2001ല്‍ ഈഡനിലെ വിസ്മയ വിജയം... അന്ന് റൈറ്റ് നല്‍കിയ ഉപദേശം, വെളിപ്പെടുത്തി ലക്ഷ്മണ്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരിക്കലും മറക്കാനാവാത്ത, അവിശ്വസനീയ വിജയമെന്നാണ് 2001ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ ജയം വിശേഷിപ്പിക്കപ്പെടുന്നത്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ അന്നു നേടിയ ജയം ഒരു സസ്‌പെന്‍സ് ത്രില്ലറിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട് ഫോളോഓണ്‍ ചെയ്യേണ്ടി വന്ന ശേഷമായിരുന്നു ഇന്ത്യ കംഗാരുക്കളുടെ കഥ കഴിച്ചത്.
രണ്ടാമിന്നിങ്‌സിലെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെയായിരുന്നു ഇന്ത്യ കളിയിലേക്കു തിരിച്ചുവന്നത്. വിവിഎസ് ലക്ഷ്മണിന്റെ ഡബിള്‍ സെഞ്ച്വറിയും രാഹുല്‍ ദ്രാവിഡിന്റെ സെഞ്ച്വറിയുമാണ് ഇന്ത്യക്കു ഈഡനില്‍ നാടകീയ വിജയം നേടിത്തന്നത്. അന്നത്തെ ടെസ്റ്റിനു ശേഷം കോച്ച് ജോണ്‍ റൈറ്റ് നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മണ്‍.

ഈഡന്‍ ഗാര്‍ഡനില്‍ നേടിയ ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തിയിരുന്നു. ഇതോടെ മൂന്നാം ടെസ്റ്റ് ഇരുടീമുകള്‍ക്കും നിര്‍ണായകമായി മാറുകയും ചെയ്തിരുന്നു. രാജ്യം മുഴുവന്‍ അന്ന് കൊല്‍ക്കത്ത ടെസ്റ്റിലെ ജയത്തിന്റെ ലഹരിയിലായിരുന്നു. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ ഈ ജയത്തില്‍ മതിമറക്കാതിരിക്കുകയെന്നത് പ്രധാനമായിരുന്നു. ടീ മീറ്റിങില്‍ ഈഡനിലെ ജയത്തിന്റെ പേരില്‍ റൈറ്റ് എല്ലാവരെയും അഭിനന്ദിച്ചിരുന്നു. ഈ ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ നമ്മുടെ ലക്ഷ്യം പരമ്പര വിജയമാണ്. അടുത്തത് പുതിയൊരു ടെസ്റ്റാണ്. അതുകൊണ്ടു തന്നെ ഫ്രഷായി ഈ മല്‍സരത്തില്‍ ഇറങ്ങണമെന്നും റൈറ്റ് ഉപദേശിച്ചതായി ലക്ഷ്മണ്‍ പറയുന്നു.

കൊല്‍ക്കത്തയിലേറ്റ പ്രഹരം ഓസ്‌ട്രേലിയക്കു ഷോക്ക് തന്നെയായിരിക്കും. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചൊരു തിരിച്ചുവരവിന് അവര്‍ ശ്രമിക്കും. കൊല്‍ക്കത്ത ടെസ്റ്റിലെ വിജയത്തിന്റെ പേരില്‍ എല്ലാവരും നിങ്ങളെ ഓര്‍ക്കും. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ അവയെല്ലാം മറക്കണം. മൂന്നാം ടെസ്റ്റ് മാത്രമായിരിക്കണം നിങ്ങളുടെ മനസ്സിലുണ്ടാവേണ്ടത്. മുഴുവന്‍ കരുത്തും പുറത്തെടുക്കുന്നതിനൊപ്പം അഗ്രസീവായും കളിച്ചാല്‍ മാത്രമേ മൂന്നാം ടെസ്റ്റില്‍ നമുക്കു ജയിക്കാന്‍ സാധിക്കൂ. മൂന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയാല്‍ ഈഡനിലെ ജയത്തിന്റെ പേരില്‍ നമ്മളുണ്ടാക്കിയ പേരും പെരുമയും ഇല്ലാതായിപ്പോവുമെന്നും റൈറ്റ് പറഞ്ഞതായി ലക്ഷ്മണ്‍ ഓര്‍മിച്ചെടുത്തു. മൂന്നാം ടെസ്റ്റില്‍ രണ്ടു വിക്കറ്റിനു ജയിച്ച് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയിരുന്നു.

ഈഡന്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാമിന്നിങ്‌സില്‍ 445 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ (110) സെഞ്ച്വറിയും മാത്യു ഹെയ്ഡന്‍ (97), ജസ്റ്റിന്‍ ലാങര്‍ (58) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഓസീസിന് കരുത്തായത്. മറുപടിയില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് വെറും 171 റണ്‍സില്‍ അവസാനിച്ചു. ലക്ഷ്മണ്‍ (59) മാത്രമേ പിടിച്ചുനിന്നുള്ളൂ. ഫോളോഓണ്‍ നേരിട്ട് വീണ്ടും ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഏഴിന് 657 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. ലക്ഷ്മണ്‍ (281), ദ്രാവിഡ് (180) എന്നിവരാണ് ടീമിന്റെ നട്ടെല്ലായത്. 384 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് 212ന് പുറത്തായി. ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിങും മൂന്നു വിക്കറ്റ് വീഴ്ത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നാണ് ഓസീസിന്റെ കഥ കഴിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications