ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും പ്രതിഭാശാലിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരിലൊരാളായിട്ടും സഞ്ജു സാംസണ്‍ ഇപ്പോഴും ടീമിന് അകത്തും പുറത്തുമായി തന്നെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര കരിയറില്‍ ഒരിക്കല്‍പ്പോലും തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ അദ്ദേഹത്തിനു ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടുമില്ല.
ഇടയ്ക്കിടെ മാത്രം ടി20, ഏകദിന ടീമുകളില്‍ വന്നുപോവുന്ന അതിഥിയുടെ റോളില്‍ സഞ്ജു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പക്ഷെ അദ്ദേഹത്തിനു ഇതില്‍ പരിഭവമോ, പരാതികളോ ഒന്നും തന്നെയില്ല. ടീമിലേക്കു വിളി വരുമ്പോള്‍ കളിക്കുക, ഇല്ലെങ്കില്‍ ഇല്ല എന്നു മാത്രമേ താന്‍ ചിന്തിക്കാറുള്ളൂവെന്നാണ് സഞ്ജു അടുത്തിടെ പറഞ്ഞത്.

ദേശീയ ടീമിനായി ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ കളിച്ചുകഴിഞ്ഞ അദ്ദേഹം ടി20യെ അപേക്ഷിച്ച് കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരിക്കുന്നത് ഏകദിനത്തിലാണ്. ഈ ഫോര്‍മാറ്റില്‍ വളരെ മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ടെന്നു കാണാം.
ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 56.67 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏകദിന കരിയറില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച മൂന്നു ഇന്നിങ്‌സുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയാണ് ഇതിലൊന്ന്. പാളിലെ ബോളന്‍ഡ് പാര്‍ക്കില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് സഞ്ജു മിന്നിച്ചത്. മല്‍സരത്തില്‍ 114 ബോളില്‍ ആറു ഫോറും ഒരു സിക്‌സറമുമടക്കം 108 റണ്‍സ് അദ്ദേഹം നേടി.
ടീം രണ്ടിനു 49ല്‍ നില്‍ക്കൊണ് സഞ്ജു ഈ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചത്. മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിനു 296 റണ്‍സെന്ന മികച്ച ടോട്ടലും പടുത്തിയര്‍ത്തി. 78 റണ്‍സിന്റെ വിജയം ഇന്ത്യ ആഘോഷിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും സഞ്ജുവായിരുന്നു.
സഞ്ജുവിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന ഇന്നിങ്‌സും സൗത്താഫ്രിക്കയ്‌ക്കെിരേയാണ്. അതു പക്ഷെ 2022ല്‍ അവര്‍ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലായിരുന്നു. ലഖ്‌നൗവില്‍ നടന്ന കളിയിലാണ് റണ്‍ചേസില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സഞ്ജു അന്നു പുറത്താവാതെ 86 റണ്‍സാണ് നേടിയത്. 63 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷത്തെ സെഞ്ച്വറിയേക്കാള്‍ മികച്ച ഇന്നിങ്‌സെന്നു ഇതിനെ വിശേഷിപ്പിക്കാം. കാരണം റണ്‍ചേസില്‍ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോള്‍ സഞ്ജു ഏറെക്കുറെ തനിച്ചു പോരാടുകയായിരുന്നു. ടീമിനെ ത്രില്ലിങ് ജയത്തിനു തൊട്ടരികെ വരെ അദ്ദേഹമെത്തിച്ചെങ്കിലും ഒമ്പതു റണ്‍സിനു വിജയം വഴുതിപ്പോവുകയായിരുന്നു. എങ്കിലും സഞ്ജുവിന്റെ പോരാട്ടവീര്യം അന്നു ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏകദിനത്തില്‍ സഞ്ജുവിന്റെ മികച്ച മൂന്നാമത്തെ ഇന്നിങ്‌സ് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് അദ്ദേഹം 41 ബോളില്‍ 51 റണ്‍സ് സ്‌കോര്‍ ചെയ്തത്. നാലു സിക്‌സറും രണ്ടു ഫോറുകളുമുള്‍പ്പെടെയായിരുന്നു ഇത്. നാലാം നമ്പറില്‍ ഇറങ്ങിയാണ് അദ്ദേഹം രണ്ടാമത്തെ ഏകദിന ഫിഫ്റ്റി കുറിച്ചത്. മല്‍സരത്തില്‍ 351 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ഇന്ത്യ എതിരാളികെ വെറും 151ന് എറിഞ്ഞിട്ട് വമ്പന്‍ ജയവും കൊയ്തിരുന്നു.