ഇന്ത്യന്‍ ക്രിക്കറ്റിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. നിലവില്‍ അഫ്ഗാനിസ്ഥാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു. ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജു മൂന്നാം മത്സരത്തില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറി പ്രകടനം നടത്തിയ സഞ്ജു ടി20 ലോകകപ്പ് കളിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ടീമില്‍ സഞ്ജു വലിയ സജീവമല്ല.
എന്നാല്‍ വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. മലയാളികളുടെ വലിയ പിന്തുണയാണ് സഞ്ജുവിന്റെ കരുത്തെന്ന് പറയാം. പ്രകടനത്തിലെ മികവിനൊപ്പം ശബ്ദംകൊണ്ടും സ്വഭാവ രീതികൊണ്ടും സഞ്ജു വ്യത്യസ്തനാണ്. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ശബ്ദം പ്രശസ്ത സിനിമാ താരം ജയറാം അനുകരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ജയറാം സഞ്ജുവിനെ അനുകരിച്ചത്.
സഞ്ജു നന്ദി പറയുന്ന രീതിയെയാണ് സഞ്ജുവിന്റെ ശബ്ദത്തില്‍ പറഞ്ഞ് ജയറാം ഞെട്ടിച്ചത്. സഞ്ജുവുമായി സൗഹൃദമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും ജയറാം പറഞ്ഞു. 'ഭാര്യ ചാരുലതയോടൊപ്പം വീട്ടില്‍ വന്ന് സഞ്ജു ഭക്ഷണം കഴിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ അവനെ ഞാന്‍ അഭിനന്ദിച്ചിരുന്നു. അവനതിന് നന്ദി പറയുകയും ചെയ്തു' എന്നാണ് ജയറാം പറഞ്ഞത്. സഞ്ജു നന്ദി പറഞ്ഞത് സഞ്ജുവിന്റെ ശബ്ദത്തില്‍ മനോഹരമായി ജയറാം അനുകരിച്ചു.
സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അഭിനന്ദിക്കാറുണ്ടെന്നും പ്രിയപ്പെട്ട താരമാണ് സഞ്ജുവെന്നുമാണ് ജയറാം പറയുന്നത്. എന്തായാലും സഞ്ജുവിനെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാണ്. സഞ്ജുവിനെ കഴിഞ്ഞിടെ മറ്റൊരു ആരാധകന്‍ അനുകരിച്ചതും വൈറലായിരുന്നു. സഞ്ജു സാംസണിന് വലിയ പിന്തുണ സിനിമാ രംഗത്തെ പ്രമുഖരില്‍ നിന്ന് ലഭിക്കുന്നുണ്ട്. പൃഥ്വിരാജ്, ബേസില്‍ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പല പ്രമുഖരുമായി സഞ്ജുവിന് അടുത്ത സൗഹൃദമുണ്ട്.

സഞ്ജു ടി20 ലോകകപ്പ് കളിക്കണമെന്ന ആഗ്രഹമാണ് നിലവില്‍ ആരാധകര്‍ക്കെല്ലാമുള്ളത്. എന്നാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. നിലവില്‍ ഇഷാന്‍ കിഷന്റെ അഭാവത്തിലാണ് സഞ്ജു സാംസണിന് അഫ്ഗാന്‍ ടി20 പരമ്പരയില്‍ അവസരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. മൂന്നാം മത്സരത്തില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുക പ്രയാസമാണെന്നതാണ് വസ്തുത. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിനെ പരിഗണിച്ചപ്പോഴൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സഞ്ജുവിനായില്ല. അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികള്‍ക്ക് പുറത്താണ് സഞ്ജുവുള്ളത്. ഇഷാനും ടീം മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കപ്പെട്ടാല്‍ സഞ്ജു തഴയപ്പെട്ടേക്കും.
ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാണ് ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇവരെ മറികടന്ന് ടീമില്‍ സ്ഥാനം പിടിക്കാന്‍ സഞ്ജുവിന് നന്നായി വിയര്‍ക്കേണ്ടിവരും. അഫ്ഗാനെതിരായ മൂന്നാം മത്സരത്തില്‍ മികവ് കാട്ടിയാലും വലിയൊരു മാറ്റം സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചേക്കില്ല. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങാനായാല്‍ സഞ്ജുവിന് നേരിയ പ്രതീക്ഷ നിലനിര്‍ത്താം.
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഒന്നോ രണ്ടോ മികച്ച പ്രകടനത്തിന് ശേഷം നിലവാരം താഴോട്ട് പോകുന്നതാണ് സഞ്ജുവിന്റെ രീതി. എന്നാല്‍ ഈ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ട് പോകാന്‍ സഞ്ജുവിനാകില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് പറയാം.