വീണ്ടുമൊരു ഐസിസി ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ പൂരം ഇന്ത്യയില്‍ കൊടിയേറുന്നത്. നാലു വര്‍ഷങ്ങള്‍ വീണ്ട കാത്തിരിപ്പിനൊടുവിലാണ് ടൂര്‍ണമെന്റിന്റെ വരവ്. അവസാനമായി 2019ലായിരുന്നു ലോകകപ്പ് അരങ്ങേറിയത്. അന്നു സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് ഇംഗ്ലണ്ടിനായിരുന്നു.
ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെയായിരുന്നു ഇംഗ്ലണ്ട് വീഴ്ത്തിയത്. വിരാട് കോലി നയിച്ച ഇന്ത്യയാവട്ടെ സെമി ഫൈനലില്‍ കിവികളോടു പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിന മല്‍സരങ്ങളുടെ കാര്യത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തു നിന്നും വളരെയധികം താല്‍പ്പര്യം കുറഞ്ഞിട്ടുള്ളതായി നമുക്കു കാണാന്‍ സാധിക്കും.

ടി20 മല്‍സരങ്ങളുടെ ആധിക്യവും ടെസ്റ്റില്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പെന്ന പുതിയ ടൂര്‍ണമെന്റ് അവതരിപ്പിച്ചതുമാണ് ഇതിനു വഴിയൊരുക്കിയത്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ടു ടി20 ലോകകപ്പുകളും ഒരു ഏഷ്യാ കപ്പും രണ്ടു ഡബ്ല്യുടിസി ഫൈനലുകളുമെല്ലാം നടന്നതും ഏകദിന ക്രിക്കറ്റിനു ക്ഷീണമുണ്ടാക്കി.
മുന്‍ നിര രാജ്യങ്ങളെല്ലാം ഏകദിന മല്‍സരങ്ങള്‍ ഗണ്യമായി വെട്ടിക്കുറിച്ച് ടി20കളിലും ടെസ്റ്റുകളിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഏകദിനത്തെ പലരും മറന്നു പോവുകയുമായിരുന്നു. പലപ്പോഴും ഏകദിന പരമ്പരകളില്‍ കളിക്കാന്‍ രണ്ടാംനിര ടീമുകളെയാണ് പല വലിയ രാജ്യങ്ങളും അയച്ചത്. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്തമായി ഏകദിനത്തെ കൂടുതല്‍ ഗൗരവത്തോടെ കാണുകയും ശക്തമായ ടീമുകളെ പരമ്പരകളില്‍ ഇറക്കുകയും ചെയ്ത ചില രാജ്യങ്ങളുമുണ്ട്.
ഈ ടീമുകള്‍ ഈ വര്‍ഷത്തെ ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ഏകദിന പരമ്പരകളെ പരിഗണിച്ചത്. 60നു മുകളില്‍ വിജയശരാശരി ഏകദിനത്തില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു. 2019ലെ ലോകകപ്പിനു ശേഷമുള്ള കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ 60ന് മുകളില്‍ വിജയശാശരിയുള്ള നാലു ടീമുകളെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
ഇന്ത്യക്കു ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനം മാത്രമേയുള്ളൂ. 62.7 ആണ് ടീം ഇന്ത്യയുടെ വിജയശരാശരി. കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വിജയശരാശരിയുള്ള രണ്ടു ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയേക്കാള്‍ മികച്ച വിജയ ശരാശരിയുളള ഒരു ടീം. 67.9 എന്ന തകര്‍പ്പന്‍ വിജയശരാശരി പാക് ടീമിനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലില്‍ പോലും എത്താന്‍ കഴിയാതെ പോയ ടീമാണ് പാകിസ്താന്‍. എന്നാല്‍ ലോകകപ്പിനു ശേഷം ബാബര്‍ ആസം നയിക്കുന്ന പാക് പട ഏകദിനത്തില്‍ വളര സ്ഥിരതയര്‍ന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അതിനു ശേഷമുള്ള ഏകദിന ലോകകപ്പിലുമെല്ലാം ഇതേ ഫോം തുടരാമെന്ന ശുഭപ്രതീക്ഷയിലാണ് അവര്‍.
ഏഷ്യയില്‍ നിന്നു തന്നെയുള്ള ബംഗ്ലാദേശാണ് ഏകദിനത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച ശരാശരിയുള്ള രണ്ടാമത്തെ ടീം. 65 ആണ് അവരുടെ വിജയശരാശരി. ഏകദിന ക്രിക്കറ്റില്‍ ആരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള വളരെ അപകടകാരികളായ ടീമായി ബംഗ്ലാ കടുവകള്‍ മാറിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഏകദിനത്തില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയുമെല്ലാം പരാജയപ്പെടുത്തി പരമ്പരകള്‍ നേടാന്‍ അവര്‍ക്കായിട്ടുണ്ട്. ഏകദിന പരമ്പരകളില്‍ നാട്ടിലെ പരമ്പരകളില്‍ ബംഗ്ലാദേശ് ടീം വളരെയധികം അപകടകാരികളായി മാറിയിരുന്നു.