ഞങ്ങള്‍ തയ്യാര്‍, ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ജയിക്കൂ!! കോലിക്ക് ഓസീസ് നായകന്റെ വെല്ലുവിളി

ബ്രിസ്ബണ്‍: പാകിസ്താനെതിരേ ഗബ്ബയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പാകിസ്താനെ ഇന്നിങ്‌സിനും അഞ്ചു റണ്‍സിനും പരാജയപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. മറുഭാഗത്ത് കൊല്‍ക്കത്ത വേദിയായ ഐതിഹാസിക പിങ് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇന്നിങ്‌സ് വിജയം കൊയ്തിരുന്നു. കൂടാടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായ നാലാം ടെസ്റ്റിലും ഇന്നിങ്‌സ് ജയം നേടിയതോടെ പുതിയ ലോക റെക്കോര്‍ഡും കോലിപ്പട സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷം ഗബ്ബയില്‍ തങ്ങള്‍ക്കെതിരേ ടെസ്റ്റ് കളിക്കാന്‍ പെയ്ന്‍ കോലിയെ വെല്ലുവിളിച്ചിരിക്കുന്നത്. ഇന്ത്യ ഒരിക്കല്‍പ്പോലും ടെസ്റ്റ് ജയിച്ചിട്ടില്ലാത്ത വേദി കൂടിയാണിത്.

1988നു ശേഷം ഓസീസ് തോറ്റിട്ടില്ല
ടെസ്റ്റില്‍ ഓസീസിന്റെ ഭാഗ്യ വേദി കൂടിയാണ് ഗബ്ബ. അവസാനമായി 1988ലാണ് ഇവിടെ കംഗാരുപ്പടയ്ക്കു ഒരു ടെസ്റ്റ് പരാജയം നേരിടേണ്ടി വന്നത്. അതിനു ശേഷം ഓസീസ് ഇവിടെ ആര്‍ക്കു മുന്നിലും തല കുനിച്ചിട്ടില്ല. പ്രമുഖ ടീമുകളെല്ലാം ഇവിടെയെത്തി ഓസീസിന്റെ ആധിപത്യം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ മടങ്ങുകയായിരുന്നു.
ഇന്ത്യക്കും ഈ വേദിയില്‍ ഒരിക്കല്‍പ്പോലും ടെസ്റ്റ് ജയിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ടെസ്റ്റിനു ഗബ്ബ വേദിയാവുമെന്നു സൂചനയുണ്ടായിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗബ്ബ ഒഴിവാക്കപ്പെട്ടു. ഇവിടെ കളിക്കാന്‍ ഇന്ത്യവിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് അന്ന് ചില ഓസീസ് മാധ്യമങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇവിടെ കളിച്ച ആറു ടെസ്റ്റുകളില്‍ അഞ്ചിലും ഇന്ത്യ തോറ്റിരുന്നു. ഒന്നു സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇന്ത്യക്കു ചരിത്ര വിജയം
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കൊയ്തിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് കോലിയും സംഘവും കൈക്കലാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ പരമ്പരയില്‍ അഡ്‌ലെയ്ഡ്, പെര്‍ത്ത്, മെല്‍ബണ്‍, സിഡ്‌നി എന്നീവിടങ്ങളിലാണ് ഇന്ത്യ ടെസ്റ്റ് കളിച്ചത്. ഇവയില്‍ മെല്‍ബണിലും അഡ്‌ലെയ്ഡിലും ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ ഓസീസാണ് ജയിച്ചത്. സിഡ്‌നി ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു.

കോലിയുടെ മറുപടി
അടുത്ത വര്‍ഷം ഇന്ത്യയെ ഗബ്ബയില്‍ ടെസ്റ്റ് കളിക്കാന്‍ കൊണ്ടു വരുന്നതിനായി തങ്ങള്‍ ശ്രമിക്കുമെന്ന് പെയ്ന്‍ വ്യക്തമാക്കി. കോലി കൂടി മനസ്സു വച്ചാല്‍ മാത്രമേ ഇതു നടക്കുകയുള്ളൂ. ഗബ്ബയില്‍ ടെസ്റ്റ് കളിക്കാന്‍ തയ്യാറാണോയെന്ന കാര്യത്തില്‍ കോലിയില്‍ നിന്നും ഏതെങ്കിലുമൊരു ഘട്ടത്തില്‍ തങ്ങള്‍ മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തകമാക്കി. കോലിക്കും സംഘത്തിനുമെതിരേ പിങ്ക് ബോള്‍ ടെസ്റ്റിനും ഗബ്ബയില്‍ തങ്ങള്‍ തയ്യാറാണെന്നു പെയ്ന്‍ പറഞ്ഞു.
അടുത്ത വര്‍ഷം നവംബര്‍ വരെയുള്ള ഇന്ത്യയുടെ പരമ്പരകള്‍ തീരുമാനിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു തൊട്ടുമുമ്പ് ഓസീസ് ടീം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഓസീസുമായി ടെസ്റ്റ് പരമ്പര ഇന്ത്യയുടെ 2020ലെ ഷെഡ്യൂളില്‍ ഇല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications