'ഉയര'ങ്ങള്‍ കീഴടക്കി മുദ്ദസ്സര്‍... ഏഴടി നാലിഞ്ച് പൊക്കം!! ഇനി ഇര്‍ഫാന് താഴെയിറങ്ങാം
കറാച്ചി: ലോക ക്രിക്കറ്റിലെ പുതിയ അദ്ഭുതമായി മാറാനൊരുങ്ങുകയാണ് പാകിസ്താന്‍ താരമായ മുഹമ്മദ് മുദ്ദസ്സര്‍. കളിമികവ് കൊണ്ടല്ല മറിച്ച് ആകാരം കൊണ്ട് ഇതിനകം താരം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഉയരം തന്നെയാണ് താരത്തെ ഏവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. ഏഴടി നാലിഞ്ചാണ് ലാഹോറില്‍ നിന്നുള്ള ഈ താരത്തിന്റെ ഉയരം.
ഐപിഎല്‍ മാതൃകയില്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് താരം. ലാഹോര്‍ ക്വലാന്‍ഡേഴ്‌സ് ടീമാണ് മുദ്ദസ്സറിനെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരിക്കുന്നത്. 21 വയസ് മാത്രം പ്രായമുള്ള താരം പിഎസ്എല്ലിലൂടെ പുതിയ റെക്കോര്‍ഡിന് കച്ച മുറുക്കുകയാണ്.

ഇര്‍ഫാന്റെ റെക്കോര്‍ഡ് തെറിക്കും
പാകിസ്താന്റെ തന്നെ പേസര്‍ കൂടിയായ മുഹമ്മദ് ഇര്‍ഫാന്റെ റെക്കോര്‍ഡാണ് മുദ്ദസ്സറിന്റെ വരവോടെ തെറിക്കാന്‍ പോവുന്നത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ഉയരം കൂടിയ താരമെന്ന ലോക റെക്കോര്‍ഡ് ഏഴടിയും ഒരിഞ്ചും ഉയരമുള്ള ഇര്‍ഫാന്റെ പേരിലാണ്.
മുദ്ദസ്സറിന്റെ മാസ്സ് എന്‍ട്രിയോടെ ഇര്‍ഫാന് സിംഹാസനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പിഎസ്എല്ലില്‍ താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.

പാകിസ്താന് വേണ്ടി കളിക്കണം
പാകിസ്താന്‍ ദേശീയ ടീമിനായി കളിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നു മുദ്ദസ്സര്‍ പറയുന്നു. പ്ലെയേഴ്‌സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് താരത്തെ ക്വലാന്‍ഡേഴ്‌സ് കണ്ടെത്തിയത്. തുടര്‍ന്ന് മുദ്ദസ്സറുമായി ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവയ്ക്കുകയുമായിരുന്നു.
അടുത്ത സീസണിലെ പിഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലെത്തുകയാണ് ലക്ഷ്യം. ഉയരം തനിക്കു വലിയ പ്ലസ് പോയിന്റാണ്. ഇതു മുതലെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം
ജീവിതത്തില്‍ തന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം സ്വന്തമായി ഷൂസ് ധരിക്കുകയെന്നതാണെന്ന് മുദ്ദസ്സര്‍ ചിരിച്ചുകൊണ്ട് പറയുന്നു. ഉയരം മൂലമുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ തന്റെ കരിയറിനെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് താരം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും ഉയരുള്ള താരമായ ഇര്‍ഫാന്‍ ഐപിഎല്ലിലൂടെയും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു സുപരിചിതനാണ്. 2011ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications