
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണിലെ തുടര്‍തോല്‍വിക്ക് ബ്രേക്കിട്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ക്യാപ്റ്റന്‍ വിരാട് കോലിക്ക് നേരിയ തിരിച്ചടിയായി പിഴ. ശനിയാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നേടിയ ആശ്വാസ ജയത്തിനു പിന്നാലെയാണ് ആര്‍സിബി ക്യാപ്റ്റനായ കോലിക്ക് പിഴ ലഭിച്ചത്. പഞ്ചാബിനെതിരായ മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം രൂപയാണ് കോലിക്ക് പിഴ ലഭിച്ചത്.

ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ലഭിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് കോലി. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സിന്റെ അജിന്‍ക്യ രഹാനെ എന്നിവര്‍ക്കാണ് ഈ സീസണില്‍ ഇതിനു മുമ്പ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ലഭിച്ചത്.
പഞ്ചാബിനെതിരേ ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചയിച്ചതിലും വളരെ വൈകിയാണ് ബൗളിങ് പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ ആറ് മല്‍സരങ്ങള്‍ക്കു ശേഷമാണ് പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കോലിയും സംഘവും ഐപിഎല്‍ സീസണിലെ ആശ്വാസ ജയം നേടിയത്.