മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ സച്ചിന്‍ സച്ചിന്‍ ആരവം നിര്‍ത്താതെ മുഴങ്ങുന്നു. എല്ലാ മുഖങ്ങളിലും സങ്കടം മാത്രം. കലങ്ങി നിറഞ്ഞ കണ്ണുകളില്‍ സച്ചിനോടുള്ള ആരാധന മാത്രം തിളങ്ങി നില്‍ക്കുന്നു. സച്ചിന്‍ ഇനി കളിക്കാനില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ നീറി നില്‍ക്കുന്ന കോടിക്കണക്കിന് ഹൃദയങ്ങളുടെ നിരാശയും സ്‌നേഹവുമാണ് അന്ന് വാംഖഡെയില്‍ മുഴങ്ങിക്കേട്ടത്.
തന്റെ വിടപറയല്‍ പ്രസംഗത്തില്‍ നടന്നുകയറിയ വഴികളിലേക്ക് പിന്നോട്ടു സഞ്ചരിച്ച സച്ചിന്‍ ഏറ്റവും കൂടുതല്‍ നന്ദി പറഞ്ഞത് തന്റെ ഭാര്യ അഞ്ജലിയോടായിരുന്നു. അഞ്ജലിയുടെ ത്യാഗവും പിന്തുണയുമില്ലായിരുന്നെങ്കില്‍ ഇന്നത്തെ സച്ചിനെ നിങ്ങള്‍ക്കൊരിക്കലും കാണാനാവില്ലായിരുന്നുവെന്ന് അന്ന് സച്ചിന്‍ പറഞ്ഞു. ഭാര്യയെന്ന നിലയിലും ഡോക്ടറെന്ന നിലയിലും എല്ലാ തരത്തിലും സച്ചിനായി ജീവിതം മാറ്റിവെച്ചയാളാണ് അഞ്ജലി.

സച്ചിനെന്ന ഇതിഹാസത്തെ കാണാന്‍ പോലും ലക്ഷക്കണക്കിന് ആരാധകര്‍ കൊതിച്ചിരുന്ന കാലത്താണ് അഞ്ജലിയുടെ മാത്രമായി സച്ചിന്‍ മാറുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാത്ത, ഡോക്ടറെന്ന നിലയില്‍ കരിയര്‍ വളര്‍ത്താന്‍ ആഗ്രഹിച്ച അഞ്ജലിയും സച്ചിനും തമ്മിലുള്ള പ്രണയം സിനിമാ കഥയെന്ന പോലെ കൗതുകങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതാണ്. പ്രണയത്തിന് മുന്നില്‍ പ്രായം പോലും മറന്നാണ് സച്ചിന്‍ അഞ്ജലിയെ ജീവിത സഖിയാക്കിയത്.
സച്ചിനെക്കാള്‍ ആറ് വയസ് മുതിര്‍ന്നയാളാണ് അഞ്ജലി. എന്നാല്‍ ഇരുവരുടെയും പ്രണയത്തിന് പ്രായം തടസമായില്ല. ശിശു രോഗ വിദഗ്ദ്ധയില്‍ നിന്ന് സച്ചിന്റെ മക്കളുടെ അമ്മയെന്ന നിലയിലേക്ക് മാത്രമായി ജീവിതം മാറ്റിവെക്കാന്‍ അഞ്ജലി തയ്യാറായതിന് ക്രിക്കറ്റ് ലോകം അഞ്ജലിയോട് കടപ്പെട്ടിരിക്കുന്നു. 1990ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. മുംബൈ വിമാനത്താവളത്തില്‍ അമ്മയെ കൂട്ടാന്‍ അഞ്ജലി എത്തിയപ്പോള്‍ തന്റെ ആദ്യ പര്യടനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു സച്ചിന്‍.
ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടി സച്ചിന്‍ സൂപ്പര്‍ താരപദവിയിലേക്കുള്ള ആദ്യ ചുവടുവെച്ച സമയമായിരുന്നു അത്. സച്ചിന്‍ വന്നിറങ്ങിയപ്പോള്‍ ആരാധകര്‍ പൊതിഞ്ഞെങ്കിലും ഇതാരാണെന്ന മട്ടില്‍ വലിയ ഭാവ വ്യത്യാസമില്ലാതെ നില്‍ക്കുകയായിരുന്നു അഞ്ജലി. കാരണം സച്ചിനാരാണെന്നോ ക്രിക്കറ്റ് എന്താണെന്നോ അഞ്ജലിക്കന്ന് അറിയില്ലായിരുന്നു. പക്ഷെ സച്ചിന്റെ നിഷ്‌കളങ്കമായ ചിരിയും ചുരുണ്ട മുടിയും അഞ്ജലിയുടെ ഹൃദയത്തില്‍ അന്നേ പതിഞ്ഞിരുന്നു.
