്തിന്റെ വ്യാപ്തി വ്യക്തം.

അന്ന് അജിത് തന്റെ കരിയറിന് മുന്‍തൂക്കം നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന താരം ലോക ക്രിക്കറ്റിലേക്ക് എത്തിപ്പെടാന്‍ പോലും സാധ്യതയില്ലായിരുന്നു. അജിത്തിന്റെ ക്രിക്കറ്റ് സ്‌നേഹം കണ്ട് അവനെ ക്രിക്കറ്റ് താരമാക്കി വളര്‍ത്താനാണ് കുടുംബവും ആഗ്രഹിച്ചത്. അതിനുവേണ്ടിയാണ് അജിത്തിനെ രമാകാന്തിന്റെ അടുത്ത് പരിശീലനത്തിന് അയച്ചതും. സച്ചിന് ഉന്നത വിദ്യാഭ്യാസം നല്‍കാനാണ് കുടുംബം ആഗ്രഹിച്ചത്.

എന്നാല്‍ സച്ചിന്റെ പ്രതിഭയില്‍ അജിത് എന്ന കൗമാരക്കാരന്‍ അര്‍പ്പിച്ച വിശ്വാസമാണ് സച്ചിന്റെ വിധി മാറ്റിയെഴുതിയത്. അജിത് അന്ന് സച്ചിനുവേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ലോക ക്രിക്കറ്റില്‍ സച്ചിനെന്ന അധ്യായം എഴുതപ്പെടില്ലായിരുന്നു. തന്റെ ക്രിക്കറ്റ് താരമെന്ന നിലയിലെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചപ്പോഴും ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ അജിത് താല്‍പര്യപ്പെട്ടിരുന്നില്ല. പരിശീലകനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ ക്രിക്കറ്റ് നിരൂപകനെന്ന നിലയിലും അജിത് ശ്രദ്ധ നേടുന്നുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ബുക്കുകള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും പ്രശസ്തി ആഗ്രഹിച്ച് മുന്നോട്ട് വരാന്‍ അജിത് തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പറ്റി അധികം ക്രിക്കറ്റ് പ്രേമികളും ചര്‍ച്ച ചെയ്യാറുമില്ല. പക്ഷെ അജിത്തില്ലായിരുന്നെങ്കില്‍ സച്ചിന്‍ ഉണ്ടാകില്ലായിരുന്നുവെന്നത് ഒരു കാലത്തും ക്രിക്കറ്റ് ആരാധകര്‍ വിസ്മരിച്ചുകൂടാ.

Story first published: Thursday, July 27, 2023, 14:49 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+