ഇന്ത്യന്‍ ക്രിക്കറ്റിലെ റോക്ക്‌സ്റ്റാറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ഒരുപോലെ മിന്നിക്കുന്ന ജഡ്ഡുവിനെപ്പോലെയൊരു താരം ലോകത്തിലെ ഏതു ടീമിന്റെയും സ്വപ്‌നമാണ്. ജഡേജയെന്നാല്‍ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണെന്നു നമുക്കു ഉറപ്പിച്ചു പറയാം. കാരണം ഈ തരത്തില്‍ എല്ലാ കഴിവുകളും ഒരുപോലെ ഒത്തിണങ്ങിയ ക്രിക്കറ്റര്‍മാരെ ലോകത്തു തന്നെ നമുക്കു അധികം കാണാന്‍ കഴിയില്ല.
കളിക്കളത്തില്‍ ഇങ്ങനെ എല്ലാ മേഖലയിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ രവീന്ദ്ര ജഡേജയെ സഹായിക്കുന്ന പ്രധാന ഘടകം ഫിറ്റ്നസാണ്. അതിശയിപ്പിക്കുന്ന ഫിറ്റ്‌നസിനു ഉടമ കൂടിയാണ് താരം. കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയുമാണ് ജഡേജ ഇതു സാധിച്ചെടുത്തത്. അദ്ദേഹത്തിന്റെ ഈ സൂപ്പര്‍ ഫിറ്റ്‌നസിനു പിന്നിലെ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്നും ഭക്ഷണ ക്രമവുമെല്ലാം നമുക്കു നോക്കാം.

രവീന്ദ്ര ജഡേജയുടെ ഭക്ഷണക്രമത്തെക്കുറിച്ച് ആദ്യമറിയാം. ശരീരക്ഷമത നിലനിര്‍ത്തുന്നതിനു വേണ്ടി വരെ കര്‍ശനമായ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. പ്രോട്ടീനുകള്‍, കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ജഡേജ പ്രത്യകം ശ്രദ്ധിക്കാറുണ്ട്.
ഒരു ദിവസം മുഴുവന്‍ വളരെ ഊര്‍ജസ്വലായി തുടരുന്നതിനു വേണ്ടി ശരീരത്തിനു മതിയായ കലോറി നല്‍കേണ്ടത് ആവശ്യവുമാണ്. ജഡേജയുടെ ഭക്ഷണത്തിന്റെ മെനു എടുക്കുകയാണെങ്കില്‍ അതില്‍ പ്രധാനപ്പെട്ടവ രണ്ടെണ്ണമാണ്. ഒന്ന് പ്രഭാത ഭക്ഷണമാണെങ്കില്‍ രണ്ടാമത്തേത് അത്താഴവുമാണ്.
ഉച്ചയ്ക്കു രവീന്ദ്ര ജഡേജ ഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. ഈ കുറവ് നികത്തുന്നതിനു വേണ്ടി മറ്റു രണ്ടു നേരങ്ങളിലും വളരെ നന്നായി തന്നെ അദ്ദേഹം ഭക്ഷണം കഴിക്കുകയും ചെയ്യും. മധുര പലഹാരങ്ങളോടു വലിയ പ്രിയമുള്ളയാള്‍ കൂടിയാണ് ജഡ്ഡുവെന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. വ്യത്യസ്ത പഞ്ചാബി വിഭവങ്ങള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ടവയാണ്. രുചികരമായ ഭക്ഷണങ്ങളോടുള്ള ഇഷ്ടം കാരണം സ്വന്തം നാടായ ഗുജറാത്തിലെ ജാംനഗറില്‍ ഒരു ഹോട്ടല്‍ തന്നെ ജഡേജയ്ക്കു സ്വന്തമായുണ്ട്.
ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പലതുമുണ്ടെങ്കിലും ഇവയൊന്നും അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നയാള്‍ കൂടിയാണ് ജഡ്ഡു. ഭക്ഷണം ആസ്വദിച്ചു കഴിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി, പക്ഷെ അതു വലപ്പോഴുമാണെന്നു മാത്രം. സ്വന്തം ഫിറ്റ്നസ് നിലനിര്‍ത്താനുള്ള ജഡേജയുടെ പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ പ്രകടമാവുന്നത്.

