സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ ദയനീയ തോല്‍വിയോടെ ടീം ഇന്ത്യയുടെ പരിശീലക റോളില്‍ ഗൗതം ഗംഭീറിന്റെ സ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പോലും ചേസ് ചെയ്യാന്‍ കഴിയാതെയാണ് ഇന്ത്യ 30 റണ്‍സിന്റെ തോല്‍വിയിലേക്കു വീണത്.
100 റണ്‍സ് പോലും ടീമിനു തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പരിതാപകരമായ കാര്യം. നാട്ടില്‍ വീണ്ടുമൊരു ടെസ്റ്റ് പരമ്പര തോല്‍വിയുടെ ഭീതിയിലുമാണ് ഇപ്പോള്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ന്യൂസിലാന്‍ഡിനോടു നാട്ടില്‍ ഇന്ത്യ 0-3നു തകര്‍ന്നടിഞ്ഞിരുന്നു.
ഇനി സൗത്താഫ്രിക്കയോടു 0-2നു തോല്‍ക്കുകയാണെങ്കില്‍ ഇതു തീര്‍ച്ചയായും വളരെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയായിരിക്കും. ടി20യിലും ഏകദിനത്തിലുമെല്ലാം ഗംഭീറിനു കീഴില്‍ നല്ല പ്രകടനം നടത്തുന്നുണ്ടെങ്കിലും ടെസ്റ്റില്‍ ടീം ശരിക്കും പതറുകയാണ്.

നാട്ടില്‍ ഇതിനകം എട്ടു ടെസ്റ്റുകളാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ന നാലെണ്ണത്തില്‍ ടീം ജയിച്ചപ്പോല്‍ ശേഷിച്ച നാലിലും തോല്‍ക്കുകയും ചെയ്തു. ദുര്‍ബലരായ ബംഗ്ലാദേശ് (2-0), വെസ്റ്റ് ഇന്‍ഡീസ് (2-0) എന്നിവരെ മാത്രമാണ് നാട്ടില്‍ ഇന്ത്യക്കു കീഴടക്കാനായത്. ന്യൂസിലാന്‍ഡിനോടു മൂന്നു ടെസ്റ്റം തോറ്റ ഗംഭീറിന്റെ ടീം ഇപ്പോള്‍ സൗത്താഫ്രിക്കയ്ക്കു മുന്നിലും മുട്ടുമടക്കിയിരിക്കുകയാണ്.
സൗത്താഫ്രിക്കയുമായുള്ള പരമ്പര ഇന്ത്യ കൈവിടുകയാണെങ്കില്‍ ടെസ്റ്റ് ടീമിന്റെ കോച്ചായി മറ്റൊരാളെ കൊണ്ടുവരുന്നതിനെ കുറിച്ച് ബിസിസിഐ ഗൗരവമായി തന്നെ ആലോചിച്ചേക്കും. പുതിയ ടെസ്റ്റ് കോച്ചിന്റെ റോളിലേക്കു ഏറ്റവും മികച്ച ഓപ്ഷനുകള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ഗംഭീറിനു പകരമാര്?
ഗൗതം ഗംഭീറിനെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീം പരിശീലകനായി നിലനിര്‍ത്തി ടെസ്റ്റില്‍ മാത്രം മറ്റൊരാളെ ബിസിസിഐയ്ക്കു കൊണ്ടുവരാവുന്നതാണ്. ഈ റോളിനു ഏറ്റവും അനുയോജ്യനായ ഒരാള്‍ മുന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനുമെല്ലാമായിട്ടുളള അനില്‍ കുംബ്ലെയാണ്. റെഡ് ബോളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത ഇതിഹാസം തന്നെയാണ് അദ്ദഹം.
നേരത്ത ഒരു തവണ ദേശീയ ടീമിന്റെ മുഖ്യ കോച്ചായി കുംബ്ലെ വന്നിരുന്നു. വിരാട് കോലി നായകസ്ഥാനത്തുള്ളപ്പോഴായിരുന്നു ഇത്. പക്ഷെ ഇരുവരും തമ്മില്‍ മികച്ചൊരു കെമിസ്ട്രി ഉണ്ടായില്ല. രണ്ടു പേര്‍ക്കുമിടയില്‍ പല കാര്യങ്ങളിലും ഭിന്നതയുണ്ടായതോടെ വളരെ പെട്ടെന്നു തന്നെ കോച്ച് സ്ഥാനത്തു നിന്നും കുംബ്ലെയെ മാറ്റേണ്ടിയും വന്നു.
എന്നാല്‍ വീണ്ടും അദ്ദേഹത്തെ ഈ റോളിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യം ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. നിലവിലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായി മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോവാനും അദ്ദേഹത്തിനു കഴിഞ്ഞേക്കും. ടെസ്റ്റില്‍ കുംബ്ലെയുടെ അനുഭവസമ്പത്ത് തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവുമായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം കോച്ചിന്റെ റോളിലേക്കു രണ്ടാമത്തെ മികച്ച ഓപ്ഷന്‍. ടെസ്റ്റില്‍ ഇന്ത്യന്‍ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്ന അദ്ദേഹം നാട്ടിലും പുറത്തുമെല്ലാം പല മച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.
ദേശീയ ടീമിന്റെ സ്ഥിരം കോച്ചായിട്ടും പല പരമ്പരകളിലും ഇന്ത്യയുടെ താല്‍ക്കാലിക പരിശീലകന്റെ റോളും അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. റെഡ് ബോളില്‍ ലക്ഷ്മണ്‍ കോച്ചായി വരികയാണെങ്കില്‍ അതു തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണം ചെയ്യുമെന്നുറപ്പാണ്.
ഈ ലിസ്റ്റിലെ മൂന്നാത്തെയാള്‍ മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇപ്പോള്‍ കമന്ററി രംഗത്തു സജീവവുമായ ചേതേശ്വര്‍ പുജാരയാണ്. രാഹുല്‍ ദ്രാവിഡ് കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ അടുത്ത വന്‍മതിലെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഫോര്‍മാറ്റിനെ കുറിച്ച വളരെ വ്യക്തമായ ധാരണയും തന്ത്രങ്ങളും വശമുള്ള വ്യക്തിയാണ് പുജാര. ഇതു കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജോലി എളുപ്പമാക്കുകും ചെയ്യും.,