Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പരമ്പരകള്‍ അനായാസം ഉപേക്ഷിച്ചു, ഐപിഎല്‍ എന്തു കൊണ്ട് റദ്ദാക്കിയില്ല? കാരണമറിയാം

കൊവിഡ് കാലത്തും ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഉണ്ടാവില്ലെന്നു കരുതിയ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഒടുവില്‍ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യുഎഇയിലായിരിക്കും ഐപിഎല്‍ നടക്കുകയെന്ന് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തില്‍ ബിസിസിഐ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ നിരവധി പരമ്പരകള്‍ കൊവിഡിനെ തുടര്‍ന്ന് ബിസിസിഐ വേണ്ടെന്നു വച്ചിരുന്നു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയാണ് ആദ്യം ഉപേക്ഷിച്ചത്. പിന്നീട് ശ്രീലങ്ക, സിംബാബ്‌വെ പര്യടനങ്ങളും ഇന്ത്യ വേണ്ടെന്നു വച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ കാര്യത്തില്‍ മാത്രം ബിസിസിഐ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇപ്പോഴിതാ അനുയോജ്യമായ സമയമെത്തിയപ്പോള്‍ ഐപിഎല്‍ നടക്കാനും പോവുകയാണ്. ഐപിഎല്‍ റദ്ദാക്കുന്നത് ബിസിസിഐയ്ക്കു താങ്ങാവുന്നതിനും അപ്പുറമാണെന്നതാണ് യാഥാര്‍ഥ്യം. എന്തൊക്കെയാണ് ഇതിനു പിന്നിലെന്നു നമുക്കു നോക്കാം.

പൊന്‍മുട്ടയിടുന്ന താറാവ്

പൊന്‍മുട്ടയിടുന്ന താറാവ്

ബിസിസിഐയെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവ് തന്നെയാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ ഐപിഎല്ലിനോടു പ്രത്യേക താല്‍പ്പര്യം തന്നെ ബിസിസിഐയ്ക്കുണ്ട്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി ഐപിഎല്‍ മാറിക്കഴിഞ്ഞു. കോടികളാണ് ഐപിഎല്ലിലെ ഓരോ മല്‍സരത്തിലും ഒഴുകുന്നത്. ഇവയെത്തുന്നതാവട്ടെ ബിസിസിഐയുടെ ഖജനാവിലുമാണ്.
ബിസിസിഐയ്ക്കു ഇത്രത്തോളം വരുമാനം നല്‍കുന്ന മറ്റൊരു ടൂര്‍ണമെന്റും പരമ്പരയും ഇല്ല. ഏകദേശം 4000 കോടി രൂപയാണ് ബിസിസിഐയ്ക്കു ഐപിഎല്ലിലൂടെ മാത്രം ലഭിക്കുന്നതെന്നാണ് കണക്കുകള്‍. ഒറ്റയടിക്കു ഇത്രയും വലിയ തുക ലഭിക്കുന്നതിനാല്‍ തന്നെയാണ് ഐപിഎല്ലിനെ ബിസിസിഐ 'നിലത്തുനിര്‍ത്താതെ' കൊണ്ടു നടക്കുന്നത്.

മീഡിയ റൈറ്റ്‌സ് (3,300 കോടി)

മീഡിയ റൈറ്റ്‌സ് (3,300 കോടി)

ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശത്തില്‍ നിന്നാണ് ബിസിസിഐയ്ക്കു ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. ഇതിലൂടെ മാത്രം 3,300 കോടി രൂപ ബിസിസിഐയ്ക്കു കിട്ടുന്നുണ്ട്. നിലവില്‍ ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ടിവി പ്രതിവര്‍ഷം 3,300 കോടി രൂപയാണ് ബിസിസിഐയ്ക്കു നല്‍കി വരുന്നത്.
കൊവിഡ് മഹാമാരിക്കു മുമ്പ് തന്നെ ഈ സീസണിലെ ടൂര്‍ണമെന്റിനു മുന്നോടിയായി 2000 കോടി രൂപ സ്റ്റാര്‍ ഗ്രൂപ്പ് ബിസിസിഐയ്ക്കു അഡ്വാന്‍സായി നല്‍കിക്കഴിഞ്ഞു. ഇതിനു ശേഷമാണ് ബിസിസിഐയ്ക്കു ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്‌ക്കേണ്ടി വന്നത്.

