ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായക താരങ്ങളിലൊരാണ് സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ചൈനാ മാന്‍ ബൗളറായ അദ്ദേഹം ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ്. ഐപിഎല്ലിന്റെ 18ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് കുല്‍ദീപിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്.
പതിവുപോലെ ടീമിനായി അദ്ദേഹം മികച്ച ബൗളിങ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഐപിഎല്ലിനു ശേഷം ബാല്യകാല സഖിയായ വന്‍ഷികയുമായുള്ള കുല്‍ദീപിന്റെ വിവാഹനിശ്ചയവും വളരെ ആര്‍ഭാടമായി തന്നെ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു.
അതിനു ശേഷം വന്‍ഷികയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കുല്‍ദീപ് പങ്കുവച്ചിരുന്നെങ്കിലും വൈകാതെ ഡിലീറ്റ് ചെയ്യുകയായിരുന്നു. താരത്തിന്റെ ഈ പ്രവര്‍ത്തി ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണമാണ് ഇപ്പോള്‍ അവര്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്.

ഫോട്ടോസ് എന്തിന് ഒഴിവാക്കി?
പ്രതിശ്രുത വധുവിനൊപ്പുള്ള ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ കുല്‍ദീപ് യാദവ് എന്തുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്നുമൊഴിവാക്കി എന്നതിന്റെ യഥാര്‍ഥ കാരണമെന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല. ആരാധകരാവട്ടെ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുമുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കുയും ചെയ്യുന്നു.
ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ലീഡ്‌സിലാണ് ഇപ്പോള്‍ കുല്‍ദീപുള്ളത്. ക്രിക്കറ്റില്‍ നിന്നുള്ള തന്റെ ശ്രദ്ധ മാറിപ്പോവാതിരിക്കാനും ടെസ്റ്റ് പരമ്പരയില്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് താരം ഒഴിവാക്കിയതെന്നാണ് ചില ആരാധകരുടെ വിലയിരുത്തല്‍.
ഈ മാസം മാസം നാലിനു ലഖ്‌നൗവില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് കുല്‍ദീപും വന്‍ഷികയും മോതിരം കൈമാറിയത്. വളരെ അടുത്ത കുടുംബാംഗങ്ങളും ചില സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ സംബന്ധിച്ചുള്ളൂ. ഇന്ത്യന്‍ താരം റിങ്കു സിങും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ലഖ്‌നൗവിലെ ശ്യാംനഗര്‍ സ്വദേശിയായ വന്‍ഷിക എല്‍ഐസിയില്‍ ഉദ്യോഗസ്ഥ കൂടിയാണ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിവാഹച്ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നവംബറിലായിരിക്കും വിവാഹമെന്നും സൂചനകളുണ്ട്.

നിര്‍ണായക താരം
ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ അഗ്രസീവ് ബാസ്‌ബോള്‍ ശൈലിയെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കു കുല്‍ദീപ് യാദവിന്റെ സഹായം ആവശ്യമായി വന്നേക്കും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യയെ സംബന്ധിച്ച് പരമ്പരയില്‍ നിര്‍ണായകമായി മാറിയേക്കും. ബെര്‍മിങ്ഹാം, ലോര്‍ഡ്‌സ്, ഓവല്‍ എന്നീവിടങ്ങളിലെയുള്ള പിച്ചുകള്‍ സ്പിന്‍ ബൗളിങിനെയും തുണയ്ക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ടീമിന്റെ തുറുപ്പുചീട്ട് തന്നെയായിരിക്കും കുല്‍ദീപ്.
ഇംഗ്ലണ്ടില്‍ ഇതുവരെ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ബൗള്‍ ചെയ്തതാവട്ടെ വെറും ഒമ്പതു ഓവറുകള്‍ മാത്രമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമും എ ടീമും തമ്മിലുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം കളിച്ചു കൊണ്ടിരിക്കുകയാണ് കുല്‍ദീപ്. വെള്ളിയാഴ്ച മുതല്‍ ലീഡ്‌സില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
സ്പിന്നര്‍മാരെയും ഇവിടുത്തെ പിച്ചുകള്‍ തുണയ്ക്കാനിടയുണ്ടെന്നാണ് ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിനിടെ കുല്‍ദീപ് പറഞ്ഞത്. സ്പിന്നര്‍മാര്‍ക്കു നല്ല വിക്കറ്റായിട്ടാണ് ഇതു കാണപ്പെടുന്നത്. തുടക്കത്തില്‍ സീമര്‍മാര്‍ക്കു സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ മല്‍സരം പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്കും ഗെയിമിലേക്കു വരാന്‍ സാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.