ഐപിഎൽ 2026ലെ ഏറ്റവും യങ് ടീം ഏതെന്ന് ചോദിച്ചാൽ ക്രിക്കറ്റ് ആരാധകർക്ക് ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടാകൂ, രാജസ്ഥാൻ റോയൽസ്. മുൻ നായകൻ സഞ്ജു സാംസൺ ഒഴിഞ്ഞ നായകസ്ഥാനം ഏറ്റുവാങ്ങിയ റിയാൻ പരാഗ് ഉൾപ്പടെ യുവ താരങ്ങളുടെ വലിയൊരു നിര തന്നെ രാജസ്ഥാനുണ്ട്. ഇപ്പോഴിതാ മുൻ ഇന്ത്യൻ നായകൻ കൃഷ്ണമചാരി ശ്രീകാന്ത് രാജസ്ഥാന്റെ സാധ്യതാ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൽ പല സർപ്രൈസ് എൻട്രികളുമുണ്ട്.
IPL 2026: സൺറൈസേഴ്സ് വടി കൊടുത്ത് അടി വാങ്ങുന്നോ? പൊന്നുവിലയുടെ ഫ്ലോപ്പ് താരങ്ങൾ അനവധി
ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയെ ശ്രീകാന്ത് തന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്നും 37 ആവറേജിലും 10 റൺ റേറ്റിലും തുഷാർ വീഴ്ത്തിയത് വെറും 9 വിക്കറ്റുകൾ മാത്രമാണ്. മൊത്തത്തിൽ ഫോം ഔട്ടായി തുടരുന്ന തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്കാണ് രാജസ്ഥാൻ നിലനിർത്തിയത്.

യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയുമാണ് ശ്രീകാന്തിന്റെ ലിസ്റ്റിലെ ഓപ്പണേഴ്സ്. മികച്ച ഫോമിൽ ബാറ്റ് വീശുന്ന വൈഭവും ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ കെൽപ്പുള്ള ജയ്സ്വാളും രാജസ്ഥാൻ നിരയുടെ മുതൽക്കൂട്ടാണ്. മൂന്നാം നമ്പറിലും ഒരു ലെഫ്റ്റി തന്നെയാണ്. വെസ്റ്റ് ഇന്റീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മെയർ. നായകൻ റിയാൻ പരാഗ് നാലാം നമ്പറിൽ ഇറങ്ങട്ടെയെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദ്രുവ് ജുറേൽ അഞ്ചാമതും മുൻ നായകൻ സഞ്ജു സാംസണ് പകരക്കാരനായി ടീമിലെത്തിയ രവീന്ദ്ര ജഡേജ ആറാമതും ഇറങ്ങുന്ന സ്ക്വാർഡാണ് ശ്രീകാന്തിന്റെ മനസിൽ. ഏഴാമനായി പ്രോട്ടീസ് ബിഗ് ഹിറ്റർ ഡൊനവൻ ഫെരാരിയ കൂടിയാകുമ്പോൾ ശ്രീകാന്തിന്റെ രാജസ്ഥാൻ ടോപ് സെവൻ റെഡി.
IPL 2026: യുവിയുടെ ശിഷ്യനാവൂ!! ഒപ്പം മറ്റൊരു മാറ്റം കൂടി, റിഷഭിന് അശ്വിന്റെ ഉപദേശം
ഇനി അണിനിരക്കുന്നത് പേസ് നിരയാണ്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ, പ്രോട്ടീസ് ലെഫ്റ്റ് ആം സീമർ നാൻഡ്രേ ബർഗർ, ഇന്ത്യൻ വെറ്ററൻ സന്ദീപ് ശർമ്മ എന്നിവരാണ് പേസ് നിരയിലെ കൊമ്പന്മാർ. ഇന്ത്യൻ സ്പിൻ ബൗളർ രവി ബിഷ്ണോയിയോടെ ശ്രീകാന്തിന്റെ ലിസ്റ്റ് പൂർത്തിയാകുന്നു. ജഡേജയ്ക്കൊപ്പം രാജസ്ഥാൻ സ്പിൻ അറ്റാക്കിന് നങ്കൂരമിടാൻ ബിഷ്ണോയ്ക്ക് സാധിക്കും. പവർ ഹിറ്റർ ശുഭം ദൂബെയാണ് ശ്രീകാന്തിന്റെ ഇംപാക്ട് പ്ലെയർ. അതേസമയം, ടീമിൽ സാം കറന് സ്ഥാനമില്ലേ എന്നും ചോദിക്കുന്നവരുണ്ട്. കാലങ്ങളായി രാജസ്ഥാന്റെ മുഖമായിരുന്ന സഞ്ജു സാംസൺ ടീം വിട്ടത് പുതിയ നായകനും മാനേജ്മെന്റും എങ്ങനെ ശരിയാക്കും എന്നതാണ് ഏറ്റവും വലിയ ആശങ്ക. മാർച്ച് 30ന് സഞ്ജുവിന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
ക്രിഷ് ശ്രീകാന്തിന്റെ രാജസ്ഥാൻ റോയൽസ് സാധ്യതാ ടീം
യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ഷിംറോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ദ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, ഡൊനവൻ ഫെരാരിയ, ജോഫ്രാ ആർച്ചർ, നാൻഡ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ്, ശുഭം ദൂബെ