വീണ്ടും വരുന്നു സെവാഗ്- ബ്രെറ്റ് ലീ പോരാട്ടം! വമ്പന്‍മാരുമായി ലോക ജയന്റ്‌സ് ടീമിനെ പ്രഖ്യാപിച്ചു

ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയും തമ്മിലുള്ള പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങിയിരിക്കുകയാണ്. പ്രഥമ ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) ടൂര്‍ണമെന്റിലാണ് ലോകം വീണ്ടും കാണാനാഗ്രഹിക്കുന്ന ഗ്ലാമര്‍ പോരാട്ടങ്ങള്‍ക്കു സാക്ഷിയാവുക. വിരമിച്ച മുന്‍ ഇതിഹാസങ്ങള്‍ അണിനിരക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ മാറ്റുരയ്ക്കുന്ന ലോക ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക ജയന്റ്‌സെന്ന പേരിലാണ് ടീം ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ഈ ടീമില്‍ ലീയുള്‍പ്പെടെ പല മുന്‍ ഇതിഹാസങ്ങളുമുണ്ട്. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ടീമില്‍ സെവാഗുമുണ്ടായിരുന്നു.
ടൂര്‍ണമെന്റിലെ മറ്റു രണ്ടു ടീമുകളായ ഇന്ത്യന്‍ മഹാരാജാസ്, ഏഷ്യയിലെ ഇതിഹാസങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഏഷ്യ ലയണ്‍സ് എന്നിവയെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവര്‍ക്കു പിന്നാലെ ഇപ്പോള്‍ ലോക ജയന്റ്‌സും ടീമിനെ പുറത്തുവിട്ടതോടെ ഇനി ടൂര്‍ണമെന്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം 20 മുതല്‍ മസ്‌കറ്റിലെ ഒമാന്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുന്നത്. ടൂര്‍ണമെന്റിന്റെ തല്‍സമയ സംപ്രേക്ഷണാവകശം സോണി നെറ്റ് വര്‍ക്ക് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

വമ്പന്‍ താരങ്ങളുമായി ജയന്റ്‌സ്
വമ്പന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോക ജയന്റ്‌സ് ടീമിനെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെറ്റ് ലീയെക്കൂടാതെ ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായ കെവിന്‍ പീറ്റേഴ്‌സന്‍, സൗത്താഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സ്, ഇതിഹാസ ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സ്, ഓള്‍റൗണ്ടര്‍മാരായ ആല്‍ബി മോര്‍ക്കല്‍, മോര്‍നെ മോര്‍ക്കല്‍, സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ടീമിന്റെ ഭാഗമാണ്.
ലോക ചാംപ്യന്‍ഷിപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമായിരിക്കും ജയന്റ്‌സ് ടീമെന്നു ടൂര്‍ണമെന്റിന്റെ കമ്മീഷണര്‍ കൂടിയായ രവി ശാസ്ത്രി പറഞ്ഞു. ഇതിനേക്കാള്‍ മികച്ചൊരു ടീമിനെ കണ്ടെത്താന്‍ കഴിയില്ല. ഏഷ്യയിലെയും ഇന്ത്യയിലെയും ഇതിഹാസങ്ങളുടെ ടീമുകള്‍ക്കെതിരേ ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ അത് ക്രിക്കറ്റ് ആരാധകര്‍ക്കു വിരുന്ന് തന്നെയായിരിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക ജയന്റ്‌സ് ടീം
ഡാരന്‍ സമി (വെസ്റ്റ് ഇന്‍ഡീസ്), ഡാനിയേല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്), ബ്രെറ്റ് ലീ (ഓസ്‌ട്രേലിയ), ജോണ്ടി റോഡ്‌സ് (സൗത്താഫ്രിക്ക), കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്), ഇമ്രാന്‍ താഹിര്‍ (സൗത്താഫ്രിക്ക), ഒവെയ്‌സ് ഷാ (ഇംഗ്ലണ്ട്), ഹെര്‍ഷല്‍ ഗിബ്‌സ് (സൗത്താഫ്രിക്ക), ആല്‍ബി മോര്‍ക്കല്‍ (സൗത്താഫ്രിക്ക), മോര്‍നെ മോര്‍ക്കല്‍ (സൗത്താഫ്രിക്ക), കോറി ആന്‍ഡേഴ്‌സന്‍ (ന്യൂസിലാന്‍ഡ്), മോണ്ടി പനേസര്‍ (ഇംഗ്ലണ്ട്), ബ്രാഡ് ഹാഡിന്‍ (ഓസ്‌ട്രേലിയ), കെവിന്‍ ഒബ്രെയ്ന്‍ (അയര്‍ലാന്‍ഡ്), ബ്രെന്‍ഡന്‍ ടെയ്‌ലര്‍ (സിംബാബ്‌വെ).

ഇന്ത്യ മഹാരാജാസ് ടീം
വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, എസ് ബദ്രിനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി.

ഏഷ്യ ലയണ്‍സ് ടീം
ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദില്‍ഷന്‍, അസ്ഹര്‍ മഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാഹുല്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, മുഹമ്മദ് യൂസുഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications