ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. കളത്തിനകത്ത് ഏത് കൊലകൊല്ലി ബൗളറേയും തല്ലിപ്പറത്തുമ്പോളും സഹതാരങ്ങളുടേയും എതിര്‍ താരങ്ങളും അടുത്ത സുഹൃത്തുകൂടിയായിരുന്നു സെവാഗ്. രസിപ്പിക്കുന്ന സംഭാഷണ ശൈലിയുമായി ഇന്ത്യയുടെ ഡ്രസിങ് റൂമിലെ ഏറ്റവും രസികനായിരുന്നു സെവാഗ്. ബൗളര്‍മാരുടെ അന്തകനായ സെവാഗിനെ ക്ലീന്‍ബൗള്‍ഡാക്കിയ സുന്ദരിയാണ് ആരതി.
നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് സെവാഗ് ആരതിയെ വിവാഹം ചെയ്തത്. ബന്ധുവായ ആരതിയും സെവാഗും തമ്മിലുള്ള പ്രണയവും വിവാഹവും വിപ്ലവകരമായിരുന്നു. അറിയാം സെവാഗിന്റെ പ്രണയ കഥ. ആരതിയെ സെവാഗ് ആദ്യമായി കാണുന്നത് ഒരു വിവാഹ ചടങ്ങിനിടെയാണ്. 1980ല്‍ നടന്ന സെവാഗിന്റെ കസിന്റെ വിവാഹ പരിപാടിക്കിടെയാണ് സെവാഗ് ആദ്യമായി ആരതിയെ കാണുന്നത്. അന്നുതന്നെ സെവാഗിന്റെ മനസ് ആരതി കീഴടക്കി.
അന്ന് തുടങ്ങിയ പരിചയം ഇരുവരും സൗഹൃദമായി തുടര്‍ന്നു. പതിയെ ഇത് പ്രണയത്തിലേക്ക് വഴിമാറി. ആരതി 21 വയസിലേക്കെത്തിയപ്പോള്‍ സെവാഗ് പ്രണയം തുറന്ന് പറഞ്ഞു. തുടക്കത്തിലേ ഒന്നും പറയാതിരുന്ന ആരതി പിന്നീട് പ്രണയത്തിന് സമ്മതം മൂളി. ഇരുവരുടേയും പ്രണയം ആദ്യം രഹസ്യമാക്കിവെച്ചു. രണ്ട് വര്‍ഷത്തോളം രഹസ്യമാക്കിവെച്ച പ്രണയം ഒടുവില്‍ വിവാഹത്തിലേക്ക് നീണ്ടു. ഇരു വീട്ടിലും വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആദ്യം വലിയ താല്‍പര്യം കാട്ടിയില്ല.
എന്നാല്‍ ഇരുവരും പ്രണയത്തില്‍ ഉറച്ചുനിന്നു. ഇതോടെ വീട്ടുകാര്‍ക്ക് ഇവരുടെ പ്രണയം അംഗീകരിച്ചുകൊണ്ടുക്കേണ്ടി വന്നു. ഒടുവില്‍ 2004 ഏപ്രില്‍ 22ന് ഇരുവരുടേയും വിവാഹം തീരുമാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്താണ് വിവാഹം നടന്നത്. മാധ്യമങ്ങളെയടക്കം അകറ്റി നിര്‍ത്തിയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഹരിയാനയിലെ ഹിന്ദുമത ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പിങ്ക് കളര്‍ ലെഹങ്കയാണ് വിവാഹത്തില്‍ ആരതി അണിഞ്ഞത്.

വിവാഹത്തിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലേയും വിദേശ ക്രിക്കറ്റിലേയും പ്രമുഖരെല്ലാം പങ്കെടുത്ത വലിയ ആഘോഷ വിരുന്നാണ് സെവാഗ് ഒരുക്കിയത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. ആര്യവീര്‍ എന്നാണ് കുഞ്ഞിന് പേരുനല്‍കിയത്. സെവാഗിന്റെ ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് ആര്യവീര്‍ ജനിച്ചത്. 2010ലാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. വേദാന്ത് എന്നാണ് കുട്ടിയുടെ പേര്.
ഇപ്പോള്‍ രണ്ട് കുട്ടികളോടൊപ്പം സന്തുഷ്ട കുടുംബ ജീവിതമാണ് സെവാഗ് നയിക്കുന്നത്. സെവാഗ് സൂപ്പര്‍ ക്രിക്കറ്റ് താരമാണെങ്കിലും അദ്ദേഹത്തോടൊപ്പം പൊതുവേദിയില്‍ ആരതിയെത്തിയത് വളരെ വിരളമായാണ്. ഐപിഎല്ലിലടക്കം പല താരങ്ങളുടേയും ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് പിന്തുണ അറിയിച്ച് മൈതാനത്തേക്ക് എത്താറുണ്ട്. എന്നാല്‍ ആരതി ഇതിലൊന്നും താല്‍പര്യമില്ലാത്ത ആളാണ്. 2011ലെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ആരതിയെത്തിയിരുന്നു.
ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയിലും സെവാഗ് കുടുംബത്തിന് പ്രാധാന്യം നല്‍കുകയും അവരോടൊപ്പം യാത്രകള്‍ ചെയ്യാനും സമയം കണ്ടെത്തിയിരുന്നു. സെവാഗിന്റെ ആദ്യ മകനായ ആര്യവീര്‍ അച്ഛന്റെ പാതയിലൂടെ ക്രിക്കറ്റില്‍ വളരാന്‍ ശ്രമിക്കുന്നയാളാണ്. ഇതിനോടകം ചില പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടി ആര്യവീര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഭാവിയില്‍ സെവാഗിനെപ്പോലെ ഇന്ത്യന്‍ ടീമിലേക്കും ആര്യവീര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗ് ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നുണ്ട്. സെവാഗ് പരിശീലക റോളിലേക്ക് തിരിഞ്ഞിരുന്നു. പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായി സെവാഗ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും മികവ് കാട്ടാന്‍ സാധിക്കാതെ വന്നതോടെ ഒതുക്കപ്പെട്ടു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ സെവാഗ് ആഗ്രഹിച്ചിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.