Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബറിന് ഒരിക്കലും നേടാനാവില്ല, ഇത് കോലിയുടെ സ്വകാര്യ അഹങ്കാരം- റെക്കോഡുകള്‍ അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്വകാര്യ അഹങ്കാരമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന വിശേഷണം കോലിക്ക് മാത്രം ചേര്‍ന്നതാണ്. എന്നാല്‍ പാകിസ്താന്‍ ആരാധകരെ സംബന്ധിച്ച് ബാബര്‍ ആസം വിരാട് കോലിയേക്കാള്‍ കേമനാണ്. കോലിയെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ബാബറാണെന്നാണ് പാക് ആരാധകര്‍ വാദിക്കുന്നത്. പരിമിത ഓവറില്‍ ഭേദപ്പെട്ട റെക്കോഡുകള്‍ ബാബറിന് അവകാശപ്പെടാം. എന്നാല്‍ ടെസ്റ്റില്‍ കോലിയുടെ മികവിന്റെ ഏഴയലത്ത് ബാബറിന് സ്ഥാനമില്ല.

അവസാന ഏകദിന ലോകകപ്പോടെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്നും ബാബറെ നീക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാബറിന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത കോലിയുടെ ചില റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ റെക്കോഡ് ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയാണ്. ഏഴ് ടെസ്റ്റ് ഇരട്ട സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. എന്നാല്‍ ടെസ്റ്റില്‍ ഇതുവരെ ഇരട്ട സെഞ്ച്വറി നേടാന്‍ ബാബറിന് സാധിച്ചിട്ടില്ല.

52 ടെസ്റ്റില്‍ നിന്ന് 3898 റണ്‍സാണ് ബാബറിന്റെ പേരിലുള്ളത്. 9 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറികളും ബാബറിന്റെ പേരിലുണ്ട്. 196 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇരട്ട സെഞ്ച്വറിയിലേക്ക് ഇതുവരെ എത്താനാവാത്ത ബാബര്‍ കോലിയുടെ ഏഴ് ഇരട്ട സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. ഈ റെക്കോഡ് അത്ര പെട്ടെന്നൊന്നും ആര്‍ക്കും നേടിയെടുക്കാന്‍ സാധിക്കാത്തതാണ്.

ഏകദിനത്തില്‍ വേഗത്തില്‍ 12000 റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 242 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയടക്കം കോലി പിന്നിലാക്കി. സച്ചിന്‍ 300 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. റിക്കി പോണ്ടിങ് 314 ഇന്നിങ്‌സുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 114 ഇന്നിങ്‌സില്‍ നിന്ന് 5729 റണ്‍സാണ് ബാബറിന്റെ ഏകദിന കരിയറിലുള്ളത്. കോലിയുടെ വേഗത്തില്‍ 12000 ഏകദിന റണ്‍സിനെ ബാബര്‍ കടത്തിവെട്ടാന്‍ സാധ്യത വളരെ കുറവാണ്.

virat kohli

ഫ്രാഞ്ചൈസി ക്രിക്കറ്റിലും കോലി മികവ് കാട്ടുന്നു. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുന്നുവെന്നതാണ് കോലിയുടെ പ്രധാന സവിശേഷത. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് കോലി. മുന്‍ നായകനായിരുന്ന കോലിയുടെ ലീഗ് ക്രിക്കറ്റ് കണക്കുകള്‍ വിസ്മയിപ്പിക്കുന്നതാണ്. 237 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 7263 റണ്‍സ് കോലിക്കുണ്ട്. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ബാബറിന്റെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്.

കോലിയുടെ പകുതിപോലും റണ്‍സ് ബാബറിനില്ല. ടി20യില്‍ വലിയ മികവ് കാട്ടുന്ന ബാറ്റ്‌സ്മാനല്ല ബാബര്‍ എന്നതാണ് എടുത്തു പറയേണ്ടത്. മറ്റ് ബാറ്റ്‌സ്മാന്‍മാരെക്കാള്‍ കോലിയെ വ്യത്യസ്തനാക്കുന്നത് റണ്‍സ് പിന്തുടരുമ്പോഴുള്ള ബാറ്റിങ് മികവാണ്. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള കോലി റണ്‍സ് പിന്തുടരുമ്പോള്‍ 26 സെഞ്ച്വറികളാണ് നേടിയത്. എന്നാല്‍ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 10 സെഞ്ച്വറികളാണ് ബാബറിന്റെ സമ്പാദ്യം.

അതുകൊണ്ടുതന്നെ കോലിയുടെ ഈ റെക്കോഡിനെ മറികടക്കുക ബാബറിനെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കും. റണ്‍സ് പിന്തുടരുമ്പോള്‍ കോലിയെപ്പോലെ സ്ഥിരതയോടെ തിളങ്ങാന്‍ ബാബറിന് പലപ്പോഴും സാധിക്കാറില്ല. ഏകദിനത്തില്‍ അരങ്ങേറി മൂന്നര വര്‍ഷത്തിനുള്ളില്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയ താരമാണ് കോലി. വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോഡില്‍ കോലിയെ പിന്നിലാക്കാന്‍ ബാബറിന് സാധിച്ചിട്ടില്ല.

ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ ശേഷവും കോലി റെക്കോഡ് പ്രകടനം തുടരുകയാണ്. അവസാന ഏകദിന ലോകകപ്പിലൂടെ ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കോലി സ്വന്തമാക്കിയിരുന്നു. ഇതിനേയും മറികടക്കാന്‍ ബാബര്‍ ആസമിന് സാധിച്ചേക്കില്ല.

Story first published: Tuesday, February 6, 2024, 13:29 [IST]
Other articles published on Feb 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+