ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റി ജോടികളിലൊന്നാണ് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ രണ്ടു പേര്‍ കൂടിയാണ് ചഹലും ധനശ്രീയും. ഇന്‍സ്റ്റഗ്രാമില്‍ ധനശ്രീ തന്റെ ചടുലമായ നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുക്കുമ്പോള്‍ തമാശരൂപേണയുള്ള പോസ്റ്റുകളിലൂടെയാണ് ചഹല്‍ ആരാധകരെ രസിപ്പിക്കാറുള്ളത്.
ജോലി കൊണ്ട് ഡെന്റിസ്റ്റാണ് 25 കാരിയായ ധനശ്രീ. പക്ഷെ കൊറിയോഗ്രാഫിയും ഇവര്‍ക്കു വലിയ പാഷനാണ്. ഒരുപാട് ഫോളോവേഴ്‌സുള്ള യൂട്യൂബറും കൂടിയാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ ധനശ്രീ വര്‍മ കമ്പനിയെന്ന പേജും ഇവരുടെ പേരിലുണ്ട്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ധനശ്രീ ഡെന്റിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

ചഹലിന്റെ മല്‍സരവേദികളിലെല്ലാം പലപ്പോഴും പിന്തുണയുമായി ധനശ്രീ എത്താറുണ്ട്. പ്രത്യേകിച്ചും ഐപിഎല്ലിലെ ഒട്ടുമിക്ക മല്‍സരങ്ങളിലും അവര്‍ പ്രിയതമനു വേണ്ടി ഗാലറിയില്‍ ആര്‍പ്പുവിളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു മേഖലയിയുള്ള ഇരുവരും എങ്ങനെയാണ് പ്രണയത്തിലാവുകയും പിന്നീട് അതു വിവാഹത്തിലെത്തുകയും ചെയ്തത്? കൗതുകകരമായ ഇവരുടെ പ്രണയകഥയെക്കുറിച്ചറിയാം.
കൊവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണുമായിരുന്നു ചഹലും ധനശ്രീയും തമ്മിലുള്ള പ്രണയത്തിനു വഴിയൊരുക്കിയത്. ദീര്‍ഘകാലം മല്‍സരങ്ങളൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ ബോറടി മാറ്റാന്‍ ചഹല്‍ നൃത്തം പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്തു ധനശ്രീയുടെ കൊറിയോഗ്രാഫി വീഡിയോകള്‍ താരം യൂട്യുബില്‍ കാണുകയും അങ്ങനെ ഇവര്‍ക്കു കീഴില്‍ പഠിക്കാനുമുള്ള തീരുമാനമെടുക്കുകയായിരുന്നു.
വിദ്യാര്‍ഥി- അദ്യാപിക ബന്ധമായിരുന്നു തങ്ങളുടെ സൗഹൃദത്തിന്റെ തുടക്കമെന്നു ധനശ്രീ പറയുന്നു. യൂട്യൂബില്‍ എന്റെ നൃത്ത വീഡിയോസ് ചഹല്‍ കണ്ടിരുന്നു. തുടര്‍ന്നു പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എന്നെ സമീപിക്കുകയുമായിരുന്നു. അങ്ങനെയാണ് നൃത്ത ക്ലാസ് തുടങ്ങുന്നത്. വളരെ പെട്ടെന്നു ഞങ്ങള്‍ അടുത്ത സൗഹൃത്തുക്കളായി മാറുകയും ചെയ്തു. വളരെ താഴ്മയുള്ള വ്യക്തിത്വത്തിന് ഉടമയാണ് ചഹല്‍. സൗഹൃദത്തോടെ എല്ലായ്‌പ്പോഴും പെരുമാറുന്ന അദ്ദേഹം നല്ലൊരു ഫാമിലി മാന്‍ കൂടിയാണ്. ചഹലിന്റെ വിനയമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.

വളരെ നല്ല രീതിയിലാണ് മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയെടുത്തത്. അതിനാല്‍ തന്നെ ജീവിത പങ്കാളിയായി ചഹലിനെപ്പോലെ വളരെ സിംപിളായ ഒരാളെ വേണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന തങ്ങള്‍ക്കിടയില്‍ വിരസമായ ഒരു നിമിഷം പോലും ഉണ്ടാവാന്‍ പോവുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ ധനശ്രി പറഞ്ഞിരുന്നു.
പരസ്പരം വളരെ നന്നായി അടുത്തറിഞ്ഞ ശേഷമായിരുന്നു ചഹലും ധനശ്രീയും വിവാഹിതരാവാന്‍ തീരുമാനിച്ചത്. പ്രണയത്തെക്കുറിച്ച് ചഹല്‍ തന്റെ മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്നു ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം തീരുമാനിക്കുകയുമായിരുന്നു.
2020 ആഗസ്റ്റ് എട്ടിനായിരുന്നു വിവാഹ നിശ്ചയത്തെക്കുറിച്ച് ചഹല്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിക്കുന്നത്. അതുവരെ ഇവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഗോസിപ്പുകളൊന്നും തന്നെ എവിടെയും വന്നിട്ടുമില്ല. ഇതേ വര്‍ഷം ഡിസംബര്‍ 22നു ഇവര്‍ വിവാഹിതരാവുകയും ചെയ്തു.