ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിഭകള്‍ ഏറെയുള്ള ഇന്ത്യയില്‍ നിന്ന് ദേശീയ ടീമിലേക്ക് വളരാന്‍ പ്രതിഭയോടൊപ്പം ഭാഗ്യവും വേണം. ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് ഒരു കാലത്ത് ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇപ്പോള്‍ ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളുടെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടി. പക്ഷെ വലിയ കരിയര്‍ സൃഷ്ടിക്കുന്ന താരങ്ങള്‍ കുറഞ്ഞുവരികയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് പിന്നോട്ട് നടന്നാല്‍ ദേശീയ ടീം ജഴ്സി അണിയാന്‍ ഭാഗ്യം ലഭിച്ച ചില അച്ഛനെയും മകനെയും കാണാനാവും. ഇതില്‍ അച്ഛനെക്കാളും പേരെടുത്തവര്‍ ചുരുക്കമാണെങ്കിലും അച്ഛനും മകനും ദേശീയ ടീമിനായി കളിക്കുകയെന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. ഇത്തരത്തിലുള്ള ഇന്ത്യയുടെ അഞ്ച് അച്ഛന്‍-മകന്‍ കൂട്ടുകെട്ടുകള്‍ പരിശോധിക്കാം.
ലാലാ അമര്‍നാഥും മൊഹീന്ദര്‍ അമര്‍നാഥുമാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടുപേരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. ലാലാ അമര്‍നാഥ് ഇന്ത്യയുടെ ആദ്യത്തെ നായകനാണ്. 1952ല്‍ പാകിസ്താനെതിരേ ഇന്ത്യ ടെസ്റ്റ് കളിക്കുമ്പോള്‍ ടീമിനെ നയിച്ചത് ലാലാ അമര്‍നാഥായിരുന്നു. ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യ സെഞ്ച്വറി നേടുന്ന താരവും അദ്ദേഹമാണ്. മകനായ മൊഹീന്ദര്‍ ഇന്ത്യക്കായി 69 ടെസ്റ്റ് കളിക്കുകയും 4378 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.
11 സെഞ്ച്വറിയും 32 വിക്കറ്റും മൊഹീന്ദര്‍ നേടി. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം മൊഹീന്ദറുമുണ്ടായിരുന്നു. ഈ ലോകകപ്പിലെ സെമിയിലും ഫൈനലിലും കളിയിലെ താരമായത് മൊഹീന്ദറായിരുന്നു.
രണ്ടാമതായി റോജര്‍ ബിന്നി-സ്റ്റുവര്‍ട്ട് ബിന്നിയാണ്. 80കളില്‍ ഇന്ത്യക്കായി തിളങ്ങിയ സൂപ്പര്‍ ഓള്‍റൗണ്ടറാണ് റോജര്‍ ബിന്നി. 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ റോജര്‍ ബിന്നിയും ഉള്‍പ്പെട്ടിരുന്നു. 18 വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ റോജര്‍ ബിന്നിയാണ് മുന്നിട്ടുനിന്നത്.
ഇപ്പോള്‍ ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്താണ് റോജര്‍ ബിന്നി. അദ്ദേഹത്തിന്റെ മകനായ സ്റ്റുവര്‍ട്ട് ബിന്നിയും പേസ് ഓള്‍റൗണ്ടറാണ്. ആറ് ടെസ്റ്റും 14 ഏകദിനവും മാത്രമാണ് സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കായി കളിച്ചത്. ബംഗ്ലാദേശിനെതിരേ നാല് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബിന്നി തിളങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.
വിജയ് മഞ്ജരേക്കറും സഞ്ജയ് മഞ്ജരേക്കറുമാണ് ഈ പട്ടികയിലെ മറ്റ് രണ്ടുപേര്‍. ഇന്ത്യക്കായി 55 ടെസ്റ്റ് കളിച്ച വിജയ് 3208 റണ്‍സാണ് നേടിയത്. 39 ശരാശരിയില്‍ കളിച്ച അദ്ദേഹം 7 സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ആറ് ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ച താരമാണ് വിജയ്.
അദ്ദേഹത്തിന്റെ മകനായ സഞ്ജയ് 2043 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. നാല് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 1994 ഏകദിന റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ് സഞ്ജയ്.

ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും മകന്‍ രോഹന്‍ ഗവാസ്‌കറും ഈ പട്ടികയില്‍ ഉള്‍പ്പെടും. ടെസ്റ്റില്‍ ആദ്യമായി 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ് സുനില്‍ ഗവാസ്‌കര്‍. വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. രോഹന്‍ ഗവാസ്‌കര്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും മികച്ചൊരു കരിയര്‍ സൃഷ്ടിക്കാനായില്ല. 11 ഏകദിനം കളിച്ച് ഒരു ഫിഫ്റ്റിയാണ് രോഹന്‍ നേടിയത്.
യോഗ്രാജ് സിങ്ങും യുവരാജ് സിങ്ങുമാണ് ഈ പട്ടികയിലെ മറ്റൊരു കൂട്ടര്‍. യോഗ് രാജിനെക്കാള്‍ മികച്ച കരിയര്‍ സൃഷ്ടിച്ചാണ് യുവരാജ് പടിയിറങ്ങിയത്. വലം കൈയന്‍ മീഡിയം പേസറായിരുന്ന യോഗ്രാജ് ഒരു ടെസ്റ്റും ആറ് ഏകദിനവുമാണ് കളിച്ചത്. എന്നാല്‍ യുവരാജ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയത് യുവരാജിന്റെ മികവിലാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് യുവരാജ്.