വിവോയുടെ സ്‌പോണ്‍സര്‍ഷിപ്പ് (440 കോടി)

വിവോയുടെ സ്‌പോണ്‍സര്‍ഷിപ്പ് (440 കോടി)

ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയാണ് ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. 440 കോടി രൂപയാണ് വിവോ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്കു നല്‍കിവരുന്നത്.
ഈ വര്‍ഷം ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കവും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണവുമെല്ലാം നമ്മള്‍ കണ്ടെങ്കിലും വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ ധൈര്യം കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇതേക്കുറിച്ച് ആലോചിക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്.

മറ്റു സ്‌പോണ്‍സര്‍മാര്‍ (170 കോടി)

മറ്റു സ്‌പോണ്‍സര്‍മാര്‍ (170 കോടി)

വിവോയെക്കരൂടാതെ മറ്റു നിരവധി സ്‌പോണ്‍സര്‍മാരും ഐപിഎല്ലിനുണ്ട്. ഇവരില്‍ നിന്നെല്ലാമായി 170 കോടി രൂപയും ബിസിസിഐക്കു വരുമാനമായി ലഭിക്കുന്നു. ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍, പേ ടിഎം, സിയെറ്റ് തുടങ്ങി നിരവധി കമ്പനികള്‍ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാണ്.

പണം ബിസിസിഐ എന്തു ചെയ്യുന്നു?

പണം ബിസിസിഐ എന്തു ചെയ്യുന്നു?

4000 കോടിയോളം വരുന്ന തുക ബിസിസിഐ എന്തു ചെയ്യുന്നുവെന്ന സംശയം സ്വാഭാവികമായും എല്ലാവര്‍ക്കുമുണ്ടാവും. ബിസിസിഐയുമായി കരാറുള്ള താരങ്ങളുടെ ശമ്പളം നല്‍കുന്നത് ഈ തുകയില്‍ നിന്നാണ്. എന്നാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ബിസിസിഐ ചെലവഴിക്കുന്നത് രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റിനു വേണ്ടിയാണ്. പ്രതിവര്‍ഷം 2000ത്തിലധികം പ്രാദേശിക ക്രിക്കറ്റ് മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും ഐപിഎല്ലില്‍ നിന്നുള്ള വരുമാനമാണ് ബിസിസിഐ ഉപയോഗിക്കുന്നത്.
ഇതു മാത്രമല്ല വനിതാ ക്രിക്കറ്റിലേക്കും താഴേത്തട്ടില്‍ നിന്നുള്ള ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കുമെല്ലാം ബിസിസിഐയുടെ പണമെത്തുന്നത് ഐപിഎല്ലിലൂടെയാണ്

യുഎഇ അധികച്ചെലവ്

യുഎഇ അധികച്ചെലവ്

ഐപിഎല്‍ യഥാര്‍ഥത്തില്‍ ഇന്ത്യക്കു പുറത്തു വച്ച് നടത്തുന്നത് ബിസിസിഐയ്ക്കു അധികച്ചെലവ് തന്നെയാണ്. എന്നാല്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതു കൊണ്ട് മാത്രമാണ് പുതിയ സീസണ്‍ യുഎഇയിലേക്കു മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.
ടൂര്‍ണമെന്റിന് വേദിയാവാന്‍ സമ്മതം മൂളിയ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് വലിയൊരു തുക തന്നെ ബിസിസിഐയ്ക്കു നല്‍കേണ്ടിവരും. ഇതേക്കൂടാതെ താരങ്ങളുടെ താമസസൗകര്യം, പരിശീലനം എന്നിവയ്ക്കും ബിസിസിഐയ്ക്കു പണമിറക്കണം. എന്നാല്‍ ഇന്ത്യയിലായിരുന്നു ഐപിഎല്ലെങ്കില്‍ ഇവയില്‍ നിന്നും വലിയൊരു തുക ബിസിസിഐയ്ക്കു ലാഭിക്കാമായിരുന്നു.

Story first published: Friday, July 24, 2020, 14:13 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+