ഐപിഎല്ലിന്റെ 16ാം സീസണില്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങിയതിനു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരിക്കുകയാണ് ആരാധകര്‍. സ്വന്തം മൈതാനത്തു നടന്ന മല്‍സരത്തില്‍ ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ലഖ്‌നൗ തകര്‍ത്തെറിഞ്ഞത്.
50 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ലഖ്‌നൗ ആഘോഷിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട ബൗളിങിലും ലഖ്‌നൗ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഡിസി ശരാശരി ടീമായാണ് കാണപ്പെട്ടത്. ഈ മല്‍സരത്തല്‍ നേടിയ വിജയത്തോടെ ലഖ്‌നൗ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കും കയറിയിരുന്നു.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ എട്ടാമത്തെ മല്‍സരത്തിലാണ് ലഖ്‌നൗ സ്‌കോര്‍ പ്രതിരോധിച്ചു വിജയം കൊയ്തിരിക്കുന്നത്. റണ്‍ചേസിന് ഇറങ്ങുന്ന എതിരാളികളെ മികച്ച ബൗളിങിലൂടെ തരിപ്പണമാക്കുകയെന്ന കഴിഞ്ഞ സീസണിലെ പതിവ് ഇത്തവണയും അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ റണ്‍ചേസില്‍ ഡിസി ചിത്രത്തില്‍ പോലും ഇല്ലായിരുന്നുവെന്നു കാണാം.
ഈ മല്‍സരത്തില്‍ ലഖ്‌നൗ വിജയക്കൊടി പാറിച്ചതിനു പിന്നാലെയായിരുന്നു ആരാധകര്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അപാരം തന്നെയാണെന്നു വാഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റനായ രോഹിത് ശര്‍മയേക്കാള്‍ മികച്ച ക്യാപ്റ്റനാണെന്നു പോലും ചിലര്‍ രാഹുലിനെ പുകഴ്ത്തി.
ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് കെഎല്‍ രാഹുല്‍. അദ്ദേഹം ഇതു വീണ്ടും തെളിയിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയേക്കാള്‍ മുകളിലാണ് രാഹുലിന്റെ സ്ഥാനമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. എല്ലായ്‌പ്പോഴും സ്‌കോര്‍ പ്രതിരോധിച്ച് ടീമിനെ ജയിപ്പിക്കുകയെന്നതാണ് ഒരു മികച്ച ക്യാപ്റ്റന്റെ സവിശേഷത. കാരണം റണ്‍ചേസ് നടത്തുമ്പോള്‍ ആ ടീമിന്റെ ക്യാപ്റ്റന് വലിയ റോളുണ്ടാവില്ല.
എല്ലാവരും ആവശ്യമായ റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ബാറ്റ് ചെയ്യുക. പക്ഷെ ഒരു സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ ക്യാപ്റ്റന്‍ ശരിക്കും പരീക്ഷിക്കപ്പെടുന്നത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതും ഫീല്‍ഡിങ് ക്രമീകരണവുമെല്ലാം വളരെ പ്രധാനമാണ്. കെഎല്‍ രാഹുല്‍ ഇവയില്‍ സൂപ്പറായിരുന്നുവെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

1987 മുതല്‍ ഞാന്‍ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയാണ്. കെഎല്‍ രാഹുലിനേക്കാള്‍ നല്ലൊരു ക്യാപ്റ്റനെ ഇതു വരെ കാണാനായിട്ടില്ലെന്നും ഒരു യൂസര്‍ പ്രശംസിച്ചു. എക്കാലത്തെയും മഹാനായ ക്യാപ്റ്റനായി കെഎല്‍ രാഹുല്‍ മാറുമെന്നതിനാലാണ് കെഎല്‍ രാഹുലിനെ നായകസ്ഥാനത്തു നിന്നും ബിസിസിഐ മാറ്റിയത്. ഇതു വളരെ നിര്‍ഭാഗ്യകരമായ കാര്യം തന്നെയാണ്. രാഹുല്‍ ക്യാപ്റ്റനെന്ന നിലയില്‍ എപ്പോഴാണ് അവസാനമായ മല്‍സരം തോറ്റതെന്നു നിങ്ങളക്കു ഓര്‍മയുണ്ടോ? ഒരിക്കല്‍ വിജയിച്ചു തുടങ്ങിയതിന ശേഷം രാഹുല്‍ പരാജയമറിഞ്ഞിട്ടില്ലെന്നും ഒരു യൂസര്‍ കുറിച്ചു.
ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ച ക്യാപ്റ്റനാണ് കെഎല്‍ രാഹുലെന്നു ഞാന്‍ കരുതുന്നു. എംഎസ് ധോണിയെപ്പോലെ വളരെ കൂളാണ് അദ്ദേഹം. ടീമംഗങ്ങളെ വളരെയധികം പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു യഥാര്‍ഥ ലീഡറാണ് കെഎല്‍ രാഹുലെന്നും ഒരു യൂസര്‍ പ്രശംസിച്ചു. എംഎസ് ധോണിക്കു ശേഷം കെഎല്‍ രാഹുലിലൂടെ മറ്റൊരു ഇതിഹാസ നായകനെ ലഭിച്ചിരിക്കുകയാണെന്നായിരുന്നു ഒരു പ്രശംസ.

അതേസമയം, ഡല്‍ഹിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലഖ്‌നൗ ആറു വിക്കറ്റിനു 193 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ബാറ്റിങില്‍ കെഎല്‍ രാഹുല്‍ (8) കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായപ്പോള്‍ ടോപ്‌സകോററായത് വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സായിരുന്നു. ഐപിഎല്ലില്‍ തന്റെ അരങ്ങേറ്റ മല്‍സരം കളിച്ച അദ്ദേഹം 73 റണ്‍സെടുത്തു.
38 ബോളുകള്‍ നേരിട്ട മയേഴ്‌സ് ഏഴു സിക്‌സറും രണ്ടു ഫോറുമടിച്ചു. മറുപടിയില്‍ ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ മാര്‍ക്ക് വുഡ് അഞ്ചു വിക്കറ്റുകളുമായി ഡല്‍ഹിയെ തകര്‍ക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 143 റണ്‍സെടുക്കാനേ ഡിസിക്കായുള്ളൂ. നായകന്‍ ഡേവിഡ് വാര്‍ണറൊഴികെ (56) മറ്റൊരും പൊരുതി നോക്കിയില്ല.