ദുബായ്: ബിസിസി ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഇപ്പോഴിതാ ഐസിസിയുടെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 35ാം വയസില്‍ ഈ സ്ഥാനത്തേക്കെത്തിയതോടെ ഐസിസി ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കും ജയ് ഷായെത്തി. ബിസിസി ഐ സെക്രട്ടറിയായിരിക്കെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജയ് ഷാക്ക് സാധിച്ചിരുന്നു.
വനിതാ പ്രീമിയര്‍ ലീഗ് കൊണ്ടുവന്നത് ജയ് ഷായെടുത്ത ധീരമായ തീരുമാനമായിരുന്നുവെന്ന് പറയാം. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തുമ്പോള്‍ ജയ് ഷായില്‍ പ്രതീക്ഷകളേറെയാണ്. വലിയ പൊളിച്ചെഴുത്ത് ജയ് ഷാ നടത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജയ് ഷാ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ജയ് ഷാ.
അതുകൊണ്ടുതന്നെ ഐസിസി ചെയര്‍മാനാകുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഉയര്‍ച്ചക്കായി ജയ് ഷാ ശ്രമം നടത്തുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ റാങ്കിങ്ങില്‍ പിന്നോക്കം നില്‍ക്കുന്ന ടീമുകള്‍ക്ക് അധികം ടെസ്റ്റ് മത്സരങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ ജയ് ഷാ ഐസിസി തലവനാകുന്നതോടെ ഇതില്‍ മാറ്റം പ്രതീക്ഷിക്കാം. റാങ്കിങ്ങില്‍ പിന്നോക്കം നില്‍ക്കുന്ന ടീമുകളുടെ വളര്‍ച്ചക്കായി ജയ് ഷാ കൂടുതല്‍ സാമ്പത്തിക പിന്തുണയും കൂടുതല്‍ മത്സരങ്ങളും നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രണ്ടാമത്തെ കാര്യം ഐസിസി ടൂര്‍ണമെന്റുകളെ വ്യത്യസ്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഐപിഎല്‍ ഓരോ സീസണിലും വ്യത്യസ്തത കൊണ്ടുവന്ന് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാനും ശ്രദ്ധ പിടിച്ചുപറ്റാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ എപ്പോഴും ഒരേ ശൈലി പിന്തുടരുന്നതായാണ് കാണുന്നത്. ആരാധകരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള മാറ്റങ്ങളൊന്നും ഐസിസി വരുത്തുന്നില്ല. അതുകൊണ്ടുതന്നെ ജയ് ഷാ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നുറപ്പാണ്.

ജയ് ഷാക്ക് കീഴില്‍ ഐസിസി ടൂര്‍ണമെന്റുകളുടെ മുഖം മാറുമെന്ന് നിസംശയം പറയാം. മറ്റൊരു കാര്യം ത്രിരാഷ്ട്ര ടൂര്‍ണമെന്റുകളെ പ്രോത്സാഹിപ്പിച്ചേക്കും. ബൈലാട്രല്‍ ടൂര്‍ണമെന്റുകള്‍ ഇനി അധികം നടത്തിയേക്കില്ല. ബ്രോഡ്കാസ്‌റ്റേഴ്‌സിനും സ്‌പോണ്‍സര്‍മാര്‍ക്കും പരസ്യക്കമ്പനികള്‍ക്കും നേട്ടമുണ്ടാകേണ്ടത് അത്യാവശ്യമാണ്. അവര്‍ വളര്‍ന്നാലെ ടൂര്‍ണമെന്റിലും ഇത് നേട്ടമായി മാറൂ. സാമ്പത്തികമായി ലാഭം എപ്പോഴും ജയ് ഷാ മുന്നില്‍ കാണുന്നു.
ബിസിസി ഐ സെക്രട്ടറിയായിരിക്കെ സാമ്പത്തികമായി ക്രിക്കറ്റ് ബോര്‍ഡിന് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ജയ് ഷാക്ക് സാധിച്ചിരുന്നു. ഐസിസിയുടെ ആസ്തി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ജയ് ഷാ നടത്തുമെന്ന കാര്യം നിസംശയം പറയാം. നിയമങ്ങളെ ഏകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. ചില നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇപ്പോള്‍ ലീഗ് ക്രിക്കറ്റിലെ പല നിയമങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുവദിക്കപ്പെടുന്നവയല്ല. ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കും.
പരിമിത ഓവറിലും ടെസ്റ്റിലും ഒരു പൊതു നിയമം കൊണ്ടുവരാനുള്ള നീക്കം ജയ് ഷാ നടത്തുമെന്ന കാര്യം ഉറപ്പാണ്. ഇംപാക്ട് പ്ലയര്‍ നിയമം അധികം വൈകാതെ അന്താരാഷ്ട്ര ടി20കളില്‍ പ്രതീക്ഷിക്കാം. കൂടാതെ ടെസ്റ്റിലടക്കം കൂടുതല്‍ ആരാധകരെ ലഭിക്കുന്ന തരത്തില്‍ ചില നിയമ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം. ലീഗ് ക്രിക്കറ്റുകളെ ഏകോപിപ്പിക്കാനും ഒത്തുകളിയടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താനും ജയ് ഷാ തയ്യാറായേക്കും.
എന്തായാലും ജയ് ഷായുടെ വളര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ ഗുണം ചെയ്യുമെന്നുറപ്പ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി പാകിസ്താനിലാണെങ്കില്‍ ഇന്ത്യ കളിക്കില്ലെന്നതാണ് ബിസിസി ഐ നിലപാട്. ഇന്ത്യയെ കൂടാതെ ടൂര്‍ണമെന്റ് നടത്താനാണ് പാകിസ്താന്റെ നീക്കം. എന്നാല്‍ ജയ് ഷാ ഐസിസി തലപ്പത്തേക്കെത്തിയതോടെ പാകിസ്താനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് പറയാം.