സൂറത്ത്: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള വാക്‌പോര് കളിക്കളത്തിനു പുറത്തേക്ക്. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള കളിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ക്യാപ്പിറ്റല്‍സ് നായകനായ ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ജയന്റ്‌സ് താരമായ ശ്രീശാന്തുമായി ഗംഭീര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്നു അംപയറും സഹതാരങ്ങളും ചേര്‍ന്നു ശ്രീയെ പിടിച്ചുമാറ്റുകയുമായിരുന്നു.
മല്‍സരം കഴിഞ്ഞതിനു പിന്നാലെ ഗംഭീറിനെതിരേ ആഞ്ഞടിച്ചു കൊണ്ട് ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഈ വീഡിയോയില്‍ ഗംഭീറിനെതിരേ ശ്രീ ഉന്നയിച്ചിരിക്കുന്നത്. ടീമംഗങ്ങളുമായി എല്ലായ്‌പ്പോഴും പോരടിക്കാറുള്ള മിസ്റ്റര്‍ ഗൗതം ഗംഭീറുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.

യാതൊരു കാരണവുമില്ലാതെ എല്ലാവരോടും പോരടിക്കുന്നയാളാണ് ഗംഭീര്‍. ടീമംഗങ്ങളെയും സീനിയര്‍ താരങ്ങളെയുമൊന്നും അദ്ദേഹം ഒരിക്കലും ബഹുമാനിക്കാറില്ല. ഇന്നു സംഭവിച്ചതും ഇതു തന്നെയായിരുന്നുവെന്നു ശ്രീശാന്ത് വ്യക്തമാക്കി.
ഗൗതം ഗംഭീറിനെതിരേ ശ്രീശാന്ത് ആഞ്ഞടിക്കുന്ന വീഡിയോ കാണാം
യാതൊരു പ്രകോപനവുമില്ലാതെയാണ് ഗംഭീര്‍ എനിക്കെതിരേ മോശം വാക്കുകള്‍ പ്രയോഗിച്ചത്. അദ്ദേഹം ഒരിക്കലും അതു പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ നിങ്ങളോടെല്ലാം ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. തീര്‍ച്ചയായും എന്റെ ഭാഗത്തു തെറ്റൊന്നുമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടു വരുന്ന അഭ്യൂഹങ്ങളെല്ലാം ക്ലിയര്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഗംഭീര്‍ എന്നോടു പറഞ്ഞ കാര്യം അധികം വൈകാതെ തന്നെ നിങ്ങള്‍ അറിയും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പറഞ്ഞ കാര്യങ്ങളും ക്രിക്കറ്റ് ഫീല്‍ഡിലോ, ജീവിതത്തിലോ അംഗീകരിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ ദയവു ചെയ്തു സപ്പോര്‍ട്ട് ചെയ്യണം. ഞാനും എന്റെ കുടുംബവും ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ളവരാണ്.
നിങ്ങളുടെയല്ലാം പിന്തുണയോടെ ഞാന്‍ തനിച്ച് അവയ്‌ക്കെതിരേയെല്ലാം പോരടിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ചില ആളുകള്‍ ഒരു കാരണവുമില്ലാതെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വീഡിയോയില്‍ ശ്രീശാന്ത് വൈകാരികമായി പറഞ്ഞു.

ടീം നന്നായി പെര്‍ഫോം ചെയ്യുമ്പോൾ ഞാനും എന്റെ കഴിവിന്റെ പരമാവധി നല്‍കാനാണ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. ഗംഭീര്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം പറയാന്‍ പാടില്ലാത്തതായിരുന്നു. അദ്ദേഹം എന്താണ് എന്നോടു പറഞ്ഞതെന്നു ഞാന്‍ തീര്‍ച്ചയായും നിങ്ങളോടു അധികം വൈകാതെ വെളിപ്പെടുത്തുക തന്നെ തന്നെ ചെയ്യുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
നിങ്ങള്‍ സ്വന്തം ടീമംഗങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെങ്കില്‍ പിന്നെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ എന്തു കാര്യമാണുള്ളത്? ബ്രോഡ്കാസ്റ്റിങിനിടെ വിരാട് കോലിയെക്കുറിച്ച് ചോദിച്ചാല്‍ അതേക്കുറിച്ച് സംസാരിക്കാതെ മറ്റ് എന്തൊക്കെയോ കാര്യങ്ങൾ പറയാറുള്ള വ്യക്തിയാണ് ഗംഭീര്‍. കൂടുതല്‍ വിശദാംശങ്ങളിലേക്കു പോവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഒരു കാര്യം മാത്രമേ എനിക്കു നിങ്ങളോടു പറയാനുള്ളൂ. ഞാന്‍ വളരെയധികം വിഷമത്തിലാണ്. എന്റെ കുടുംബവും പ്രിയപ്പെട്ടവരുമെല്ലാം ഇതേ അവസ്ഥയിലാണ്. ഗംഭീറിനെതിരേ ഞാന്‍ ഒരു മോശം വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. പക്ഷെ അദ്ദേഹം മോശമായി പലതും പറഞ്ഞു കൊണ്ടേയിരുന്നു. എല്ലായ്‌പ്പോഴും ഗംഭീര്‍ ചെയ്യാറുള്ളതും ഇതു തന്നെയാണെന്നും ശ്രീശാാന്ത് കൂട്ടിച്ചേര്‍ത്തു.