കോലി കളമൊഴിഞ്ഞു, ടെസ്റ്റ് നായകനായി ഇനിയാര്? സാധ്യതാ പട്ടികയില്‍ ഈ മൂന്ന് പേര്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിയുടെ നിരാശയിലിരിക്കുന്ന ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് വിരാട് കോലി നടത്തിയത്. ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനവും അദ്ദേഹം രാജിവെച്ചിരിക്കുകയാണ്. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനം രാജിവെച്ച കോലിയെ പിന്നീട് ഏകദിന നായകസ്ഥാനത്ത് നിന്നും ഇന്ത്യ മാറ്റിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ നായകനായി ഇനിയും ഏറെക്കാലം കോലി മുന്നോട്ട് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും എല്ലാവരെയും ഞെട്ടിച്ച് കോലി ടെസ്റ്റ് നായകസ്ഥാനം രാജിവെക്കുകയായിരുന്നു.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുകയെന്നത് തന്നെയാണ് കോലി ചെയ്തിരിക്കുന്നത്. എന്നാല്‍ കോലിക്ക് ഇത്രയും തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനം എടുക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കുറച്ച് മാസങ്ങളായി ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി കോലിക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതാം.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന വിശേഷണത്തോടെ തന്നെയാണ് കോലി പടിയിറങ്ങുന്നത്. വിദേശ മൈതാനത്ത് എങ്ങനെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാമെന്ന് കോലി കാട്ടിത്തന്നു. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് കോലിയാണ്. നാട്ടില്‍ ഇന്ത്യയെ ആര്‍ക്കും കീഴടക്കാന്‍ പറ്റാത്ത നിരയാക്കി മാറ്റാന്‍ കോലിക്കായി. ഐസിസി കിരീടങ്ങള്‍ കോലിയില്‍ നിന്നും അകന്നു നിന്നെങ്കിലും നായകനെന്ന നിലയില്‍ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ത്തന്നെ കോലി നേടിയിട്ടുണ്ട്.
കോലി പടിയിറങ്ങുമ്പോള്‍ വലിയ ശൂന്യതയാണ് മുന്നിലെന്ന് പറയാം. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാരെന്നതാണ് പ്രധാന ചോദ്യം. നിലവിലെ താരങ്ങളില്‍ നിന്ന് മികച്ചൊരു നായകനെ കണ്ടെത്തി വളര്‍ത്തുകയെന്നത് എളുപ്പമല്ല. എന്തായാലും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റിഷഭ് പന്ത്
ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍ റിഷഭ് പന്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള റിഷഭ് ഇന്ത്യന്‍ ടീമിലെ എക്‌സ് ഫാക്ടറാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏഷ്യയിലെ ഏക വിക്കറ്റ് കീപ്പറാണ് റിഷഭ്. എന്നാല്‍ ടെസ്റ്റില്‍ നായകാനാവാനുള്ള പരിചയസമ്പത്തായോ എന്നത് ആലോചിക്കേണ്ട വസ്തുതയാണ്. 28 ടെസ്റ്റില്‍ നിന്ന് 1735 റണ്‍സാണ് റിഷഭിന്റെ പേരിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്തായാലും ഇന്ത്യയുടെ പരിഗണനയിലുള്ള താരങ്ങളിലൊരാള്‍ റിഷഭ് പന്താണ്.

കെ എല്‍ രാഹുല്‍
ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനായ രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു. ശാന്തനായ താരമാണെങ്കിലും നായകനെന്ന നിലയിലെ രാഹുലിന്റെ മികവ് എത്രത്തോളമെന്നത് കണ്ടറിയണം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന നിലയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചെങ്കിലും വലിയ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. കോലി നായകസ്ഥാനം ഒഴിഞ്ഞാലും താരമെന്ന നിലയില്‍ ടീമില്‍ തുടരുമെന്നുറപ്പാണ്. കോലിക്കും താല്‍പര്യമുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. അതുകൊണ്ട് തന്നെ രാഹുല്‍ ഇന്ത്യയുടെ പുതിയ നായകനായി എത്താനുള്ള സാധ്യത കൂടുതലാണ്.

രോഹിത് ശര്‍മ
ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാണ് രോഹിത് ശര്‍മ. ടെസ്റ്റിലും ഓപ്പണര്‍മാരില്‍ മുഖ്യ സ്ഥാനങ്ങളിലൊന്ന് രോഹിത്തിനുള്ളതാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാണ് രോഹിത്. കൂടാതെ സീനിയര്‍ താരവും. ഇക്കാരണങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനായി രോഹിത് ശര്‍മ എത്താനാണ് സാധ്യത കൂടുതല്‍. പരിക്കിന്റെ പിടിയിലുള്ള രോഹിത് ഉടന്‍ തന്നെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തും. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിനെ നായകനാക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. രോഹിത്തിന്റെ പ്രകടനത്തെ അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനത്തിലേക്ക് ബിസിസിഐ എത്താനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications