മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റോളം വളരാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല. ഗൗതം ഗംഭീര്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനുമായ ശേഷം ടി20യില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജു എത്തിപ്പെട്ടു. സമീപകാലത്തായി മികച്ച ചില പ്രകടനങ്ങളോടെ കസറാനായി.
ടി20യില്‍ മൂന്ന് സെഞ്ച്വറികളോടെ റെക്കോഡ് പ്രകടനം നടത്താനും സഞ്ജുവിന് സാധിച്ചു. സഞ്ജു സാംസണിന് ശേഷം ഇന്ത്യക്കായി അരങ്ങേറിയ പലരും ടീമിലെ അഭിവാജ്യ ഘടകങ്ങളായി മാറിയെങ്കിലും സഞ്ജുവിന് ഇതുവരെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സാധിച്ചിട്ടില്ല. സഞ്ജുവിന്റെ കരിയറിലേക്ക് നോക്കുമ്പോള്‍ താരത്തിന്റെ കരിയറിനെ പിന്നോട്ടടിച്ച ചില കാര്യങ്ങള്‍ കാണാനാവും. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കെസിഎയുമായുള്ള ഭിന്നത
മിക്ക ക്രിക്കറ്റ് താരങ്ങളുടേയും കരിയറിലെ വളര്‍ച്ചക്ക് അവരുടെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. എന്നാല്‍ സഞ്ജുവിന്റെ കരിയറിലേക്ക് വരുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി ഈ പിന്തുണക്കുറവാണ്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി കരിയറിന്റെ തുടക്കം മുതല്‍ സഞ്ജുവിന് ഭിന്നതയാണ് ഉണ്ടായിരുന്നത്. സഞ്ജു കെസിഎയുടെ അനുമതിയില്ലാതെ ടീം വിട്ടതിന് താരത്തിനെതിരേ നടപടിയെടുത്തിരുന്നു.
ഏറ്റവും ഒടുവിലായി ടീം തിരഞ്ഞെടുപ്പ് ക്യാംപില്‍ പങ്കെടുക്കാത്തതിനാല്‍ കെസിഎ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് തഴഞ്ഞു. സഞ്ജുവിനെ വളര്‍ത്താന്‍ കെസിഎ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നതാണ് വസ്തുത. സഞ്ജുവിന്റെ കരിയറിലെ ഉയര്‍ച്ചക്ക് കാരണം രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിയതാണ്. ഐപിഎല്ലിലെ മിന്നും പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്ന് നല്‍കിയത്. കെസിഎയുമായുള്ള അഭിപ്രായ ഭിന്നത സഞ്ജുവിനെ കരിയറില്‍ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളിലൊന്നാണ്.
ബാറ്റിങ്ങിലെ സ്ഥിരതക്കുറവ് എന്നും പ്രശ്നം
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ പ്രശ്നം സ്ഥിരതക്കുറവാണ്. ബാറ്റിങ്ങിലെ പ്രതിഭ നോക്കുമ്പോള്‍ സഞ്ജു കേമനാണ്. താരത്തിന്റെ കരിയറില്‍ അത്ഭുതപ്പെടുത്തുന്ന പല പ്രകടനങ്ങളും കാണാനാവും. വലിയ സിക്സറുകള്‍ നേടാന്‍ കഴിവുള്ള സഞ്ജു അനായാസമായി പുള്‍ഷോട്ട് കളിക്കാനും കഴിവുള്ളവനാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുണ്ടെന്നതാണ് സഞ്ജുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

എന്നാല്‍ സഞ്ജുവിന്റെ സ്ഥിരത എന്നും പ്രശ്നമാണ്. ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം സഞ്ജു പിന്നോട്ട് പോകുന്നു. രാജസ്ഥാന്‍ റോയല്‍സിനായി ഏറെ നാളുകളായി കളിക്കുന്ന സഞ്ജു ഒരു ഐപിഎല്‍ സീസണിലാണ് 500ലധികം റണ്‍സ് നേടിയത്. ഇന്ത്യക്കൊപ്പം ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിനായി. എന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ചൊരു പ്രകടനം പോലും നടത്താന്‍ അദ്ദേഹത്തിനായില്ല. സഞ്ജുവിന്റെ സ്ഥിരതക്കുറവ് അദ്ദേഹത്തിന്റെ വളര്‍ച്ചയെ തടഞ്ഞ പ്രധാന പ്രശ്നമായിത്തന്നെ പറയാം.
പിന്തുണക്കാന്‍ പ്രമുഖരില്ലാത്തതും പ്രശ്നം
മിക്ക താരങ്ങളുടേയും വളര്‍ച്ചയില്‍ മുന്‍ താരങ്ങളുടെയടക്കം പിന്തുണ വലിയ പങ്കുവഹിക്കുന്ന കാര്യമാണ്. മുംബൈ, ഡല്‍ഹി താരങ്ങള്‍ക്കാണ് ഈ കാര്യത്തില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. സഞ്ജുവിന് പിന്തുണ നല്‍കാന്‍ പ്രമുഖരില്ലാത്തത് വലിയ പ്രശ്നമാണ്. സഞ്ജുവിനെ വിമര്‍ശിക്കാനാണ് കൂടുതല്‍ പ്രമുഖര്‍ക്കും താല്‍പര്യം. സുനില്‍ ഗവാസ്‌ക്കര്‍, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയ മുന്‍ താരങ്ങളായ കമന്റേറ്റര്‍മാരടക്കം സഞ്ജുവിന് എതിരാണ്. സഞ്ജുവിനെ വളര്‍ത്താന്‍ ആരും തന്നെ ശ്രമിച്ചിട്ടില്ല.
സ്വന്തം കഠിന പ്രയത്നംകൊണ്ടാണ് സഞ്ജു ഇതുവരെ എത്തിയത്. സഞ്ജുവിനെ പിന്തുണച്ചവരില്‍ എടുത്തു പറയേണ്ടത് രാഹുല്‍ ദ്രാവിഡിനെയാണ്. അദ്ദേഹത്തിന്റെ പിന്തുണ കരിയറിന്റെ പല ഘട്ടത്തിലും സഞ്ജുവിന് സഹായമായി മാറിയിട്ടുണ്ട്. ഇക്കാര്യം സഞ്ജുവിന്റെ പിതാവടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്.