സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇന്ത്യയുടെ വിശ്വസ്തനായ ചേതേശ്വര്‍ പുജാര നേരിട്ടിരുന്നു. ഇതിന്റെ യഥാര്‍ഥ കാരണം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു പുജാര.
2018-19ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 41.41 ആയിരുന്നു പുജാരയുടെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഇത്തവണത്തെ പരമ്പരയില്‍ ഇതു 29.20 ആയി കുറഞ്ഞിരുന്നു. പരമ്പരയില്‍ മൂന്നു ഫിഫ്റ്റികള്‍ പുജാര നേടിയെങ്കിലും ഇവയ്‌ക്കെല്ലാം 160ന് മുകളില്‍ ബോളുകള്‍ നേരിട്ടിരുന്നു.

ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളുടെ അഭാവം
കൊവിഡ് കാരണം നെറ്റ് സെഷനുകള്‍ മാത്രം നടത്തിയാണ് ഞാന്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിറങ്ങിയത്. ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ നിങ്ങള്‍ കളിച്ചേ തീരൂ. എനിക്കാവട്ടെ ഒന്നില്‍ മാത്രമേ കളിക്കാനായുള്ളൂ. അതു കാരണം ശരിയായ താളം വീണ്ടെടുക്കാനായില്ല, ഇതു സ്‌ട്രൈക്ക് റേറ്റിനെ ബാധിക്കുകയും ചെയ്തു. സ്റ്റീവ് സ്മിത്തിനു പോലും പരമ്പരയുടെ തുടക്കത്തില്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടതായും പുജാര ചൂണ്ടിക്കാട്ടി.
മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങടക്കമുള്ളവര്‍ പുജാരയുടെ സ്ലോ ബാറ്റിങിനെ കുറ്റപ്പെടുത്തിയിരുന്നു. ടീമിലെ മറ്റു ബാറ്റ്‌സ്മാന്‍മാരില്‍പ്പോലും സമ്മര്‍ദ്ദമുണ്ടാക്കുകയാണ് പുജാര ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

എല്ലായ്‌പ്പോഴും സാധിക്കില്ല
കൂടുതല്‍ സമയങ്ങളിലും ഫിഫ്റ്റി തികച്ചാല്‍ എന്റെ സ്‌ട്രൈക്ക് റേറ്റ് ഉയരാറുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പക്ഷെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോയി വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. 2018-19ലെ കഴിഞ്ഞ പരമ്പരയിലെ എന്റെ പ്രകടനവുമായി നിങ്ങള്‍ക്കു ഇത്തവണത്തേക്കു താരതമ്യം ചെയ്യാനാവില്ല. കാരണം മൂന്നു സെഞ്ച്വറികള്‍ നേടുന്നതിനൊപ്പം ഒരു പരമ്പരയില്‍ 521 റണ്‍സ് അടിച്ചെടുക്കുന്നത് നിങ്ങളുടെ കരിയറില്‍ വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്റെ കാര്യത്തില്‍ അത് ഒരിക്കല്‍ മാത്രമേ ഉണ്ടായുള്ളൂവെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പര
ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയെ വലിയ പ്രതീക്ഷയോടെയാണ് താനും ടീമും കാത്തിരിക്കുന്നതെന്നു പുജാര വ്യക്തമാക്കി.
ടീമിലെ എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസീസിനെതിരേ അവരുടെ നാട്ടില്‍ നേടിയ ടെസ്റ്റ് പരമ്പര നേട്ടം എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഇപ്പോഴത്തെ ടീമിനു ഇംഗ്ലണ്ടിനെതിരേ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. കഴിവിനൊത്ത പ്രകടനം നടത്താനായാല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മികച്ച വിജയം കൊയ്യുമെന്നും പുജാര വിശദമാക്കി.
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിത്തിലാണ്. കാണികള്‍ക്കു സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications