ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന നാലു ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മധ്യനിരയുടെ നട്ടെല്ലായ ചേതേശ്വര്‍ പുജാരയുമിറങ്ങുന്നത്. പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ കൂടിയാണ് ഇരുവരും.

45 സെഞ്ച്വറികള്‍ കോലിയും പുജാരയും കൂടി ടെസ്റ്റില്‍ നേടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സെഞ്ച്വറി ഇരുവര്‍ക്കും അന്യമാണ്. 2019 നവംബറിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു കോലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറിയെങ്കില്‍ ഇതേ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയിലായിരുന്നു പുജാരയുടെ അവസാന സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ സെഞ്ച്വറി ക്ഷാമത്തിനു വിരാമമിടുകയെന്ന ലക്ഷ്യത്തോടെയാവും കോലിയും പുജാരയും ഇറങ്ങുക.
2016ല്‍ ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ കോലി റണ്‍സ് വാരിക്കൂട്ടിയിരുന്നു. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 110ന് അടുത്ത ശരാശരിയില്‍ 655 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. പുജാരയാവട്ടെ 401 റണ്‍സും സംഭാവന ചെയ്തു. അന്നത്തെ പ്രകടനം ഇനി വരാനിരിക്കുന്ന പരമ്പരയിലും പുറത്തെടുക്കാനൊരുങ്ങുകയാണ് ഇരുവരും.
ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഏറ്റവുധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡാണ് കോലിയെയും പുജാരയെയും കാത്തിരിക്കുന്നത്. നിലവില്‍ 22 ടെസ്റ്റുകളില്‍ നിന്നും 1331 റണ്‍സുമായി ഗവാസ്‌കറാണ് എലൈറ്റ് ലിസ്റ്റില്‍ തലപ്പത്ത്. മുന്‍ താരങ്ങളായ ഗുണ്ടപ്പ വിശ്വനാഥ് (1022 റണ്‍സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (960 റണ്‍സ്), വിജയ് മഞ്ജരേക്കര്‍ (885 റണ്‍സ്), എംഎല്‍ ജയ്‌സിന്‍ഹ (843 റണ്‍സ്) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

നിലവില്‍ ജയ്‌സിന്‍ഹയോടൊപ്പം കോലി അഞ്ചാംസ്ഥാനം പങ്കിടുകയാണ്. 10 ടെസ്റ്റുകളിലാണ് ജയ്‌സിന്‍ഹ 843 റണ്‍സെടുത്തതെങ്കില്‍ കോലി ഒമ്പത് ടെസ്റ്റുകളിലാണ് ഇത്രയും റണ്‍സ് നേടിയത്. പുജാര ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 839 റണ്‍സുമായി കോലിക്കു പിന്നിലുണ്ട്. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച ഫോമില്‍ കളിക്കാനായാല്‍ കോലി, പുജാര എന്നിവരിലൊരാള്‍ ഗവാസ്‌കറിനെ പിന്തള്ളി ഒന്നാമതെത്തിയേക്കും. ഇതോടെ സച്ചിനും വഴിമാറിക്കൊടുക്കേണ്ടി വരും.
ഈ മാസം അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലും നടക്കും. മൂന്നാമത്തെ ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ്.