കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ലഖ്‌നൗ ആതിഥേയരായ കെകെആറിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് കിടിലന്‍ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. തുടക്കം മുതല്‍ പിച്ചിനെ മുതലാക്കി കളിക്കാന്‍ ലഖ്‌നൗവിനായി.
പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 59 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിന് ശേഷവും അതിവേഗം റണ്‍സുയര്‍ത്താന്‍ ലഖ്‌നൗ ഓപ്പണര്‍മാര്‍ക്കായി. കൂട്ടുകെട്ട് 99 റണ്‍സില്‍ നില്‍ക്കവെ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി ഹര്‍ഷിത് റാണയെ കെകെആറിന് തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയത്. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സാണ് മാര്‍ക്രം നേടിയത്. 167 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച മാര്‍ക്രത്തെ പുറത്താക്കിയത് ഹര്‍ഷിത് റാണയുടെ മാസ്റ്റര്‍ പ്ലാനായിരുന്നു. ഇത് എന്താണെന്ന് നോക്കാം.
സ്ലോ ബോള്‍ കെണിയില്‍ മാര്‍ക്രം വീണു
ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മാര്‍ക്രത്തിനായി. സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരുപോലെ ആക്രമിച്ച മാര്‍ക്രം കെകെആറിന് വലിയ ഭീഷണി ഉയര്‍ത്തവെ ഹര്‍ഷിത് റാണയുടെ സ്ലോ ബോള്‍ തന്ത്രം ഫലം കാണുകയായിരുന്നു. സ്റ്റംപിലേക്ക് ടേണ്‍ ചെയ്യുന്ന തരത്തില്‍ ഹര്‍ഷിത് എറിഞ്ഞ പന്തില്‍ മാര്‍ക്രത്തിന്റെ ടൈമിങ് പിഴച്ചു. അഡ്വാന്‍സ് ഷോട്ട് കളിച്ച മാര്‍ക്രത്തിന് പന്തിനെ കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയി.
ഇതോടെ സ്ലോ ബോള്‍ കെണിയില്‍ മാര്‍ക്രത്തിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി താരം അര്‍ഹിച്ചിരുന്നെങ്കിലും ഇതിനുള്ള അവസരം നല്‍കാതെ ഹര്‍ഷിത് മടക്കി അയച്ചു. ഈ സീസണില്‍ സ്ഥിരതയോടെ കളിക്കാന്‍ മാര്‍ക്രത്തിന് സാധിക്കുന്നുണ്ട്. നേരത്തെ മാര്‍ക്രം-മാര്‍ഷ് ഓപ്പണിങ് കൂട്ടുകെട്ട് ദുരന്തമാവുമെന്നാണ് കൂടുതല്‍ പേരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇതിനെ മറികടന്ന് മികവ് കാട്ടാന്‍ ഇവര്‍ക്കായി എന്നതാണ് ശ്രദ്ധേയമായ കാര്യം.

വീണ്ടും ഫിഫ്റ്റിയടിച്ച് മാര്‍ഷ്
ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് മിച്ചല്‍ മാര്‍ഷ്. ഈ സീസണിലെ അഞ്ച് മത്സരത്തില്‍ നാലിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി ഞെട്ടിക്കാന്‍ മാര്‍ഷിന് സാധിച്ചിരിക്കുകയാണ്. ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ഇപ്പോഴിതാ കെകെആറിനെതിരേയും മാര്‍ഷ് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കൊപ്പം സമീപകാലത്ത് മാര്‍ഷ് നടത്തിയ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഐപിഎല്ലിലേക്ക് വന്നപ്പോള്‍ വിശ്വരൂപം കാട്ടാന്‍ മാര്‍ഷിന് സാധിച്ചിരിക്കുകയാണ്.
10 റണ്‍സിന് മുകളില്‍ റണ്‍റേറ്റിലാണ് ലഖ്‌നൗ റണ്‍സുയര്‍ത്തിയത്. കൊല്‍ക്കത്തയിലെ ബാറ്റിങ് പിച്ചില്‍ ടോസ് നേടിയ കെകെആര്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തത് അല്‍പ്പം കൗതുകമുണ്ടാക്കി. കമന്റേറ്റര്‍മാരടക്കം ഈ തീരുമാനത്തെ ചോദ്യം ചെയ്തു. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. കെകെആര്‍ ബാറ്റിങ് നിര സ്ഥിരത കാട്ടാത്ത സാഹചര്യത്തില്‍ ലഖ്‌നൗവിനെ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമാണെന്ന് തന്നെ പറയാം.