മുംബൈ: ടി20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടിയ താരങ്ങള്‍ നിരവധിയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമെല്ലാം ടി20 ക്രിക്കറ്റില്‍ വിജയകരമായി ടീമിനെ നയിക്കുന്നവരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ടി20 ജയം നേടിയ ക്യാപ്റ്റനാരാണ്? എംഎസ് ധോണിയായിരുന്നു കഴിഞ്ഞ ദിവസം വരെ ഈ പട്ടികയില്‍ തലപ്പത്തെങ്കില്‍ ഇപ്പോള്‍ അത് മറ്റൊരു താരം ആയിരിക്കുകയാണ്.
സൂപ്പര്‍ താരങ്ങളെയെല്ലാം കടത്തിവെട്ടി അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അഫ്ഗാനാണ് ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്. 42 ടി20 ജയങ്ങളാണ് ക്യാപ്റ്റനെന്ന നിലയില്‍ അസ്ഹര്‍ അഫ്ഗാനിസ്ഥാന് നേടിക്കൊടുത്തത്. വമ്പന്‍ ടീമുകള്‍ക്കെതിരേ വിജയങ്ങള്‍ കുറവാണെങ്കിലും ഇതുവരെ കളിച്ച മത്സരങ്ങളിലൂടെ തന്റെ ക്യാപ്റ്റന്‍സി മികവ് കാട്ടാന്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത എംഎസ് ധോണിയുടെ പേരില്‍ 41 ജയങ്ങളാണുള്ളത്. തോല്‍വി മുഖത്ത് നിന്നും തന്റെ ക്യാപ്റ്റന്‍സി മികവിലൂടെ ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് മിടുക്കുകൂടുതലാണ്. ഐപിഎല്ലില്‍ സിഎസ്‌കെ ക്യാപ്റ്റനാണ് ധോണി. മൂന്ന് തവണ സിഎസ്‌കെയെ കിരീടത്തിലെത്തിക്കാനും ധോണിക്ക് സാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയിലെ മൂന്നാമന്‍. 33 മത്സരങ്ങളിലാണ് അദ്ദേഹം ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമായി ഇംഗ്ലണ്ടിനെ മാറ്റിയതിന് പിന്നാല്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സി മികവാണ്. ഇന്ത്യക്കെതിരായ ടി20 പരമ്പര കൈവിട്ടെങ്കിലും നിലവിലെ മികച്ച ടി20 നായകന്മാരിലൊരാളാണ് അദ്ദേഹം. ഐപിഎല്ലില്‍ കെകെആറിനെ നയിക്കുന്നതും മോര്‍ഗനാണ്.
മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദാണ് പട്ടികയിലെ നാലാമന്‍. 29 മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ പാകിസ്താന്‍ ടീമില്‍പ്പോലും അദ്ദേഹത്തിന് ഇടമില്ല. പാകിസ്താനെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാവാക്കിയ താരമാണ് അദ്ദേഹം.
പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയാണ്. വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ സമിക്കായി. നിലവില്‍ ടീമിന് പുറത്താണ് സമി. പിഎസ്എല്ലില്‍ സമി ഇപ്പോഴും കളിക്കുന്നുണ്ട്.