പന്ത് അടുത്ത കൂട്ടുകാരന്‍, അവനുമായി മല്‍സരമില്ല! ഒരുമിച്ച് കളിക്കാന്‍ ഇഷ്ടമെന്ന് സഞ്ജു സാംസണ്‍
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി റിഷഭ് പന്തുമായി തനിക്കു മല്‍സരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മലയാളി താരം സഞ്ജു സാംസണ്‍. ദേശീയ ടീമിലെ സ്ഥാനത്തിനു വേണ്ടി പന്തും താനും തമ്മില്‍ ഒരു മല്‍സരവുമില്ലെന്നും അടുത്ത കൂട്ടുകാരാണ് തങ്ങളെന്നും സഞ്ജു വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തിടെ ദേശീയ ടീമിലേക്കു മടങ്ങിവന്നെങ്കിലും തിരിച്ചുവരവില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്.
2019ലാണ് എംഎസ് ധോണിയുടെ പിന്‍ഗാമിയായി പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ പ്ലെയിങ് ഇലവന് പുറത്തായിരുന്നു താരത്തിന്റെ സ്ഥാനം. ഒരൊറ്റ കളിയില്‍ മാത്രമാണ് സഞ്ജുവിന് ഹോം സീസണില്‍ കളിക്കാന്‍ അവസരം കിട്ടിയത്. ഈ വര്‍ഷത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ സഞ്ജുവിന് തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും എല്ലാത്തിലും ഫ്‌ളോപ്പാവുകയും ചെയ്തു.

ഐപിഎല്ലില്‍ മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ പന്തുമായി അടുത്ത സൗഹൃദമാണ് സഞ്ജുവിനുള്ളത്. തങ്ങള്‍ തമ്മില്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി മല്‍സരം നടക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുന്നു.
താന്‍ പ്ലെയിങ് ഇലവനില്‍ എത്തുന്നതും എത്താതിരിക്കുന്നതുമെല്ലാം ടീം കോമ്പിനേഷനെ ആശ്രയിച്ചിരിക്കും. പന്തുമായി സ്ഥാനത്തിനു വേണ്ടി മല്‍സരം നടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ് ഒരിക്കലും അങ്ങനെ താന്‍ ചിന്തിച്ചിട്ടില്ല. മറ്റൊരു താരവുമായി മല്‍സരിച്ച് ടീമില്‍ സ്ഥാനം നേടിയെടുക്കുകയാണ് ക്രിക്കറ്റെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും സഞ്ജു വ്യക്തമാക്കി.

എല്ലാവരും താനും പന്തും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ പന്തുമായുള്ള സൗഹൃദമാണ് മനസ്സിലേക്കു വരാറുള്ളതെന്നു സഞ്ജു വ്യക്തമാക്കി. പന്തും താനും ഒരുമിച്ച് ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒരുമിച്ച് കളിക്കുക മാത്രമല്ല ഒരുപാട് തമാശകള്‍ പങ്കിടുകയും ചെയ്തിട്ടുള്ള നല്ല സൗഹൃത്ത് കൂടിയാണ് പന്ത്.
ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് തന്റേതും പന്തിന്റേതും. മുമ്പ് ഞങ്ങള്‍ ഇതു പല തവണ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പന്തിനെ പുറത്താക്കി ടീമിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് പന്തിനൊപ്പം കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. പന്തുമായി ഒരു തരത്തിലുള്ള മല്‍സരവും തനിക്കില്ലെന്നും സഞ്ജു പറയുന്നു.

2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴാണ് സഞ്ജു ആദ്യമായി ദേശീയ ടീമിന്റെ ഭാഗമായത്. എന്നാല്‍ അന്നു ധോണി വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാല്‍ പന്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സിംബാബ്‌വെയില്‍ പര്യടനം നടത്തിയപ്പോള്‍ സഞ്ജു വീണ്ടും ടീമിലെത്തി. അന്ന് ഒരു ടി20യില്‍ താരം അരങ്ങേറുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങളോളം സഞ്ജു ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
2019-20ലെ വിജയ് ഹസാരെ ട്രോഫിയിലെ ഡബിള്‍ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി നേടിയ 91 റണ്‍സും സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വീണ്ടും വഴിയൊരുക്കി. ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ പരിക്കേറ്റ ശിഖര്‍ ധവാന് പകരമായിരുന്നു സഞ്ജുവിനു നറുക്കുവീണത്. മൂന്നു ടി20കളില്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയെങ്കിലും വെറും 16 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications