എബിഡിയെ കടത്തിവെട്ടി കോലി!! എട്ടും നേടി, കോലിക്കൂട്ടത്തിന് ഒമ്പതില്‍ പിഴച്ചു

ലീഡ്‌സ്: കോലിക്കൂട്ടത്തിന്റെ വിജയക്കുതിപ്പിന് ഇംഗ്ലീഷ് മണ്ണില്‍ അന്ത്യമായിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 1-2നാണ് ഇന്ത്യ കൈവിട്ടത്. ആദ്യത്തെ മല്‍സരത്തില്‍ ആധികാരിക വിജയവുമായി തുടങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ടു കളികളിലും ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനു മുന്നില്‍ നിഷ്പ്രഭരാവുകായിരുന്നു.
ലോക റാങ്കിങില്‍ തങ്ങളുടെ ഒന്നാംസ്ഥാനം അടിവരയിടുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ലീഡ്‌സില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ എട്ടു വിക്കറ്റിനാണ് ആതിഥേയര്‍ കോലിയെയും സംഘത്തെയും തരിപ്പണമാക്കിയത്. മല്‍സരത്തിലെ പ്രധാനപ്പെട്ട ഹൈലൈറ്റ്‌സ് എന്തൊക്കെയാണെന്നു നോക്കാം.

കോലിക്ക് റെക്കോര്‍ഡ്
ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി മൂന്നാം ഏകദിനത്തില്‍ പുതിയൊരു റെക്കോര്‍ഡ് കുറിച്ചു. കളിയില്‍ 71 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഈ ഇന്നിങ്‌സോടെ കോലി സ്വന്തം പേരിലാക്കിയത്. നേത്തേ വേഗമേറിയ 1000, 2000 റണ്‍സ് റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്റെ പേരിലായിരുന്നു.
വെറും 49 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 3000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ (69 ഇന്നിങ്‌സ്) പേരിലുള്ള റെക്കോര്‍ഡ് കോലി മറികടക്കുകയായിരുന്നു. എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി എന്നിവരാണ് ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ് തികച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.

റൂട്ട്- മോര്‍ഗന്‍ സൂപ്പര്‍ കോമ്പോ
ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റിങ് ജോടികളെന്ന നേട്ടത്തിന് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍- ജോ റൂട്ട് സഖ്യത്തിന്റെ പേരിലായി. അലെസ്റ്റര്‍ കുക്ക്- ഇയാന്‍ ബെല്‍ ജോടിയുടെ പേരിലായിരുന്ന 2118 റണ്‍സെന്ന റെക്കോര്‍ഡാണ് റൂട്ട്- മോര്‍ഗന്‍ സഖ്യം മറികടന്നത്.
മൂന്നാം ഏകദിനത്തില്‍ റൂട്ട് പുറത്താവാതെ 100ഉം മോര്‍ഗന്‍ പുറത്താവാതെ 88ഉം റണ്‍സ് നേടിയിരുന്നു. ഇവരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്.

ആദ്യ പരമ്പര തോല്‍വി
ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നാണ് ഇന്ത്യ കൈവിട്ടത്. കോലിക്കു കീഴില്‍ ഇതാദ്യമായാണ് രണ്ടു ടീമുകളുള്‍പ്പെട്ട ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടമായത്.
കൂടാതെ തുടര്‍ച്ചയായ എട്ട് ഏകദിന പരമ്പരകള്‍ക്കു ശേഷം കോലിക്കു നേരിട്ട ആദ്യത്തെ തോല്‍വി കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്.

ട്രെസ്‌കോത്തിക്കിനെ മറികടന്ന് റൂട്ട്
കരിയറിലെ 13ാമത്തെ ഏകദിന സെഞ്ച്വറിയാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് കഴിഞ്ഞ മല്‍സരത്തില്‍ നേടിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരമെന്ന നേട്ടത്തിനാണ് റൂട്ട് അര്‍ഹനായത്.
മുന്‍ ഓപ്പണര്‍ മാര്‍ക്കസ് ട്രെസ്‌കോത്തിക്കിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് റൂട്ട് തിരുത്തിയെഴുതുകയായിരുന്നു.

1997നു ശേഷം ഇതാദ്യം
പരമ്പര വിജയികളെ തീരുമാനിക്കുന്ന നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ഇന്ത്യക്കു പരാജയം നേരിടുന്നത് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
രണ്ടു ടീമുകള്‍ മാറ്റുരച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന കളിയില്‍ ഇന്ത്യ 1997നു ശേഷം തോല്‍വിയറിഞ്ഞിട്ടില്ലായിരുന്നു. 97ല്‍ ലാഹോറില്‍ നടന്ന മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.

സിക്‌സര്‍ ക്ഷാമം
ഇന്ത്യന്‍ ബാറ്റിങ് നിരയെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഏകദിന പരമ്പരയായിരിക്കും ഇംഗ്ലണ്ടിനെതിരേയുള്ളത്. െവെടിക്കെട്ട് ഇന്നിങ്‌സിനു പേരുകേട്ട നിരവധി ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുണ്ടായിട്ടും മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വെറും രണ്ടു സിക്‌സറുകള്‍ മാത്രമേ ഇന്ത്യ നേടിയിട്ടുള്ളൂ.
മൂന്നാം ഏകദിനത്തില്‍ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറാണ് ഇന്ത്യയുടെ രണ്ടാം സിക്‌സറിന് അവകാശിയായത്. ആദ്യ സിക്‌സര്‍ രോഹിത് ശര്‍മയുടെ വകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications