
ജോലിഭാരവും ഫിറ്റ്‌നസും
രോഹിത് ശര്‍മ 35ാം വയസ്സിലേക്കു കടക്കുകയാണ്. അതുകൊണ്ടു തന്നെ ജോലിഭാരം ശരിയായി കൈകാര്യം ചെയ്യണ്ടതും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതും ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ വളരെ പ്രധാനമാണ്. പരിക്കുകള്‍ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ കരിയറില്‍ വില്ലനായി മാറിയിട്ടുണ്ട്. ഏറ്റവും അവസാനമായി കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനം പരിക്കു കാരണം രോഹിത്തിന് നഷ്ടമായിരുന്നു. ഇനി ഇത്തരം പരിക്കുകള്‍ പിടിപെടാതിരിക്കാനും ഫിറ്റ്‌നസ് എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കാനും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തിരക്കേറിയ ഷെഡ്യൂളാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
ജോലിഭാരം, ഫിറ്റ്‌നസ് എന്നിവയ്‌ക്കൊപ്പം ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം സ്വന്തം പ്രകടനത്തെ ബാധിക്കാതിരിക്കാനും നോക്കേണ്ടതും പ്രധാനമാണ്.

ഓപ്പണിങ് പങ്കാളിയാര്?
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ക്കു രോഹിത് ശര്‍മ ഉത്തരം കണ്ടെത്തിയേ തീരൂ. ഇവയിലൊന്ന് ഓപ്പണര്‍മാരുടെ കാര്യത്തിലാണ്. ഓപ്പണിങ് സ്ഥാനത്തേക്കു തന്റെ പങ്കാളിയാവാന്‍ ഒരുപാട് പേരില്‍ നിന്നും ഏറ്റവും അനുയോജ്യനായ താരത്തെ രോഹിത് തിരഞ്ഞെടുക്കേണ്ടതുണ്ട്. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഓപ്പണിങ് സ്ഥാനത്തേക്കു മല്‍സരിക്കുന്നത്.
സമീപകാലത്തെ ടെസ്റ്റുകളില്‍ രാഹുലായിരുന്നു രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് രാഹുല്‍ അവസാന നിമിഷം ഓപ്പണറായി കളിച്ചത്. പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം താരം മികച്ച പ്രകടനം നടത്തുകയും ചെയ്തു.
മായങ്കിന്റെ കാര്യമെടുത്താല്‍ നാട്ടിലെ തകര്‍പ്പന്‍ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ടീമില്‍ നിന്നു മാറ്റിനിര്‍ത്തുക ബുദ്ധിമുട്ടാവും. നാട്ടില്‍ കളിച്ച ഏഴു ടെസ്റ്റുകളില്‍ നിന്നും 839 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. ഗില്ലിലേക്കു വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമാണ്. ഭാവി ഓപ്പണറായി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് അദ്ദേഹം.

പുജാരയ്ക്കു പകരക്കാരന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരം ചേതേശ്വര്‍ പുജാര മോശം ഫോമ കാരണം ഇപ്പോള്‍ ടീമിനു പുറത്തായിക്കഴിഞ്ഞു. പകരക്കാരനെ തിരഞ്ഞെടുക്കുകയെന്ന വലിയ തലവേദനയാണ് രോഹിത് ശര്‍മയ്ക്കു മുന്നിലുള്ളത്. 2010 മുതല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വന്‍മതിലായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് പുജാര. എന്നാല്‍ കുറച്ചുകാലമായി അദ്ദേഹം റണ്ണെടുക്കാനാവാതെ പാടുപെടുകയാണ്. ഇതേ തുടര്‍ന്നാണ് ശ്രീലങ്കയുമായുള്ള അടുത്ത പരമ്പരയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നത്.
പുജാരയെപ്പോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടിലും വിദേശത്തും ക്രീസില്‍ നങ്കൂരമിട്ട് കളിക്കാന്‍ ശേഷിയുള്ള ഒരു ബാറ്ററെ ഇന്ത്യ ഇനി കണ്ടു പിടിക്കേണ്ടതുണ്ട്. ഇതു രോഹിത്തിനെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും സംബന്ധിച്ച് വളരെയധികം കടുപ്പമായിരിക്കും.

മധ്യനിര ശക്തിപ്പെടുത്തണം
ചേതേശ്വര്‍ പുജാരയെക്കൂടാതെ മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയെയും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്. രഹാനെയുടെ പൊസിഷനായ അഞ്ചാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതാണ് രോഹിത്തിനെ കുഴയ്ക്കുന്ന ചോദ്യം.
ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹനുമാ വിഹാരി എന്നിവരാണ് ഈ സ്ഥാനത്തേക്കു ഇന്ത്യക്കു പരിഗണിക്കാവുന്നവര്‍. പക്ഷെ രഹാനെയുടെ റോൡ ഇവരില്‍ ആരായിരിക്കും ക്ലിക്കാവുകയെന്നറിയാല്‍ ഒരുപാട് പരീക്ഷണങ്ങള്‍ ആവശ്യമായി വരും. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ അഞ്ചാം നമ്പറില്‍ ആരായിരിക്കും കൂടുതല്‍ വിശ്വസ്തനെന്നു വ്യക്തമാവുകയുള്ളൂ.

ഇഷാന്തിനു പകരക്കാരന്‍ വേണം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ എറെക്കാലം സേവിച്ച ഫാസ്റ്റ് ബൗളറാണ് ഇഷാന്ത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത പരമ്പരയില്‍ നിന്നുമൊഴിവാക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ കരിയറും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം ഇഷാന്തിന് നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റ് ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിനു ദുഷ്‌കരമായിരിക്കും.
ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ പേസര്‍മാര്‍. എന്നാല്‍ വിദേശത്തു പര്യടനം നടത്തുമ്പോള്‍ മറ്റൊരു മുന്‍നിര പേസറെക്കൂടി ഇന്ത്യക്കു ആവശ്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എട്ടുഫാസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ പരീക്ഷിച്ചിട്ടുള്ളത്. ഇവരില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ബൗളിങിനൊപ്പം ബാറ്റിങിലും ചില മോശമല്ലാത്ത സംഭവന നല്‍കിയിട്ടുണ്ട്. പക്ഷെ ഇഷാന്തിന്റെ പകരക്കാരനായി ശര്‍ദ്ദുലിനെ ദീര്‍ഘകാലത്തേക്കു ആശ്രയിക്കാന്‍ സാധിക്കുമോയെന്നത് സംശയമാണ്.


Click it and Unblock the Notifications