2024 കടന്ന് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. ഇന്ത്യയുടെ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനത്തോടെ കൈയടി നേടുന്നതും ഈ വര്‍ഷം കാണാന്‍ സാധിച്ചു. അതിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ഗംഭീര പ്രകടനത്തോടെ മിന്നിക്കുന്നതാണ് ഈ വര്‍ഷം കാണാനായത്.
ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറികളും ടി20യില്‍ നേടി. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമാണ് സഞ്ജു സാംസണ്‍. ഓപ്പണര്‍ റോളില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയാണ് സഞ്ജു 2025ലേക്കെത്തുന്നത്. സഞ്ജുവിന് വരുന്ന വര്‍ഷവും വലിയ പ്രതീക്ഷകളാണുള്ളത്.
ചില വമ്പന്‍ റെക്കോഡുകള്‍ അടുത്ത വര്‍ഷം സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. നേടിയെടുക്കാന്‍ പ്രയാസമാണെങ്കിലും സഞ്ജു സാംസണെ കാത്തിരിക്കുന്ന വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കൂടുതല്‍ ടി20 സെഞ്ച്വറിയുള്ള വിക്കറ്റ് കീപ്പര്‍
അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ സഞ്ജു സാംസണും ഫില്‍ സാള്‍ട്ടും തുല്യത പങ്കിടുകയാണ്. ഇംഗ്ലണ്ടുകാരനായ ഫില്‍ സാള്‍ട്ടും മൂന്ന് സെഞ്ച്വറികളാണ് ടി20യില്‍ നേടിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. ഇതില്‍ സെഞ്ച്വറി നേടി അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള വിക്കറ്റ് കീപ്പറെന്ന റെക്കോഡിടാന്‍ സഞ്ജുവിന് സാധിച്ചേക്കും.
സഞ്ജുവിന്റെ ഈ വര്‍ഷത്തെ ഫോം വരുന്ന വര്‍ഷവും തുടര്‍ന്നാല്‍ കൂടുതല്‍ ടി20 സെഞ്ച്വറിയുള്ള ഇന്ത്യക്കാരന്മാരുടെ പട്ടികയില്‍ തലപ്പത്തെത്താനും സഞ്ജുവിന് അവസരം ലഭിക്കും. അഞ്ച് സെഞ്ച്വറിയുള്ള രോഹിത് ശര്‍മയാണ് നിലവില്‍ തലപ്പത്ത്. നാല് സെഞ്ച്വറികളാണ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുള്ളത്. കരിയര്‍ ഇനിയുമേറെ ബാക്കിയുള്ള സഞ്ജുവിന് ഈ റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമുണ്ട്. അടുത്ത വര്‍ഷം തന്നെ ഈ റെക്കോഡില്‍ മുന്നിലെത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

രണ്ട് ഐസിസി കിരീടം നേടുന്ന കേരള താരം
രണ്ട് ഐസിസി കിരീടം നേടുന്ന കേരള ക്രിക്കറ്റ് താരമെന്ന റെക്കോഡില്‍ ശ്രീശാന്തിനൊപ്പമെത്താനുള്ള അവസരമാണ് സഞ്ജു സാംസണെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ ഭാഗമായിരുന്നു. ഇതിന് ശേഷം വലിയ കാത്തിരിപ്പിന് ശേഷമാണ് കേരള താരത്തിന് ഐസിസി ട്രോഫിയുടെ ഭാഗമാകാന്‍ സാധിക്കുന്നത്. സഞ്ജു 2024ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു.
ഇനി ചാമ്പ്യന്‍സ് ട്രോഫിയാണ് വരാനിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂളടക്കം പുറത്തുവന്നുകഴിഞ്ഞു. ഇനി ഇന്ത്യന്‍ ടീമില്‍ ആരൊക്കെയാണെന്നാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കപ്പടിക്കുകയും ചെയ്താല്‍ അത് ചരിത്രമാവും. ശ്രീശാന്തിന് ശേഷം രണ്ട് ഐസിസി ട്രോഫി നേടുന്ന കേരള താരമായി മാറാന്‍ സഞ്ജുവിന് സാധിക്കും.
ക്യാപ്റ്റനായി ഐപിഎല്‍ കിരീടം നേടുന്ന ആദ്യ കേരള താരം
ഇത്തവണയും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. വലിയ പൊളിച്ചെഴുത്തോടെയാണ് രാജസ്ഥാന്‍ പുതിയ സീസണിനിറങ്ങുന്നത്. ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ജോഫ്രാ ആര്‍ച്ചറടക്കം ചില സൂപ്പര്‍ താരങ്ങളെ ടീമിലേക്കെത്തിച്ചിട്ടുമുണ്ട്.
ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനായി കിരീടം നേടുന്ന ആദ്യത്തെ കേരള താരമായി സഞ്ജുവിന് മാറാന്‍ സാധിക്കും. മറ്റൊരു കേരള താരത്തിനും എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്ന നേട്ടമല്ല ഇതെന്ന് നിസംശയം പറയാം.