ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ടീമംഗങ്ങള്‍ക്കു റോള്‍ മോഡലാണെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നു മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു ഇന്ത്യ തയ്യാറെടുക്കവെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ലക്ഷ്മണ്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഒരുപാട് തവണ ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണിത്. ബാറ്റിങിലായും ഫീല്‍ഡിങിലും കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും ആവേശവും പ്രശംസനീയമാണ്. മറ്റുള്ളവര്‍ക്കു മാതൃകയാവുന്ന തരത്തിലാണ് കോലി ടീമിനെ നയിക്കുന്നതെന്നും ലക്ഷ്മണ്‍ വിലയിരുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് താന്‍ മികച്ച റോള്‍ മോഡലാവുന്നതെന്നും ഒരു ക്യാപ്റ്റന്‍ എങ്ങനെ ആയിരിക്കണമെന്നും കോലി ടീമംഗങ്ങള്‍ക്കു കാണിച്ചു കൊടുക്കുന്നു. എങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം ഇനിയും ഏറെ ദൂരം മുന്നോട്ടു പോവാനുണ്ട്. ചില കാര്യങ്ങളില്‍ കോലി ഇനിയും മെച്ചപ്പെടാനുണ്ടെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
ടീമില്‍ കോലി ഇടക്കിടെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഒരു പോരായ്മയെന്നും ഇതു താരങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. പരിചയ സമ്പന്നനോ, പുതുമുഖമോ ആവട്ടെ എങ്ങനെയുള്ള താരമായാലും ടീമില്‍ സ്ഥിരതയും സുരക്ഷിതത്വവുമാണ് ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ കഴിവിന്റെ പരമാവധി പുറത്തെടുക്കാനും ടീമിനു വേണ്ടി പെര്‍ഫോം ചെയ്യാനും സാധിക്കുകയുള്ളൂ. ഇക്കാര്യത്തിലാണ് കോലി ഇനിയും മെച്ചപ്പെടാനുള്ളത്.

താരങ്ങള്‍ക്കു ടീമില്‍ സുരക്ഷതിത്വം ഉറപ്പ് വരുത്തേണ്ടത് കോലിയുടെ ചുമതലയാണ്. ഇതിനു വേണ്ടി ഇടക്കിടെ ടീമില്‍ അഴിച്ചുപണി നടത്തുന്നത് അവസാനിപ്പിക്കണമെന്നും ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. ചിലപ്പോള്‍ ഫീല്‍ഡിങില്‍ കോലി മാറ്റം വരുത്തുമ്പോള്‍ അത് കുറച്ച് ഡിഫന്‍സീവാണെന്നു തോന്നാറുണ്ട്. ഇതാണ് ക്യാപ്റ്റന്‍സിയിലെ മറ്റൊരു പോരായ്മയായി തോന്നിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ശരിയായ ബാറ്റിങ് കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ബാറ്റിങ് ലൈനപ്പിലും ഓപ്പണിങ് കോമ്പിനേഷനിലുമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യയുടെ പരിശീലന മല്‍സരങ്ങള്‍ കണ്ടപ്പോള്‍ രണ്ടാമത്തെ പിങ്ക് ബോള്‍ ത്രിദിന മല്‍സരത്തില്‍ കെഎല്‍ രാഹുലിനെ കളിപ്പിക്കാതിരുന്നതില്‍ അദ്ഭുതം തോന്നിയെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.