ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍ എന്ന വിശേഷണം വീരേന്ദര്‍ സെവാഗിന് ചേര്‍ന്നതാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരുവിളിച്ചാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയത്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ വമ്പന്മാരെല്ലാ കളം നിറഞ്ഞാടിയിരുന്ന സമയത്തും തന്റേതായ പാതയിലൂടെ സഞ്ചരിച്ച് കൈയടി നേടാന്‍ സെവാഗിന് സാധിച്ചിരുന്നു.
വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലാണ് സെവാഗ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പരിശീലനത്തിലേക്ക് ചുവടുവെച്ചിരുന്നെങ്കിലും പഞ്ചാബ് കിങ്‌സിനൊപ്പം നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തിന് ആ റോളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സെവാഗ് ക്രിക്കറ്റ് നിരൂപകനെന്ന റോളിലും കൈയടി നേടുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ? 2023ലെ കണക്കുകള്‍ പരിശോധിച്ച് വിലയിരുത്താം.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 300 കോടിക്ക് മുകളിലാണ് സെവാഗിന്റെ ആസ്തി. നിലവിലെ സെവാഗിന്റെ മാസ വരുമാനം 2 കോടിക്ക് മുകളിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരിക്കെ ലഭിച്ചതും ഐപിഎല്ലിലൂടെ ലഭിച്ചതുമാണ് സെവാഗിന്റെ പ്രധാന ആസ്തി. ഇതോടൊപ്പം നേരത്തെ മുതല്‍ ബിസിനസിലും അദ്ദേഹം ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിരുന്നു. കൂടാതെ ചില ബ്രാന്റുകളുടെ അംബാസഡറുമാണ് സെവാഗ്. ഇപ്പോള്‍ ബിസിനസാണ് പ്രധാന വരുമാന മാര്‍ഗം.
മൈക്രോ ബ്ലോഗിങ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സെവാഗ് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പ്രധാന ചില ബ്രാന്റുകളുടെ അംബാസഡറായും സെവാഗ് പ്രവര്‍ത്തിക്കുന്നു. അഡിഡാസ്, ബൂസ്റ്റ്, സാംസങ് മൊബൈല്‍സ്, ഹീറോ ഹോണ്ട, നിരാല ഗ്രൂപ്പ്, രസ്‌ന, റോയല്‍ ചലഞ്ച്, ജെകെ സിമന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഷിയോമി ഇന്ത്യ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്. യുട്യൂബിലൂടെയും സെവാഗിന് വരുമാനം ലഭിക്കുന്നുണ്ട്.
ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിലും സെവാഗ് അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം വലിയ കാഴ്ചക്കാരുമുണ്ട്. സെവാഗിന്റെ ഉടമസ്ഥതയിലുള്ള പ്രധാന സ്ഥാപനങ്ങളിലൊന്ന് സ്‌കൂളാണ്. സെവാഗ് അന്താരാഷ്ട്ര സ്‌കൂളെന്നാണ് ഇതിന്റെ പേര്. ഡല്‍ഹിയില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെയാണ് ഈ സ്‌കൂളുള്ളത്. 23 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ സ്‌കൂളാണിത്. വിവിധ കായിക ഇനങ്ങള്‍ക്ക് ഇവിടെ പരിശീലനവും നല്‍കുന്നുണ്ട്.
കരിയറിലെ സമ്പാദ്യത്തില്‍ നിന്ന് വലിയൊരു തുക അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവാക്കുന്നുണ്ട്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, അനാദര്‍ക്ക് ഭക്ഷണം, രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവയെല്ലാം സെവാഗ് മുടങ്ങാതെ ചെയ്യാറുണ്ട്. മക്കള്‍ക്കായി ഒരുപാട് സ്വത്ത് സമ്പാദിച്ച് അവരുടെ ജീവിതത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുന്നത് തെറ്റാണെന്ന നിലപാടാണ് സെവാഗിനുള്ളത്. സ്വന്തമായി സമ്പാദിച്ച് വളരണമെന്നാണ് സെവാഗിന്റെ ഉപദേശം.
അത്യാഡംഭര വാഹനങ്ങളോട് വലിയ താല്‍പര്യമുള്ളയാളാണ് സെവാഗ്. രണ്ട് കോടിയുടെ ജാഗോര്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യു 5, ബിഎംഡബ്ല്യു 6 എന്നിവയോടൊപ്പം ഫോര്‍ച്യൂണറും സെവാഗിന്റെ കാര്‍ ശേഖരത്തിലുണ്ട്. എന്നാല്‍ ദീര്‍ഘ ദൂര ഡ്രൈവ് ചെയ്യാന്‍ സെവാഗ് താല്‍പര്യപ്പെടാറില്ല. കുടുംബത്തോടൊപ്പം യാത്രകള്‍ പോകാന്‍ സെവാഗ് വളരെയധികം താല്‍പര്യം കാട്ടുന്നുണ്ട്. എപ്പോഴും തമാശ പറഞ്ഞ് സന്തോഷിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സെവാഗ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഹേറ്റേഴ്‌സും കുറവാണ്.
ടെസ്റ്റില്‍ രണ്ടും തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ മൂന്ന് തവണ 250ലധികം സ്‌കോര്‍ നേടിയ ഏക താരം സെവാഗാണ്. ഏകദിനത്തിലെ നായകന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും സെവാഗിന്റെ പേരിലുണ്ട്. ഈ റെക്കോഡുകളൊന്നും തിരുത്തപ്പെട്ടിട്ടില്ലെന്നത് സെവാഗിന്റെ നേട്ടങ്ങളുടെ വലുപ്പം വ്യക്തമാക്കുന്നതാണ്.