അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റിയടിച്ച താരങ്ങളുടെ നിരയിലേക്കു ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും. നേരത്തേ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ അരങ്ങേറ്റ മല്‍സരത്തിലും സൂര്യകുമാര്‍ യാദവ് അരങ്ങേറ്റ ഇന്നിങ്‌സിലും ഫിഫ്റ്റിയുമായി മിന്നിച്ചിരുന്നു. അക്കൂട്ടത്തില്‍ ക്രുനാലുമെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് അദ്ദേഹം നേട്ടത്തിന് അവകാശിയായത്.

ഫിഫ്റ്റിക്കൊപ്പം ലോക റെക്കോര്‍ഡും ക്രുനാല്‍ ഈ മല്‍സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചു. ഏകദിനത്തിലെ വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനാണ് താരം അവകാശിയായത്. വെറും 26 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ ക്രുനാലിനു വേണ്ടിവന്നുള്ളൂ. വെറും 31 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം കളിയില്‍ പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ച നാലാമത്ത ഇന്ത്യന്‍ താരം കൂടിയാണ് ക്രുനാല്‍. അജിത് വഡേക്കര്‍ (1974), ബ്രിജേഷ് പട്ടേല്‍ (1974), റോബിന്‍ ഉത്തപ്പ (2006) എന്നിവരാണ് മറ്റു ഇന്ത്യന്‍ താരങ്ങള്‍. കൂടാതെ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റിനു കൂടി ക്രുനാല്‍ അവകാശിയായി. 187.10 ആയിരുന്നു ഈ കളിയില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 192.50ന്റെ സ്‌ട്രൈക്ക് റേറ്റുമായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് എലൈറ്റ് ലിസ്റ്റില്‍ തലപ്പത്ത്. 176.92 സ്‌ട്രൈക്ക് റേറ്റുമായി യുവരാജ് സിങ് ക്രുനാലിനു പിന്നില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു.

ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും ക്രുനാല്‍ ഇടംപിടിച്ചു. ക്രുനാലിനെക്കൂടാതെ ബ്രിജേഷ് പട്ടേല്‍, അമയ് ഖുറേഷിയ, അഭിമന്യു മിഥുന്‍ എന്നിവരും കന്നി മല്‍സരത്തില്‍ രണ്ടു സിക്‌സറടിച്ചിട്ടുണ്ട്. അഞ്ചു സിക്‌സറുകളുമായി നവ്‌ജ്യോത് സിദ്ധുവാണ് ലിസ്റ്റിലെ ഒന്നാമന്‍. ഇന്ത്യക്കു വേണ്ടി ഏഴാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി ഏകദിനത്തില്‍ അരങ്ങേറ്റത്തില്‍ ഫിഫ്റ്റിയടിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായും ക്രുനാല്‍ മാറി. നേരത്തേ സാബ കരീം (55, എതിരാളി ദക്ഷിണാഫ്രിക്ക, 1997), രവീന്ദ്ര ജഡേജ (60*, ശ്രീലങ്ക, 2009) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവര്‍.
ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം വളരെ വികാരധീനനായാണ് ക്രുനാല്‍ തന്റെ ഫിഫ്റ്റിയെക്കുറിച്ച് പ്രതികരിച്ചത്. അടുത്തിടെ മരിച്ച മരിച്ച അച്ഛന് ഈ ഇന്നിങ്‌സ് സമര്‍പ്പിക്കുന്നതായി പറഞ്ഞ ശേഷം ക്രുനാലിനു വാക്കുകള്‍ കിട്ടിയില്ല. തുടര്‍ന്നു സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തോളിലേക്കു ചായ്ഞ്ഞ് ക്രുനാല്‍ വിതുമ്പുകയും ചെയ്തു.