ഐപിഎല്ലിലെ മാച്ച് വിന്നര്‍മാര്‍, എന്നാല്‍ ഇന്ത്യന്‍ ടീമിലിടം ലഭിച്ചില്ല, അഞ്ച് പേരിതാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് എത്തിയ താരങ്ങളെ പരിശോധിച്ചാല്‍ വലിയൊരു പട്ടിക തന്നെ കാണാനാവും. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ കളിച്ച് വളര്‍ന്നുവന്നവരാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ നായകനായുള്ള ഇത്തരത്തിലുള്ള വളര്‍ക്ക് പിന്നിലും ഐപിഎല്ലിന്റെ പങ്ക് വലുതാണ്.
കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, യുസ് വേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് ഇങ്ങനെ വലിയൊരു പട്ടിക നിലവിലെ ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ചാല്‍ത്തന്നെ കാണാനാവും. എന്നാല്‍ ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് വളരാന്‍ കഴിയാതെ പോയ ചില പ്രതിഭാശാലികളുണ്ട്. ടൂര്‍ണമെന്റിലെ മാച്ച് വിന്നര്‍മാരായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രജത് ബാട്ടിയ
മീഡിയം പേസ് ഓള്‍റൗണ്ടറായ രജത് ബാട്ടിയ ഐപിഎല്ലിലെ മാച്ച് വിന്നര്‍മാരായ താരങ്ങളിലൊരാളാണ്. ടി20 സ്‌പെഷ്യലിസ്റ്റെന്ന് വിളിക്കാവുന്ന താരമായിരുന്നു രജത് ബാട്ടിയ. പേസില്‍ നല്ല വ്യത്യാസം വരുത്താന്‍ മിടുക്കനായ അദ്ദേഹം ഐപിഎല്ലില്‍ നാല് ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്. കെകെആറിനൊപ്പം 2012ല്‍ കിരീടം നേടിയ ബാട്ടിയ 95 ഐപിഎല്ലില്‍ നിന്ന് 71 വിക്കറ്റാണ് നേടിയത്. 7.33 ആണ് ഇക്കോണമി. മധ്യ ഓവറുകളില്‍ ഫലം ചെയ്യുന്ന ബൗളറാണ് താരം. മോശമില്ലാതെ ബാറ്റ് ചെയ്യാനും കഴിവുണ്ട്.

സിദ്ധാര്‍ത്ഥ് ത്രിവേദി
രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സിദ്ധാര്‍ത്ഥ് ത്രിവേദിയും മാച്ച് വിന്നറായ താരമായിരുന്നു. വലം കൈയന്‍ പേസറായ താരം അരങ്ങേറ്റ സീസണില്‍ രാജസ്ഥാനൊപ്പം തിളങ്ങി. 15 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് നേടിയത്. 8.31 ആയിരുന്നു ഇക്കോണമി. പ്രഥമ സീസണില്‍ രാജസ്ഥാനെ വിജയിപ്പിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് സിദ്ധാര്‍ത്ഥ് ത്രിവേദി. 76 ഐപിഎല്ലില്‍ നിന്ന് 65 വിക്കറ്റാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്. അതും 7.59 എന്ന ഭേദപ്പെട്ട ഇക്കോണമിയില്‍. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്താനായില്ല.

മന്‍വീന്ദര്‍ ബിസ്ല
അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മന്‍വീന്ദര്‍ ബിസ്‌ല. 2012ല്‍ കെകെആര്‍ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചത് ബിസ് ലയായിരുന്നു. സിഎസ്‌കെയ്‌ക്കെതിരായ ഫൈനലില്‍ 48 പന്തില്‍ 89 റണ്‍സുമായി കൈയടി നേടി. കെകെആറിനൊപ്പം മാത്രമല്ല ആര്‍സിബി, കിങ്‌സ് 11 പഞ്ചാബ് ടീമുകളുടെ ഭാഗമാവാനും ബിസ് ലക്കായി. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് കരിയര്‍ വളര്‍ത്താനായില്ല. 21 ഐപിഎല്ലില്‍ നിന്ന് 798 റണ്‍സുമായി അദ്ദേഹത്തിന്റെ കരിയര്‍ ഒന്നുമാകാതെ അവസാനിച്ചു.

ഇക്ബാല്‍ അബ്ദുല്ല
ഇടം കൈയന്‍ സ്പിന്നര്‍ ഇക്ബാല്‍ അബ്ദുല്ലയും പ്രതിഭാശാലിയായ താരമാണെങ്കിലും ഇന്ത്യന്‍ ടീമിലേക്കെത്തിയില്ല. 2011 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുമായി കെകെആറിനൊപ്പം അബ്ദുല്ല കൈയടി നേടി. ആര്‍സിബിക്കുവേണ്ടി 2016ല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം തിളങ്ങി. ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ പ്രതിഭയുണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല. 49 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇക്കോണമി 7.23.

സ്വപ്‌നില്‍ അസ്‌നോദ്കര്‍
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ് സ്വപ്‌നില്‍ അസ്‌നോദ്കര്‍.രാജസ്ഥാന്‍ റോയല്‍സിനായി 20 മത്സരത്തില്‍ നിന്ന് 423 റണ്‍സാണ് നേടിയത്. ഗ്രയിം സ്മിത്തിനൊപ്പം രാജസ്ഥാനുവേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന താരമാണ് അദ്ദേഹം. പവര്‍പ്ലേ മുതലാക്കി കളിക്കുന്ന മാച്ച് വിന്നറായിരുന്നു താരം. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ ഭാഗ്യമുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications