ഐസിസിയുടെ ഏകദിന ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചും മുന്‍ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരിക്കുകയാണ്. 2021ന്റെ അവസാനത്തോടെ രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ചുമതലയേറ്റ അദ്ദേഹം ലോകകപ്പ് വരെയുള്ള കരാറിലായിരുന്നു ബിസിസിഐയുമായി ഒപ്പുവച്ചത്. ദ്രാവിഡുമായുള്ള കരാര്‍ പുതുക്കുമോയെന്ന കാര്യത്തില്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇനിയും വന്നിട്ടില്ല.
2021ലെ ടി20 ലോകകപ്പിനു ശേഷമായിരുന്നു മുന്‍ കോച്ച് ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചത്. തുടര്‍ന്നു ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം പടിയിറങ്ങുകയും ചെയ്തു. അതിനു ശേഷമാണ് എന്‍സിഎ മേധാവിയും മുന്‍ അണ്ടര്‍ 19 കോച്ചുമായ ദ്രാവിഡിനെ ബിസിസിഐ സമീപിച്ചത്. അന്നത്തെ ബിസിസിഐ പ്രസിഡന്റും അടുത്ത സുഹൃത്തുമായ സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു ദ്രാവിഡ് ഈ ഓഫര്‍ സ്വീകരിക്കുകയുമായിരുന്നു.

പക്ഷെ ഐസിസി ട്രോഫികളൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കാലിടറിയ ഇന്ത്യ ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും അതിനു ശേഷം ഏകദിന ലോകകപ്പ് ഫൈനലിലും പരാജയപ്പെടുകയായിരുന്നു.
ഏഷ്യാ കപ്പ് മാത്രമാണ് ഒരു പ്രധാന ട്രോഫിയായി ദ്രാവിഡിനു ചൂണ്ടിക്കാണിക്കാനുള്ളത്. അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ആരാവും ഇന്ത്യയുടെ അടുത്ത കോച്ചെന്നതാണ് ചോദ്യം. ദ്രാവിഡിനു പകരം മുഖ്യ കോച്ചായി വരാന്‍ സാധിക്കുന്ന മൂന്നു മുന്‍ ഇതിഹാസങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ടെസ്റ്റിലെ മുന്‍ സൂപ്പര്‍ ബാറ്ററും ഇപ്പോള്‍ എന്‍സിഎയുടെ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ കോച്ചായി വരാന്‍ ഏറ്റവുമധികം സാധ്യതയുള്ളയാള്‍. ദ്രാവിഡിനു വിശ്രമം അനുവദിക്കപ്പെട്ടപ്പോഴെല്ലാം താല്‍ക്കാലിക കോച്ചായി വന്നത് ലക്ഷ്മണായിരുന്നു. നേരത്തേ എന്‍സിഎ മേധാവിയായിരുന്ന ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ കോച്ചായി വന്നതോടെയാണ് പകരക്കാരനായി ലക്ഷ്മണ്‍ ഈ റോളിലേക്കു വന്നത്.
കോച്ചെന്ന നിലയില്‍ അനുഭവസമ്പത്തുള്ള വ്യക്തി കൂടിയാണ് ലക്ഷ്മണ്‍. വിരമിച്ച ശേഷം 2013ലാണ് അദ്ദേഹം പരിശീലകന്റെ റോളിലേക്കു വരുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനായാണ് ലക്ഷ്മണിന്റെ തുടക്കം. 2021ല്‍ എന്‍സിഎ മേധാവിയായതോടെ അദ്ദേഹം ഐപിഎല്‍ വിടുകയുമായിരുന്നു.
മുന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനുമായിരുന്ന അനില്‍ കുംബ്ലെയാണ് ഇന്ത്യയുടെ മുഖ്യ കോച്ചായി വരാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. നേരത്തേ ഒരു തവണ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിട്ടുള്ള വ്യക്തിയാണ് കുംബ്ലെ. വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെയായിരുന്നു ഇത്. പക്ഷെ കോലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നു കുംബ്ലെ രാജിവയ്ക്കുകയായിരുന്നു.
അദ്ദേഹം കോച്ചായിരിക്കെ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ചവച്ചത്. കുംബ്ലെയ്ക്കു കീഴില്‍ ഒരു ടെസ്റ്റില്‍ മാത്രമേ ഇന്ത്യ തോറ്റിരുന്നുള്ളൂ. മാത്രമല്ല 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.

ക്രിക്കറ്ററായിരിക്കെ വലിയ മല്‍സരങ്ങളുടെ താരമായിരുന്ന കുംബ്ലെ ലോകകപ്പെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാവാതെയാണ് അദ്ദേഹം കളി മതിയാക്കിയത്. ഇനി കോച്ചിന്റെ കുപ്പായത്തില്‍ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കി ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.
മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇന്ത്യയുടെ മുഖ്യ കോച്ചായി വരാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. അദ്ദേഹത്തിനു നിലവില്‍ ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുമായി കരാറൊന്നുമില്ല. അതുകൊണ്ടു തന്നെ ഓഫര്‍ ലഭിച്ചാല്‍ വീരുവിനു നേരെ പരിശീലക സ്ഥാനത്തേക്കു വരാനും സാധിക്കും.
ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചാവാന്‍ നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് സെവാഗ്. 2017ല്‍ പരിശീലകസ്ഥാനത്തേക്കു അദ്ദേഹം അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ സെവാഗ് വീണ്ടും അപേക്ഷ നല്‍കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ കോച്ചാവണമെന്നാവശ്യപ്പെട്ട് ബിസിസിഐ സമീപിച്ചാല്‍ അദ്ദേഹം അതു സ്വീകരിക്കാന്‍ സാധ്യത കൂടുതലാണ്.