മുംബൈ: ഇന്ത്യയുടെ അടുത്ത പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനോടകം ബിസിസി ഐ പുതിയ പരിശീലകനായുള്ള അഭിമുഖമടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനമാണ് നടക്കേണ്ടത്. അധികം വൈകാതെ ഗംഭീറിനെ ഇന്ത്യയുടെ പുതിയ പരിശീലകനായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. വലിയ വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒന്നാമത്തെ കാര്യം ടീമിനെ ഐക്യത്തോടെ കൊണ്ടുപോവുകയെന്നതാണ്. വിരാട് കോലിയും ഗംഭീറും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. അനില്‍ കുംബ്ലെയെപ്പോലെ കര്‍ക്കശക്കാരനായ പരിശീലകനാണ് ഗംഭീര്‍. ഇതിനെ അംഗീകരിക്കാന്‍ എത്ര ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുമെന്നതാണ് ചോദ്യം. വിരാട് കോലിയും ഗംഭീറും തമ്മില്‍ പല തവണ ഏറ്റുമുട്ടിയതാണ്.
കോലിയുമായി നിലവില്‍ സൗഹൃദത്തിലാണെങ്കിലും ഈ ബന്ധം വഷളാവാതെ നോക്കേണ്ടത് പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഉത്തരവാദിത്തമാണ്. നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ കോലിയുടെ കരിയറിനെത്തന്നെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. എന്തായാലും ഗംഭീറിന്റെ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി ഇത് തന്നെയാണ്. രണ്ടാമത്തെ കാര്യം ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോകാതെ നോക്കേണ്ടതായുണ്ട്.
നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരും ഏകദിന ലോകകപ്പിലേയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേയും റണ്ണറപ്പുകളാണ് ഇന്ത്യ. ഈ പ്രകടന നിലവാരത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയാല്‍ ഗംഭീറിനെതിരേ വലിയ പ്രതിഷേധം ഉണ്ടായേക്കും. കാരണം ഗംഭീര്‍ എത്തുന്നത് വലിയ പ്രതീക്ഷ നല്‍കിയാണ്. ഇടവേളക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കപ്പിലേക്കെത്തിക്കാന്‍ ഉപദേഷ്ടാവെന്ന നിലയില്‍ ഗംഭീറിന് സാധിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹമെത്തുമ്പോഴും പ്രതീക്ഷകള്‍ വാനോളമാണ്. ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികച്ച നിലയില്‍ നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഗംഭീറിന് മുന്നിലുള്ളത്. ഇതിന് സാധിക്കുമോയെന്നത് കണ്ടറിയണം. മറ്റൊരു പ്രശ്‌നം ടീം തിരഞ്ഞെടുപ്പാണ് വിരാട് കോലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ടി20 ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും അനുഭവസമ്പത്തിന് പകരം വെക്കാന്‍ സാധിക്കുന്ന യുവ പ്രതിഭകള്‍ ഇപ്പോള്‍ ടീമിലില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ആരെയൊക്കെ പകരക്കാരായി എത്തിക്കണമെന്നത് ഗംഭീറിന്റെ മുന്നിലുള്ള ചോദ്യമാണ്. നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കുമ്പോള്‍ അവരില്‍ നിന്ന് ആരെയൊക്കെ ടീമിലേക്കെത്തിക്കുമെന്നതാണ് വലിയ ചോദ്യം.
വിക്കറ്റ് കീപ്പറായി ആരെ വേണമെന്നതാണ് കണ്ടറിയേണ്ട മറ്റൊരു കാര്യം. ഗംഭീറിനെ കുഴപ്പത്തിലാക്കാന്‍ പോകുന്ന തീരുമാനങ്ങളിലൊന്നാണത്. റിഷഭ് പന്തിനെ സൂപ്പര്‍ താരമാക്കി ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യമുയര്‍ത്തുന്നില്ല. അതേ സമയം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലാര് വേണമെന്നതാണ് ചോദ്യം. ദ്രുവ് ജുറേലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മികവ് കാട്ടി വളര്‍ന്നുവരുന്നുണ്ട്.
ഇതില്‍ ആരെ തഴയും ആരെ പരിഗണിക്കുമെന്നതാണ് ചോദ്യം.
സഞ്ജു സാംസണെ ഒതുക്കിയാല്‍ വലിയ വിമര്‍ശനം ഗംഭീര്‍ കേള്‍ക്കേണ്ടി വരും. ഇഷാന്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമായതിനാല്‍ ടീമില്‍ നിന്ന് അധികം നാള്‍ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. വിക്കറ്റ് കീപ്പറെ തീരുമാനിക്കുന്നത് ഗംഭീറിന് വലിയ തലവേദനയാവും. മറ്റൊരു കാര്യം കെ എല്‍ രാഹുലിന്റെ സ്ഥാനമാണ്. രോഹിത്തിനും കോലിക്കുമൊപ്പം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന താരമാണ് രാഹുല്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായിരുന്നു രാഹുല്‍.
നിലവില്‍ ടി20 ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുന്ന രാഹുലിനെ ഇന്ത്യ തിരിച്ചുവിളിക്കണമോയെന്നതാണ് ചോദ്യം. കോലിയുടെ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്തായാലും ഇക്കാര്യത്തിലും ഗംഭീറിന്റെ തീരുമാനം നിര്‍ണ്ണായകമാവും.