സുഹൃത്തിനോട് ചോദിച്ചപ്പോഴാണ് അത് സച്ചിനാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതരംഗമാണെന്നും അഞ്ജലി മനസിലാക്കുന്നത്. തികച്ചും യാദൃശ്ചികമായി സംഭവിച്ച കൂടിക്കാഴ്ചയായിരുന്നു ഇത്. പിന്നീട് ഒരു സുഹൃത്തിന്റെ പരിപാടിയില്‍വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും ചെയ്തു. ജീവിതത്തിലേക്ക് ഒന്നിച്ചുനടക്കാനുള്ള നിയോഗത്തിന്റെ ആദ്യ കൂടിക്കാഴ്ചയായി ഇത് മാറി. ക്രിക്കറ്റ് അറിയാത്ത അഞ്ജലിക്ക് സച്ചിനോട് തോന്നിയ ആരാധന പിന്നീട് തീവ്ര പ്രണയമായി മാറി.

സച്ചിനോട് എങ്ങനെയെങ്കിലും സംസാരിക്കാനും വീണ്ടും കാണാനുമുള്ള വഴികള്‍ അഞ്ജലി തിരഞ്ഞു. സച്ചിന്റെ മുഖം ആ സമയംകൊണ്ടുതന്നെ അഞ്ജലിയുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാല്‍ സച്ചിന്‍ ആ സമയത്തെല്ലാം മത്സരങ്ങളുടെ തിരക്കിലായിരുന്നു. കത്തുകളിലൂടെ സച്ചിനെ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കിലോമീറ്ററുകള്‍ നടന്ന് കോളിങ് ബൂത്തുകളില്‍ നിന്ന് സച്ചിനെ ഫോണ്‍ വിളിച്ച കഥ ഒരിക്കല്‍ അഞ്ജലി പങ്കുവെച്ചിരുന്നു.
പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയം വളര്‍ന്നു. അഞ്ച് വര്‍ഷത്തോളം പ്രണയിച്ചെങ്കിലും സച്ചിന്‍ സൂപ്പര്‍താരമായി മാറിയിരുന്നതിനാല്‍ത്തന്നെ സാധാരണ കാമുകി കാമുകന്മാര്‍ ചെയ്തിരുന്ന ചുറ്റിക്കറങ്ങലും സിനിമാ കാണാനുള്ള പോക്കുമെല്ലാം ഇവര്‍ക്ക് അധികം ആസ്വദിക്കാനായില്ല. 1995 മെയ് 24നാണ് ഇരുവരുടെയും പ്രണയം വിവാഹത്തിലേക്കെത്തിയത്. വിവാഹം ചെയ്യുമ്പോള്‍ സച്ചിന്റെ പ്രായം 22ഉും അഞ്ജലിയുടേത് 28ഉുമായിരുന്നു.
സച്ചിനെ വിവാഹം കഴിക്കുമ്പോള്‍ തന്റെ പല ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടി വരുമെന്ന് കൃത്യമായി അഞ്ജലിക്ക് അറിയാമായിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയം ഈ തിരിച്ചറിവ് അഞ്ജലിക്ക് നല്‍കിയിരുന്നു. പക്ഷെ സച്ചിനെ മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്ന അഞ്ജലി തന്റെ കരിയറും സ്വപ്‌നങ്ങളുമെല്ലാം സച്ചിന്റെ സ്വപ്‌നങ്ങള്‍ക്കായി മാറ്റിവെച്ചു. ഇന്ന് അഞ്ജലിയോടൊപ്പമാണ് സച്ചിന്‍ തന്റെ മുഴുവന്‍ സമയവും ചിലവിടുന്നത്.
പ്രായത്തെ തോല്‍പ്പിക്കുന്ന പ്രണയവുമായി ഇപ്പോള്‍ സച്ചിനും അഞ്ജലിയും യാത്രകളിലാണ്. സച്ചിനായി മാറ്റിവെച്ച സമയത്ത് അഞ്ജലി നഷ്ടപ്പെടുത്തിയ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും സച്ചിന്‍ ചിറകുനല്‍കിയിരിക്കുന്നു. ഒരിക്കലും മരിക്കാത്ത പ്രണയമായി ഇരുവരുടെയും പ്രണയ ജീവിതം ഇനിയുമേറെ മുന്നോട്ട്.