ക്രിക്കറ്റ് കരിയര്‍ കഴിഞ്ഞതോടെ വരുമാനം നിലച്ചു, ഓസീസ് മുന്‍ ലോകകപ്പ് വിജയി ഇപ്പോള്‍ ആശാരി!
ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും പുറത്തു കടന്നാല്‍ ചെറിയ ക്രിക്കറ്റര്‍മാര്‍ക്കു ജീവിതം എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നു തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്. ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതോടെ ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നു ആശാരിപ്പണിയെടുക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് താരം സാവിയേര്‍ ദൊഹേര്‍ത്തി. അടുത്തിടെ ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റര്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ദൊഹേര്‍ത്തിയുടെയും നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ ലോകമറിയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിലേറയായി നാട്ടില്‍ ആശാരിപ്പണി ചെയ്യുകയാണ് ദൊഹേര്‍ത്തി. ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ അദ്ദേഹം 2015ല്‍ മൈക്കല്‍ ക്ലാര്‍ക്കിനു കീഴില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. 2001-02 സീസണിലായിരുന്നു താരം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 17 വര്‍ഷത്തിലേറെ നീണ്ട കരിയര്‍ അവസാനിച്ചതോടെയാണ് ദൊഹേര്‍ത്തിക്കു ഉപജീവനത്തിനു വേണ്ടി പുതിയ സാധ്യതകള്‍ തേടേണ്ടിവന്നത്.

പുതിയ പലതും പഠിച്ചു
ആശാരിപ്പണിയില്‍ ഇപ്പോള്‍ ഞാന്‍ ഒരു പുതിയ ആളല്ല. കെട്ടിട നിര്‍മാണ സൈറ്റുകളിലെ എന്റെ ദിവസമാണിത്. ഞാന്‍ ഇതു ശരിക്കും ആസ്വദിക്കുന്നു. പുതിയ പല കാര്യങ്ങളും പഠിക്കുകയാണ്. ക്രിക്കറ്റില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ് ഇവയെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (എസിഎ) പുറത്തുവിട്ട വീഡിയോയില്‍ 38 കാരനായ ദൊഹേര്‍ത്തി പറയുന്നു.
2015ലെ ലോകകപ്പില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ദൊഹേര്‍ത്തി പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. ഇതില്‍ ഏഴോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 60 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

പല ജോലികള്‍ക്കും പോയി
ക്രിക്കറ്റ് അവസാനിച്ചപ്പോള്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. അടുത്ത ഒരു വര്‍ഷം എനിക്കു ലഭിച്ച അവസരങ്ങളെല്ലാം വിനിയോഗിച്ചു. ഓഫീസ് ജോലി, ക്രിക്കറ്റ് ജോലി, ചിത്രകാരന്‍ തുടങ്ങി പലതും ഈ കാലയളവില്‍ ഞാന്‍ ചെയ്തു. ഒടുവിലാണ് ഞാന്‍ ആശാരിപ്പണിയിലെത്തിയത്.
എസിഎ നല്‍കിയ പിന്തുണ അവിശ്വസനീയമായിരുന്നു. ക്രിക്കറ്റ് കഴിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ പതറിയ എന്നെ അവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെമന്നും ദൊഹേര്‍ത്തി വെളിപ്പെടുത്തി.

ദൊഹേര്‍ത്തിയുടെ കരിയര്‍
ഓസ്‌ട്രേലിയക്കു വേണ്ടി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളുമാണ് ദൊഹേര്‍ത്തി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നായി 55 വിക്കറ്റുകളും താരം വീഴ്ത്തി. 2020ല്‍ ഇന്ത്യയില്‍ നടന്ന റോഡ് സേഫ്റ്റി ലോക സീരീസില്‍ ഓസ്‌ട്രേലിയ ലെജന്റ്‌സ് ടീമിനനു വേണ്ടി ദൊഹേര്‍ത്തി ചില മല്‍സരങ്ങളില്‍ കളിച്ചിരുന്നു.
ക്രിക്കറ്റ് കരിയറെടുത്താല്‍ 71 ഫസ്റ്റ് ക്ലാസ്, 176 ലിസ്റ്റ് എ, 74 ടി20 മല്‍സരങ്ങളിലും ഓസീസ് താരം കളിച്ചു. ഇവയില്‍ നിന്നാകെ 415 വിക്കറ്റുകളും ദൊഹേര്‍ത്തി വീഴ്ത്തി. 2015ലായിരുന്നു താരം അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications