2023 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും ഉള്‍പ്പെടെ ആവേശകരമായ പല പോരാട്ടങ്ങളും കണ്ടാണ് ഈ വര്‍ഷം പടിയിറങ്ങാനൊരുങ്ങുന്നത്. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ നിരവധി ബാറ്റിങ് പ്രകടനങ്ങള്‍ ഈ വര്‍ഷം കാണുകയുണ്ടായി. ഇതില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത അഞ്ച് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ പ്രകടനം ഗ്ലെന്‍ മാക്‌സ് വെല്ലിന്റേതാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മുംബൈയില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 201* റണ്‍സുമായി മാക്‌സ് വെല്‍ പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയും അഫ്ഗാനിസ്ഥാനോട് തോല്‍ക്കുകയും ചെയ്യുമെന്ന ഘട്ടത്തില്‍ നിന്നാണ് മാക്‌സ് വെല്‍ ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 69 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ ഓസീസ് നില്‍ക്കവെയാണ് മാക്‌സ് വെല്‍ ബാറ്റ് ചെയ്യാനെത്തിയത്.
21 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് മാക്‌സ് വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനം. ഏകദിന ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് മാക്‌സ് വെല്‍ കാഴ്ചവെച്ചത്. രണ്ടാമത്തേത് ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനമാണ്. ഹൈദരാബാദില്‍ ന്യൂസീലന്‍ഡിനെതിരേ 208 റണ്‍സാണ് ഗില്‍ കാഴ്ചവെച്ചത്. 149 പന്ത് നേരിട്ട് 19 ഫോറും 9 സിക്‌സും ഉള്‍പ്പെടെയാണ് ശുബ്മാന്‍ ഗില്‍ കസറിയത്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരം താനാണെന്ന് അടിവരയിടുന്ന പ്രകടനമാണ് ശുബ്മാന്‍ കാഴ്ചവെച്ചത്.
മൂന്നാമത്തേത് ബെന്‍ സ്റ്റോക്‌സിന്റെ പേരിലാണ്. ലണ്ടനില്‍ ന്യൂസീലന്‍ഡിനെതിരേ 182 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിടവെയാണ് സ്‌റ്റോക്‌സിന്റെ ഗംഭീര പ്രകടനം. 124 പന്ത് നേരിട്ട് 182 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. 15 ഫോറും 9 സിക്‌സും താരം പറത്തി. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. നിലവിലെ ജേതാക്കളായി എത്തി സെമി പോലും കാണാതെ ഇംഗ്ലണ്ടിന് മടങ്ങേണ്ടി വന്നു.

നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്റെ പ്രകടനമാണ്. 83 പന്തില്‍ 174 റണ്‍സാണ് ക്ലാസന്‍ അടിച്ചെടുത്തത്. 13 വീതം സിക്‌സും ഫോറും താരം പറത്തി. ആധുനിക ക്രിക്കറ്റിലെ വെടിക്കെട്ട് താരങ്ങളില്‍ ഏറ്റവും മികച്ചവന്മാരിലെ മുന്‍നിരക്കാരനാണ് താനെന്ന് തെളിയിക്കാന്‍ ക്ലാസനായി. അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത താരങ്ങളിലൊരാളാണ് ക്ലാസനെന്ന് പറയാം.
ഇന്ത്യയുടെ വിരാട് കോലിയാണ് ഈ പട്ടികയിലെ അഞ്ചാമന്‍. തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ 166 റണ്‍സാണ് കോലി നേടിയത്. 110 പന്ത് നേരിട്ട് 13 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് കോലി കസറിയത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലിയായിരുന്നു തലപ്പത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് സച്ചിനെ സാക്ഷിയാക്കി മുംബൈയില്‍ മറികടക്കാന്‍ കോലിക്ക് സാധിച്ചു.