അദ്ദേഹത്തിന്റെ ഭക്ഷണ ക്രമത്തില്‍ വറുത്തതോ, കൂടുതല്‍ പ്രൊസസ് ചെയ്തതോ, കലോറികള്‍ കുറഞ്ഞതോ ആയവ ഒരിക്കലും ഇടം പിടിക്കാറില്ല. ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കാനും ജഡേജ ശ്രദ്ധിക്കാറുണ്ട്. സപ്ലിമെന്ററി ഡയറ്റായി മള്‍ട്ടി വിറ്റാമിനുകളും വെയ് പ്രോട്ടീനും അദ്ദേഹം കഴിക്കുകയും ചെയ്യുന്നു.
രവീന്ദ്ര ജഡേജയുടെ വര്‍ക്കൗട്ട് പ്ലാനിലേക്കു വരികയാണെങ്കില്‍ ജിമ്മില്‍ മണിക്കൂറുകളോളം അധ്വാനിക്കാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. കാര്‍ഡിയോ, ഭാരമുയര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനത്തിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. വാം അപ്പിനായി പുഷ് അപ്പുകളും പുള്‍ അപ്പുകളും എടുക്കുകയാണ് താരം ചെയ്യാറുള്ളത്.
കൂടാതെ ഫ്രീ സ്‌ക്വാറ്റ്‌സും ചെയ്യാറുണ്ട്. ഇവ ചെയ്യുന്നതിലൂടെ കായികക്ഷമത വര്‍ധിക്കുകയും കൂടുതല്‍ കരുത്തനാക്കി മാറുകയും ചെയ്യുന്നു. ഈ വര്‍ക്കൗട്ടുകള്‍ ഓരോന്നും 12 മുതല്‍ 20 വരെ സെറ്റുകള്‍ ചെയ്യാനും ജഡ്ഡു ശ്രമിക്കാറുണ്ട്.
പരിശീലന സെഷന്‍ ആരംഭിക്കും മുമ്പ് എല്ലായ്‌പ്പോഴും വാം അപ്പ് ചെയ്യാന്‍ ജഡേജ ശ്രദ്ധിക്കാറുണ്ട്. അഞ്ചു മുതല്‍ 10 മിനിറ്റ് വരെ സ്ലോ ജോഗ് ചെയ്യുന്നതിലൂടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് ഉയരുകയും ഇതു വര്‍ക്കൗട്ടിനു തയ്യാറാവാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഭാരമുയര്‍ത്തല്‍ ജഡേജയുടെ പരിശീലനത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ്. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക്, ബാര്‍ബെല്‍ റോസ്, ബാര്‍ബെല്‍ സ്ക്വാറ്റ്, ഡെഡ്‌ലിഫ്റ്റ്‌സ്, ഓവര്‍ഹെഡ് പ്രെസ്, അപ്‌റൈറ്റ് റോസ്, ബാര്‍ബെല്‍ ഹിപ്പ് ത്രസ്റ്റ്‌സ്, ബള്‍ഗേറിയന്‍ സ്പ്ലിറ്റ് സ്‌ക്വാറ്റ് എന്നിവയെല്ലാം ജഡേജ സ്ഥിരമായി ചെയ്തു വരുന്ന വെയ്റ്റ് ട്രെയ്‌നിങ്ങ് എക്‌സൈസുകളാണ്.
രവീന്ദ്ര ജഡേജയുടെ എയ്‌റോബിക് വര്‍ക്കൗട്ട് ചിട്ടയില്‍പ്പെട്ട ഒരു പ്രധാനപ്പെട്ട കാര്യം ഓട്ടമാണ്. ഇതു ഹൃദയധമനികളുടെ ആരോഗ്യം നിലനിര്‍ത്താനും ഭാരം നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു. ട്രെഡ്മില്ലിലും പുറത്തും ഓടുന്നത് ആസ്വദിക്കുന്നയാളാണ് ജഡ്ഡു. ഇതു കൂടാതെ ബോക്‌സിങും അദ്ദേഹം പരിശീലിക്കാറുണ്ട്. ഈ വര്‍ക്കൗട്ടുകളാണ് ഇത്രയും ഫിറ്റും കൂളുമായി കളിക്കളത്തില്‍ തുടരാന്‍ ജഡേജയെ സഹായിക്കുന്നത്.