ഭാഗ്യം കൂടെയില്ലെങ്കിൽ അല്പം ക്ഷമ കാണിക്കണം, അഭിഷേക് ശർമ്മയ്ക്ക് മുൻ നായകന്റെ 'ക്ലാസ്'
തുടർച്ചയായ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോമിനെക്കുറിച്ച് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ടി20 റാങ്കിംഗിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേകിന് ഈ ലോകകപ്പിൽ ഇതുവരെ ഒരു റൺസ് പോലും നേടാൻ സാധിച്ചിട്ടില്ല. നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയത്.
നിരാശ പ്രകടമാണ്, അല്പം സമയം എടുക്കൂ:
"ആദ്യ രണ്ട് കളികളിലും പൂജ്യത്തിന് പുറത്തായ ഒരാൾ കുറഞ്ഞത് രണ്ട് പന്തെങ്കിലും നേരിടാൻ സമയം എടുക്കണം. കണ്ണ് ഒന്ന് പിച്ചിൽ സെറ്റാകുന്നത് വരെ കാത്തിരിക്കുന്നതിൽ തെറ്റൊന്നുമില്ല. ഭാഗ്യം കൂടെയില്ലാത്ത സമയത്ത് ക്രോസ് ബാറ്റ് ഷോട്ടിന് മുതിരാതെ നേരെ കളിക്കാൻ നോക്കണം," ശ്രീകാന്ത് പറഞ്ഞു. ഈ വർഷം കളിച്ച എട്ട് ഇന്നിംഗ്സുകളിൽ അഞ്ചിലും അഭിഷേക് പൂജ്യത്തിന് പുറത്തായ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്ധമായി അടിച്ചു കളിക്കരുത്:
താരത്തിന്റെ സ്വാഭാവിക ശൈലി മാറ്റേണ്ടതില്ലെങ്കിലും ആദ്യ പന്ത് മുതൽ അടിച്ചുകളിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. "എന്തിനാണ് എല്ലാ പന്തും അടിച്ചുതകർക്കാൻ ശ്രമിക്കുന്നത്? മനസ്സ് നിയന്ത്രണത്തിലല്ലാത്തപ്പോഴാണ് ബാറ്റ് ഇങ്ങനെ അനാവശ്യമായി ചുഴറ്റുന്നത്. ഇഷാൻ കിഷനെപ്പോലെ ഒന്ന് സെറ്റാകാൻ സമയം എടുക്കുക. നിരാശ ബാധിച്ച ഒരു താരത്തിന്റെ ലക്ഷണമാണ് അഭിഷേകിന്റെ പുറത്താകലുകളിൽ കാണുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം ക്രൂരമാണ്:
നല്ല ഫോമിലായിരിക്കുമ്പോൾ പുകഴ്ത്തുന്നവർ മോശം ഫോമിലാകുമ്പോൾ അത്രതന്നെ ക്രൂരമായി വിമർശിക്കുമെന്നും താരം വ്യക്തിപരമായ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു. ലോകകപ്പ് സൂപ്പർ 8 ലേക്ക് കടക്കുമ്പോൾ ഓപ്പണിംഗ് താരം ഇത്തരത്തിൽ പതറുന്നത് ടീമിനെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
നെതർലാൻഡ്സിനെതിരായ വിജയം
ടി20 ലോകകപ്പിൽ നെതർലാൻഡ്സിനെ ഇന്ത്യ 17 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 193 റൺസ് അടിച്ചെടുത്തു. ശിവം ദുബെയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലാൻഡ്സ് 20 ഓവറിൽ 176 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും ശിവം ദുബെ രണ്ടും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 31 പന്തുകളിൽ നിന്നും 66 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശിവം ദുബെയാമ് കളിയിലെ താരം. നെതർലാൻഡ്സിനെതിരായ മത്സരം വിജയിച്ചതോടെ അപരാചിതരായി ഇന്ത്യ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്റീസ്, സിംബാബ്‍വേ എന്നീ ടീമുകൾ അടങ്ങുന്ന ഒന്നാം ഗ്രൂപ്പിലാണ് ഇന്ത്യ. സൂപ്പർ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications