Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെള്ളത്തിന് പകരം ആസിഡ്! മായങ്കിനെ ചതിച്ചതോ? പരാതി നല്‍കി, സംഭവിച്ചത് ഇതാണ്

രഞ്ജി ട്രോഫി മല്‍സരത്തില്‍ പങ്കെടുത്ത് ത്രിപുരയില്‍ നിന്നും മടങ്ങവെ വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കര്‍ണാടകയുടെ ഇന്ത്യന്‍ ബാറ്റര്‍ മായങ്ക് അഗര്‍വാള്‍ അപകടനില തരണം ചെയ്തു. വിമാനത്തില്‍ വച്ച് വെള്ളമാണെന്നു കരുതി തനിക്കു മുന്നില്‍ വച്ച ബോട്ടിലിലെ പാനീയം എടുത്ത് താരം കുടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മായങ്കിനെ ത്രിപുരയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടോയെന്ന സംശയത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മായങ്ക്.

MAYANK AGARWAL

ഡല്‍ഹിയില്‍ നടക്കുന്ന അടുത്ത മല്‍സരത്തില്‍ കളിക്കാന്‍ ടീമംഗങ്ങള്‍ക്കൊപ്പം മായങ്ക് യാത്ര തിരിക്കവെയാണ് സംഭവം. രാജ്‌കോട്ടില്‍ വച്ചായിരുന്നു കര്‍ണാടകയും റെയില്‍വേസും തമ്മിലുള്ള മല്‍സരം. പക്ഷെ വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനകമാണ് മായങ്ക് ചില അസ്വസ്ഥതകള്‍ കാണിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ വിമാനം തിരികെയിറക്കുകയും അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.

സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മായങ്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു വെസ്റ്റ് ത്രിപുരയിലെ എസ്പിയായ കെ കിരണ്‍ കുമാറാണ് പിടിഐയോടു പറഞ്ഞത്. വിമാനത്തില്‍ ഇരിക്കവെയാണ് തനിക്കു മുന്നിലുള്ള പൗച്ചില്‍ മായങ്ക് ഒരു ബോട്ടില്‍ കണ്ടത്. കുടിവെള്ളമാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹം അതു കുടിക്കുകയായിരുന്നു.

തുടര്‍ന്ന് വായില്‍ വീക്കവും വ്രണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ മായങ്കിന്റെ അവസ്ഥ സാധാരണ നിലയിലേക്കു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനേജര്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കിരണ്‍ കുമാര്‍ വ്യക്തമാക്കി.

വെള്ളമാണെന്നു കരുതി ബോട്ടിലിലെ പാനീയം കുടിച്ച മായങ്ക് അതിനു വെള്ളത്തിന്റെ രുചിയില്ലെന്നു മനസ്സിലായതോടെ ഉടന്‍ അതു നിര്‍ത്തുകയായിരുന്നു. പിന്നാലെ വായില്‍ പൊള്ളലും വീക്കവും തൊണ്ടയ്ക്കു കടുത്ത വേദനയും താരം പരാതിപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ റെയില്‍വേസിനെതിരേ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരം മായങ്കിനു നഷ്ടമാവും.

അതേസമയം, ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ 32 കാരനായ മായങ്ക് ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനുമാണ്. മികച്ച പ്രകടനമാണ് അദ്ദേഹം ഈ സീസണില്‍ ടീമിനായി കാഴ്ചവയ്ക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 44.28 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളടക്കം 460 റണ്‍സ് മായങ്ക് നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ രഞ്ജിയില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമായിരുന്നു.

MAYANK AGARWAL

എലൈറ്റ് ഗ്രൂപ്പ് സിയിലാണ് കര്‍ണാടക ടീം ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റ് അവര്‍ക്കുണ്ട്. രണ്ടു മല്‍സരങ്ങളില്‍ ജയിച്ച കര്‍ണാടക ഓരോ കളിയില്‍ വീതം സമനിലയും തോല്‍വിയുമേറ്റു വാങ്ങുകയും ചെയ്തു. അഗര്‍ത്തലയിലെ ബിക്രം സ്റ്റേഡിയത്തില്‍ നടന്ന അവസാന കളിയില്‍ ത്രിപുരയെ 29 റണ്‍സിനു തകര്‍ത്തു വിട്ട ശേഷം മടങ്ങവെയാണ് മായങ്കിനു ശാരീരിക അസ്വസ്ഥതകളുണ്ടായത്.

നേരത്തേ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മായങ്കിനു ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വഴി തുറന്നത്. 2018ലായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മായങ്കിനു സാധിക്കുകയും ചെയ്തു. 21 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 1488 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

2022 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് മായങ്ക് അവസാനമായി കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ മാത്രമല്ല ഇന്ത്യക്കായി അഞ്ചു ഏകദിനങ്ങളിലും താരം ഇറങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് മായങ്ക്. 2022ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ അദ്ദേഹം നയിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, January 31, 2024, 6:14 [IST]
Other articles published on Jan 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+