ഐപിഎല്‍: കരുത്തറിയിച്ച് കെകെആര്‍... അനായാസ ജയം, രാജസ്ഥാന്‍ തരിപ്പണം
ജയ്പൂര്‍: ഐപിഎല്ലിലെ 15ാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം. ഹാട്രിക് ജയം തേടി സ്വന്തം മൈതാനമായ സവായ് മാന്‍സിങ് സ്‌റ്റേഡിത്തില്‍ ഇറങ്ങിയ രാജസ്ഥാനെ വിക്കറ്റിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും കൊല്‍ക്കത്തയുടെ മൂന്നാം വിജയമാണിത്. തുടര്‍ച്ചയായി രണ്ടാമത്തേതും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 160 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെ തീരുമാനം തെറ്റായിപ്പോയില്ലെന്നു തെളിയിക്കുന്ന പ്രകടനമാണ് കൊല്‍ക്കത്ത ബൗളര്‍മാര്‍ കാഴ്ചവച്ചത്. മറുപടിയില്‍ 18.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തി.

ഉത്തപ്പ ടോപ്സ്കോറര്‍
48 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് കെകെആറിന്റെ ടോപ്‌സകോററായത്. 36 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്.
ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 25 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 35 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കാര്‍ത്തികും നിതീഷ് റാണയും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കിയത്.
23 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം കാര്‍ത്തിക് 42ഉം 27 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 35 റണ്‍സോടെ റാണയും പുറത്താവാതെ നിന്നു രാജസ്ഥാനു വേണ്ടി ഗൗതം രണ്ടു വിക്കറ്റ് വീഴ്ത്തി.

തുടക്കം തകര്‍ച്ചയോടെ
161 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ ക്രിസ് ലിന്നിനെ കെകെആറിനു നഷ്ടമായി. അക്കൗണ്ട് തുറക്കുംമുമ്പ് തന്നെ ലിന്നിനെ ഗൗതം ബൗള്‍ഡാക്കുകയായിരുന്നു.
എന്നാല്‍ റോബിന്‍ ഉത്തപ്പയും സുനില്‍ നരെയ്‌നും ചേര്‍ന്നു കെകെആറിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 69 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്.

അര്‍ധസെഞ്ച്വറിയില്ല
രാജസ്ഥാന്‍ നിരയില്‍ ഒരാള്‍ക്കുപോലും അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചില്ല. 44 റണ്‍സെടുത്ത ഓപ്പണറും ഓസീസ് താരവുമായ ഡാര്‍സി ഷോര്‍ട്ടാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 43 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് രാജസ്ഥാന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
രഹാനെ 36 റണ്‍സുമായി മിന്നി. കേവലം 19 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് രഹാനെ 36 റണ്‍സെടുത്തത്.

മികച്ച തുടക്കം
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രഹാനെയും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്നു രാജസ്ഥാന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആക്രമണോല്‍സുക ശൈലിയില്‍ കളിച്ച രഹാനെയെ പുറത്താക്കി നിതീഷ് റാണയാണ് കെകെആറിന് നിര്‍ണായക ബ്രേക് ത്രൂ നല്‍കിയത്. റാണയുടെ പന്തില്‍ ക്രീസിന്റെ പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച രഹാനെയെ കാര്‍ത്തിക് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.

നിറംമങ്ങി സഞ്ജു
മൂന്നാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണിന് തൊട്ടുമുമ്പത്തെ കളിയിലേതു പോലെ തീപ്പൊരി ഇന്നിങ്‌സ് ഇത്തവണ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഏഴു റണ്‍സെടുക്കാനേ സഞ്ജുവിനായുള്ളൂ. എട്ടു പന്തില്‍ ഒരു ബൗണ്ടറിയടക്കം ഏഴു റണ്‍സ് നേടിയ സഞ്ജുവിനെ ശിവം മാവിയുടെ ബൗളിങില്‍ കുല്‍ദീപ് യാദവ് പിടികൂടി.
രാഹുല്‍ ത്രിപാഠി (15), ബെന്‍ സ്റ്റോക്‌സ് (14), കൃഷ്ണപ്പ ഗൗതം (12), ജോസ് ബട്‌ലര്‍ (24*) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. കെകെആറിനു വേണ്ടി നിതീഷ് റാണയും ടോം ക്യുറാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications