മുംബൈ: ഓപ്പണറായി മികച്ച കരിയര്‍ സൃഷ്ടിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. ന്യൂബോളിന്റെ വെല്ലുവിളികളെ മറികടക്കുകയും പിച്ചിന്റെ സ്വഭാവത്തോട് വേഗത്തില്‍ പൊരുത്തപ്പെടുകയും ചെയ്യാതെ ഓപ്പണിങ്ങില്‍ തിളങ്ങാനാവില്ല. അതുകൊണ്ടു തന്നെ ഓപ്പണറായി തിളങ്ങിയ താരങ്ങളെല്ലാം വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്നവരും ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുമായിരിക്കും. ഓപ്പണിങ്ങില്‍ വിജയിക്കാന്‍ അസാധ്യ ബാറ്റിങ് മികവു വേണമെന്ന് തന്നെ പറയാം.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലും 2000 റണ്‍സിന് മുകളിലുള്ള ഓപ്പണര്‍മാര്‍ എത്ര പേരുണ്ടെന്ന് അറിയാമോ? മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ നേട്ടമുള്ളത്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഡേവിഡ് വാര്‍ണറാണ്. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണറായ വാര്‍ണര്‍ മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ കസറുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡ് വാര്‍ണര്‍ക്ക് അവകാശപ്പെടാനാവും. 108 ടെസ്റ്റില്‍ നിന്ന് 8403 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

25 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 142 ഏകദിനത്തില്‍ നിന്ന് 6030 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. 19 സെഞ്ച്വറികളാണ് ഏകദിന ഫോര്‍മാറ്റില്‍ വാര്‍ണറുടെ പേരിലുള്ളത്. 99 ടി20കളില്‍ നിന്നായി 2894 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ടി20യില്‍ ഒരു സെഞ്ച്വറിയും 24 ഫിഫ്റ്റിയും വാര്‍ണറുടെ പേരിലുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍. 176 ഐപിഎല്ലില്‍ നിന്നായി 6397 റണ്‍സാണ് അദ്ദേഹം നേടിയത്.
നാല് സെഞ്ച്വറിയും 61 ഫിഫ്റ്റിയും വാര്‍ണറിന്റെ ഐപിഎല്‍ കരിയറിലുള്ളത്. വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ട് വലിയ ആരാധകരെ സൃഷ്ടിച്ച താരമാണ് വാര്‍ണര്‍. രണ്ടാമത്തെ താരം ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്. ആദ്യ പന്തുമുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ഗപ്റ്റില്‍. മൂന്ന് ഫോര്‍മാറ്റിലും 2000ലധികം റണ്‍സ് ഗപ്റ്റിലിനുണ്ട്. ടെസ്റ്റില്‍ വലിയ കരിയറില്ലെങ്കിലും പരിമിത ഓവറില്‍ ഗംഭീര റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം.
47 ടെസ്റ്റില്‍ നിന്ന് 2586 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. മൂന്ന് സെഞ്ച്വറിയും 17 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 198 ഏകദിനം കളിച്ച ഗപ്റ്റില്‍ 7346 റണ്‍സാണ് നേടിയത്. 18 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഗപ്റ്റില്‍ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന
ഏകദിന ലോകകപ്പോടെ കളി നിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ഗപ്റ്റില്‍. ഭയമില്ലാതെ ബാറ്റുചെയ്യുന്ന ശൈലികൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ച ഗപ്റ്റിലിന്റെ കാലിന് രണ്ട് വിരലുകളില്ല. ഈ ദൗര്‍ബല്യത്തെ മറികടന്നാണ് അദ്ദേഹം കസറിയത്.
മൂന്നാമത്തെ താരം രോഹിത് ശര്‍മയാണ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡാണ് രോഹിത്തിനുള്ളത്. മധ്യനിര താരമായി തുടങ്ങി ഓപ്പണിങ്ങില്‍ ഹീറോയായി മാറിയ ബാറ്റ്‌സ്മാനാണ് രോഹിത്. 2013ലാണ് രോഹിത്തിന് ഓപ്പണിങ്ങില്‍ സ്ഥിരം സ്ഥാനം ലഭിക്കുന്നത്. 52 ടെസ്റ്റില്‍ നിന്ന് 3620 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 10 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയുമാണ് രോഹിത് ടെസ്റ്റില്‍ നേടിയെടുത്തത്. 243 ഏകദിനത്തില്‍ നിന്ന് 9825 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
30 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഏകദിന ഫോര്‍മാറ്റില്‍ രോഹിത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 3 ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും രോഹിത്തിന്റെ പേരിലുണ്ട്. 148 ടി20യില്‍ നിന്ന് 3853 റണ്‍സാണ് രോഹിത് നേടിയത്.
ഇതില്‍ നാല് സെഞ്ച്വറിയും 29 ഫിഫ്റ്റിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. ഇത്തവണ രോഹിത്തിന് കീഴിലാണ് ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങുന്നത്.